

കൊച്ചി: ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച രസകരമായ ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സംസാരവിഷയം. ലോകപ്രശസ്തനായ ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മറെ പരിചയപ്പെട്ട അനുഭവമാണ് റസൂൽ പങ്കുവച്ചിരിക്കുന്നത്. റസൂലിന് ഹാൻസിനെ പരിചയപ്പെടുത്തിയത് മറ്റാരുമല്ല, സുഹൃത്ത് കൂടിയായ എ. ആർ. റഹ്‌മാൻ ആണ്.
പക്ഷേ, ഇങ്ങനെയല്ലായിരുന്നു തന്നെ ഹാൻസിന് പരിചയപ്പെടുത്തേണ്ടിയിരുന്നത് എന്നാണ് റസൂൽ പൂക്കുട്ടി കുറിക്കുന്നത്. പറഞ്ഞതിൽ കാര്യമുണ്ടെന്ന് കുറിപ്പ് വായിക്കുമ്പോൾ ആർക്കും തോന്നിപ്പോകും. പുലർച്ചെ 3:30 നാണ് എ.ആർ. റഹ്‌മാന്റെ വീഡിയോ കോൾ റസൂലിന് വരുന്നത്. കോൾ എടുത്തതും "ഉറക്കമായിരുന്നോ" എന്നൊരു ചോദ്യം. 'അതെ' എന്ന് മറുപടി പറഞ്ഞതും "ശരി, ഹാൻസ് സിമ്മറെ പരിചയപ്പെട്ടോളൂ" എന്നായി റഹ്‌മാൻ. ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ റഹ്‌മാൻ തന്റെ ക്യാമറ മറ്റൊരാൾക്ക് നേരെ തിരിച്ചു. അതാ അവിടെ, ഒരു വെള്ള ടി-ഷർട്ട് ധരിച്ച് റസൂൽ പൂക്കുട്ടിയേയും നോക്കി "ഹായ്" എന്ന് പറഞ്ഞ് കൈവീശുന്നു! സാക്ഷാൽ ഹാൻസ് സിമ്മർ. പകുതി ഉറക്കത്തിൽ അർദ്ധനഗ്നനായിരുന്ന അവസ്ഥയിലുള്ള ആ പരിചയപ്പെടൽ തനിക്കും അദ്ദേഹത്തിനും ഒരുപോലെ നാണക്കേടായി തോന്നിയെന്ന് പറയുന്ന റസൂൽ എല്ലാം റഹ്‌മാന്റെ കുറുമ്പാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ഒന്നിക്കുന്നത് വലിയ വാർത്തയായിരുന്നു. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമ നിതേഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. ശബ്ദലേഖനത്തിനും വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ റസൂൽ പൂക്കുട്ടിയും ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാവിലെ നേരത്തെ ഉണർന്നു, അല്ലെങ്കില്‍ പുലർച്ചെ നടന്ന സംഭവത്തിന് ശേഷം പിന്നെ ഉറങ്ങിയിട്ടില്ല എന്ന് പറയുന്നതാകും ശരി.
പുലർച്ചെ 3:30 ന് എ.ആർ. റഹ്മാന്റെ ഒരു കോൾ വന്നു. അദ്ദേഹം അതീവ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു- ഒരുപക്ഷേ അദ്ദേഹം ഒരു കമ്പോസിങ് കഴിഞ്ഞതോ അല്ലെങ്കിൽ ഏതെങ്കിലും പെർഫോമൻസ് കഴിഞ്ഞതോ ആകാം, പശ്ചാത്തലം കണ്ട് എനിക്ക് കൃത്യമായി മനസിലായില്ല. പതിവുപോലെ അദ്ദേഹം എന്നെ കളിയാക്കി ചോദിച്ചു, "നീ ഉറങ്ങുകയാണോ?". ഞാൻ എഴുന്നേറ്റിരുന്ന് കണ്ണുകൾ തിരുമ്മി, അസമയത്ത് വിളിക്കുമ്പോൾ സാധാരണ മനുഷ്യർ പറയുന്നതുപോലെ പറഞ്ഞു; "അതെ സർ!" ഉടനെ അദ്ദേഹം , "ശരി, ഹാൻസ് സിമ്മറെ പരിചയപ്പെട്ടോളൂ" എന്ന് പറഞ്ഞു. ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ അദ്ദേഹം തന്റെ ക്യാമറ മറ്റൊരാൾക്ക് നേരെ തിരിച്ചു.
അതാ അവിടെ, ഹോളിവുഡിലെ അതികായൻ, ഒരു വെള്ള ടി-ഷർട്ട് ധരിച്ച് എന്നെ നോക്കി "ഹായ്" എന്ന് പറഞ്ഞ് കൈവീശുന്നു! ആ മനുഷ്യൻ തന്നെയാണോ എന്നോട് ഹായ് പറയുന്നതെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ഹാൻസ് സിമ്മറുമായുള്ള എന്റെ ആദ്യത്തെ പരിചയപ്പെടൽ ഇങ്ങനെയായിരുന്നു? എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാനായില്ല, ഞാൻ "Omg, Omg, Omg!!!" എന്ന് അലറിക്കൊണ്ടിരുന്നു. ശരിക്കുമൊരു ഫാൻ ബോയ് മൊമെന്റ്! പകുതി ഉറക്കത്തിൽ അർദ്ധനഗ്നനായിരുന്ന അവസ്ഥയിലുള്ള ആ പരിചയപ്പെടൽ എനിക്കും അദ്ദേഹത്തിനും ഒരുപോലെ നാണക്കേടായി തോന്നി. അപ്പോൾ റഹ്മാന്റെ അടുത്തിരുന്ന ഒരാൾ തമാശയായി പറഞ്ഞു, "ആളുകളെ രാത്രി ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പരസ്പരം പരിചയപ്പെടുത്തുന്ന ഒരു ശീലം എ.ആർ-നുണ്ട്!" പിന്നിൽ നിന്ന് അദ്ദേഹത്തിന്റെ ആ നിഷ്കളങ്കമായ ചിരി എനിക്ക് കേൾക്കാമായിരുന്നു. ഹാൻസ് സിമ്മറുടെ മുന്നിൽ ഞാൻ വെറുമൊരു മണ്ടനായിപ്പോയി, എനിക്ക് അതിൽ വലിയ വിഷമമുണ്ട്!
അതിനുശേഷം ഞാൻ ഉറങ്ങിയിട്ടില്ല. അതൊക്കെ ഒരു സ്വപ്നമായിരുന്നോ എന്ന് ഞാൻ ഇപ്പോഴും ആശ്ചര്യപ്പെടുകയാണ്. ജീവിതകാലം മുഴുവൻ ഓർത്തുവെക്കാവുന്ന ഈ ഓർമ സമ്മാനിച്ചതിന് നന്ദി റഹ്മാൻ സർ, പക്ഷേ ഇങ്ങനെയല്ലായിരുന്നു നിങ്ങൾ എന്നെ ഹാൻസിന് പരിചയപ്പെടുത്തേണ്ടിയിരുന്നത്! കുറുമ്പനായ എ.ആർ!