"ചുംബന രംഗം പ്രശ്നമായി, സിനിമ വിടാൻ രക്ഷിത് നിർബന്ധിച്ചു"; രശ്മികയുടെ അമ്മയുടെ ഓഡിയോ ക്ലിപ്പ് ലീക്കായി, നിയമ നടപടിക്ക് നടി

രശ്മിക-രക്ഷിത് ഷെട്ടി ബ്രേക്ക് അപ്പിന്റെ കാരണം വിശദീകരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്
രശ്മിക മന്ദാന - രക്ഷിത് ഷെട്ടി വിവാഹനിശ്ചയം
രശ്മിക മന്ദാന - രക്ഷിത് ഷെട്ടി വിവാഹനിശ്ചയം
Published on
Updated on

വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹത്തിന് പിന്നാലെ നടിയുടെ പഴയ ബ്രേക്ക് അപ്പ് വീണ്ടും ചർച്ചയാകുന്നു. രശ്മികയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് അവകാശപ്പെടുന്ന പഴയൊരു ഓഡിയോ ക്ലിപ്പാണ് വീണ്ടും ഈ വിഷയം ചർച്ചയാകാൻ കാരണം. ഒരു തെലുങ്ക് സിനിമാ മാധ്യമപ്രവർത്തകന്റെ യൂട്യൂബ് ചാനലിലാണ് ഈ ഓഡിയോ പ്രത്യക്ഷപ്പെട്ടത്. കന്നഡ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായുള്ള നടിയുടെ വിവാഹം മുടങ്ങിയതിന്റെ കാരണങ്ങളാണ് ഈ ഓഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം. ഇത് വ്യാപകമായി പ്രചരിച്ചതോടെ പ്രതികരണവുമായി രശ്മികയും രംഗത്തെത്തിയിരിക്കുകയാണ്.

സുമൻ മന്ദാന മുതിർന്ന മാധ്യമപ്രവർത്തകൻ മഹേഷ് ദേവിഷെട്ടിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സുമൻ പറയുന്നത് പ്രകാരം, അന്ന് രശ്മികയ്ക്ക് പ്രായം കുറവായിരുന്നിട്ടും കുടുംബം രക്ഷിത്തുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാൽ വിവാഹനിശ്ചയ സമയത്ത് പ്രശ്നങ്ങൾ വർധിക്കുകയും കുടുംബങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാകുകയും ചെയ്തു.

ചെറിയ കാര്യങ്ങൾക്ക് പോലും രക്ഷിത് പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്നും രശ്മികയുടെ പ്രൊഫഷണലായ തീരുമാനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്നും അഭിമുഖത്തിൽ സുമൻ അവകാശപ്പെടുന്നു. 'ഗീത ഗോവിന്ദം' എന്ന സിനിമയിലേക്ക് രശ്മികയ്ക്ക് അവസരം ലഭിച്ചപ്പോൾ, താൻ അഭിനയം നിർത്തുകയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ രശ്മികയുടെ മേൽ സമ്മർദമുണ്ടായിരുന്നുവെന്നും അവർ ആരോപിക്കുന്നു. 'ഗീത ഗോവിന്ദം' റിലീസ് ചെയ്യുന്നതിന്റെ തലേദിവസം രാത്രി വൈകി രക്ഷിതും മാനേജരും വിളിച്ച്, രശ്മിക ഉടനടി ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലെത്തി നടനെ കാണണമെന്ന് ആവശ്യപ്പെട്ടതായും സുമൻ പറയുന്നു. ചിത്രത്തിലെ ചുംബനരംഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു.

രശ്മിക മന്ദാന - രക്ഷിത് ഷെട്ടി വിവാഹനിശ്ചയം
ONE LINE | മരിച്ച് ജീവിക്കുന്ന മുഖംമൂടി, 'കെന്നഡി'

ഓഡിയോ ക്ലിപ്പ് പ്രചരിച്ചതിന് പിന്നാലെ, ഈ വിഷയത്തിൽ വ്യക്തത വരുത്തിയും ഓഡിയോ പങ്കുവയ്ക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടും രശ്മിക എക്സിൽ വിശദമായ ഒരു പ്രസ്താവന പുറത്തിറക്കി.

"ഇതുവരെയുള്ള എന്റെ ഈ യാത്രയിൽ കൂടെയുള്ള പ്രിയപ്പെട്ടവർക്കും, ഈ വിഷയത്തിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കും - മാധ്യമങ്ങളിലെ ഒരു വിഭാഗവും ചില വ്യക്തികളും ചേർന്ന് എനിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും എന്നെ വേട്ടയാടാനും തുടങ്ങിയിട്ട് ഇപ്പോൾ എട്ട് വർഷമാകുന്നു. എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റുന്നതും, ഞാൻ പറയാത്ത കാര്യങ്ങൾ പോലും കള്ളക്കഥകളാക്കി മാറ്റുന്നതും, വെറും വ്യൂസിനും റീച്ചിനും വേണ്ടി വിദ്വേഷം പടർത്തുന്നതും ഞാൻ നോക്കിനിന്നിട്ടുണ്ട്.

ഇതെല്ലാം എന്നെ വേദനിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും, ഇത്രയും കാലം ഞാൻ ക്ഷമയോടെ മൗനം പാലിക്കുകയായിരുന്നു. പൊതുമധ്യത്തിൽ നിൽക്കുന്ന ഒരാളെന്ന നിലയിൽ ചിലപ്പോഴൊക്കെ അന്യായമായ വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നും, എന്നാൽ എന്നോട് തന്നെ സത്യസന്ധത പുലർത്തി സന്തോഷത്തോടെ ഇരുന്നാൽ എല്ലാം ശരിയാകുമെന്നും ഞാൻ വിശ്വസിച്ചു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന കാര്യങ്ങൾ അവഗണിക്കാൻ കഴിയാത്ത വിധം എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.

ഏകദേശം എട്ട് വർഷം മുമ്പുള്ള ഒരു പഴയ സ്വകാര്യ സംഭാഷണം, ബന്ധപ്പെട്ടവരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്യപ്പെടുകയും ഇപ്പോൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. എന്റെ വ്യക്തിജീവിതത്തിലെ പുതിയ വിശേഷങ്ങളുമായി (വിവാഹം) ഒത്തുപോകുന്ന രീതിയിൽ, തികച്ചും തന്ത്രപരമായി മറ്റൊരു വിവാദം സൃഷ്ടിക്കാൻ വേണ്ടി ആ സംഭാഷണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി വ്യാപകമായി പ്രചരിപ്പിക്കുന്നു.

ആളുകൾക്ക് എത്രത്തോളം തരംതാഴാൻ കഴിയും? ഈ പ്രവൃത്തിയിലൂടെ, ഈ കാര്യവുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ കുടുംബത്തെയും എന്നോട് സൗഹൃദബന്ധം പുലർത്തുന്നവരെയും അവർ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ കാര്യങ്ങൾ പ്രചരിപ്പിക്കലുമാണ്.

നമ്മൾ ജീവിതത്തിൽ മുന്നോട്ട് പോകുമ്പോഴും വളരുമ്പോഴും നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും, മറ്റൊരാളുടെ അന്തസും സമാധാനവും കെടുത്തിക്കൊണ്ട് വിദ്വേഷവും വിവാദവും നിർമിക്കുന്നത് നിർഭാഗ്യകരമാണ്. കഴിഞ്ഞ എട്ട് വർഷമായി ഈ ആക്രമണങ്ങൾ എനിക്കെതിരെ മാത്രമായിരുന്നപ്പോൾ ഞാൻ മൗനം പാലിച്ചു. എന്നാൽ ഇന്ന് മറ്റുള്ളവരെ കൂടി ഇതിലേക്ക് വലിച്ചിഴക്കുമ്പോൾ എനിക്ക് ഇനിയും നിശബ്ദയായിരിക്കാൻ കഴിയില്ല. ഇതിനൊരു അതിർവരമ്പ് നിശ്ചയിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു

രശ്മിക മന്ദാന - രക്ഷിത് ഷെട്ടി വിവാഹനിശ്ചയം
'ഒജി'യെ മറികടന്ന് 'ധുരന്ധർ 2'; അഡ്വാൻസ് ബുക്കിങ്ങിലൂടെ 60 കോടി കളക്ഷൻ

ഈ ഉള്ളടക്കമോ ഇതുമായി ബന്ധപ്പെട്ട കള്ളക്കഥകളോ പ്രചരിപ്പിക്കുന്ന എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളോടും ഇൻഫ്ലുവൻസേഴ്സിനോടും വ്യക്തികളോടും അവ ഉടനടി നീക്കം ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ പ്രസ്താവന പുറത്തിറക്കി 24 മണിക്കൂറിനുള്ളിൽ നിങ്ങൾ അത് ചെയ്യേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ, നാളെ മുതൽ കൃത്യമായ നിയമനടപടികൾ ആരംഭിക്കുന്നതാണ്. നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി, അപകീർത്തികരമോ സ്വകാര്യത ലംഘിക്കുന്നതോ ആയ ഉള്ളടക്കം തുടർന്നും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും ഇൻഫ്ലുവൻസേഴ്സിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും നിയമപരമായ നോട്ടീസ് അയക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇതിലുണ്ടാകും. ഈ തീരുമാനത്തെ ഞാൻ നിസാരമായി കാണുന്നില്ല, പക്ഷേ ഇത് ഇപ്പോൾ അത്യന്താപേക്ഷിതമായി തീർന്നിരിക്കുകയാണ്," നടി പ്രസ്താവനയിൽ പറഞ്ഞു.

സ്വകാര്യതയെ മാനിക്കണമെന്നും ഈ ശബ്ദശകലം ഇനിയൊരിക്കലും പങ്കുവയ്ക്കരുതെന്നും നടി മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു.

2016ൽ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം 'കിറിക് പാർട്ടി'യിലൂടെയാണ് രശ്മികയുടെ സിനിമാ അരങ്ങേറ്റം. രക്ഷിത് ആയിരുന്നു ഈ സിനിമയിലെ നായകൻ. 2017 ജൂലൈയിൽ രക്ഷിതുമായി രശ്മികയുടെ വിവാഹനിശ്ചയം നടന്നു. എന്നാൽ, 2018ൽ ഇരുവരും ഈ ബന്ധം വേണ്ടെന്നും വച്ചു. ഇതിനു പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നടി നേരിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com