സെൻസർഷിപ്പ് ഭീഷണികളെ അതിജീവിക്കും, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ആഗ്രഹിച്ചിരുന്നു: രവീന്ദ്രൻ

സർക്കാർ ഏൽപ്പിച്ച ദൗത്യം ആത്മാർഥമായി നിറവേറ്റുമെന്ന് രവീന്ദ്രൻ
ചലച്ചിത്ര അക്കാദമി ചെയർമാൻ  രവീന്ദ്രൻ
ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ആഗ്രഹിച്ച പദവിയെന്ന് നടനും രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രൻ. സർക്കാർ ഏൽപ്പിച്ച ദൗത്യം ആത്മാർഥമായി നിറവേറ്റുമെന്നും രാജ്യാന്തര ചലച്ചിത്രമേള കുറ്റമറ്റ രീതിയിൽ നടത്തുമെന്നും രവീന്ദ്രൻ വ്യക്തമാക്കി. ചലച്ചിത്രമേളകൾ സംഘടിപ്പിക്കുക തന്റെ പാഷൻ എന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

"സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നതിനപ്പുറം ആഗ്രഹിച്ചിരുന്നു എന്നത് സത്യം തന്നെയാണ്. കാരണം ഞാന്‍ ഈ ഫെസ്റ്റിവൽ തന്നെയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ കേരളം മുഴുവൻ ചലച്ചിത്രമേളകൾ ചെയ്തിട്ടുള്ള മനുഷ്യനാണ്. ആത്മാർഥമായി എന്റെ കർത്തവ്യം ഞാൻ നിറവേറ്റും," രവീന്ദ്രൻ പറഞ്ഞു. സമീപകാലത്ത് വർധിച്ചുവരുന്ന സെൻസർഷിപ്പ് ഭീഷണികളെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചലച്ചിത്ര അക്കാദമി ചെയർമാൻ  രവീന്ദ്രൻ
ചലച്ചിത്ര അക്കാദമിയെ രവീന്ദ്രൻ നയിക്കും; പ്രിയങ്കാ നായർ വൈസ് ചെയർപേഴ്‌സണ്‍

തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ലക്ഷ്യമിടുന്നത്. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് അക്കാദമിയുടെ വൈസ് ചെയർപേഴ്‌സണ്‍. നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍ ടി. ചാക്കോ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ് കുമാര്‍, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി. ചാക്കോ, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല്‍ കൗണ്‍സിലും പുന:സംഘടിപ്പിച്ചിട്ടുണ്ട്.

പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യവേ, ചലച്ചിത്ര അക്കാദമിക്ക് ഉടന്‍ ഭാരവാഹികള്‍ ഉണ്ടാകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞിരുന്നു. മേളയുടെ സമാപനത്തിന് മുൻപ് തന്നെ ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാനും ഭാരവാഹികളുമെത്തുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മണിക്കൂറുകള്‍ക്കിപ്പുറമാണ് ഉത്തരവ് പുറത്തുവന്നത്.

News Malayalam 24x7
newsmalayalam.com