തന്റെ വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി ഗായിക റിമി ടോമി. വരന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ റിമി പുതിയ വ്ലോഗിൽ പങ്കുവച്ചു. ബോഡി ബിൽഡറും ട്രെയ്നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് റിമിയുടെ വരൻ. മുംബൈയിലെ ഡോംബിവല്ലിയിൽ നവംബറിൽ തന്നെ വിവാഹം നടക്കുമെന്ന് റിമി അറിയിച്ചു.
"നവംബറിലാണ് കല്യാണം. കല്യാണക്കുറി നിങ്ങളെ കാണിക്കാം. കല്യാണച്ചെക്കൻ ബോംബെയിൽനിന്നാണ്, ബോഡി ബിൽഡറാണ്. ട്രെയ്നറാണ്. എന്റെ ഇപ്പോഴത്തെ കോച്ചാണ്. മലയാളിയാണ്, പേര് ലിബിൻ മാത്യു. മാർച്ച് 10നാണ് ഞങ്ങൾ ഫോണിൽ സംസാരിക്കുന്നത്. മാർച്ച് 14ന് എടുത്ത ഒരു ഫോട്ടോ ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്. അതിന് മുമ്പേ തന്നെ ഫോണിൽ സംസാരിച്ച് ഇഷ്ടമായി. കല്യാണം എന്ന തീരുമാനത്തിലേക്ക് അപ്പോൾ തന്നെ എത്തി എന്നതാണ് സത്യം.
ബോംബെ ഡോംബിവല്ലി എന്ന സ്ഥലത്തായിരിക്കും കല്യാണം. ചെറിയ പള്ളിയിൽ കുഞ്ഞ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഒരു ചടങ്ങേയുള്ളൂ. ഇൻഡസ്ട്രിയിൽനിന്ന് പോലും ആരെയും വിളിക്കുന്നില്ല. അതിനുമാത്രം ആർഭാടമുള്ള കല്യാണമല്ല. ജിം ദൈവമായി കാണുന്ന ആളാണ് ലിബിൻ," ഗായിക കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസത്തെ വ്ലോഗിലാണ് റിമി താൻ വീണ്ടും വിവാഹിതയാവുന്നുവെന്ന് വെളിപ്പെടുത്തിയത്.