

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടനും രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ സർക്കാർ നിയോഗിച്ചു. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ലക്ഷ്യമിടുന്നത്. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് അക്കാദമിയുടെ വൈസ് ചെയർപേഴ്‌സണ്‍. നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍ ടി. ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും.
ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ് കുമാര്‍, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി. ചാക്കോ, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല്‍ കൗണ്‍സിലും പുന:സംഘടിപ്പിച്ചു.
പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യവേ, ചലച്ചിത്ര അക്കാദമിക്ക് ഉടന്‍ ഭാരവാഹികള്‍ ഉണ്ടാകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞിരുന്നു. മേളയുടെ സമാപനത്തിന് മുൻപ് തന്നെ ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാനും ഭാരവാഹികളുമെത്തുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മണിക്കൂറുകള്‍ക്കിപ്പുറമാണ് ഉത്തരവ് പുറത്തുവന്നത്.