അവസാനമായി ഒരു മലയാളം താരാട്ട്; ഗാനകോകിലം ഇനി പാട്ടില്ലെന്ന് പറഞ്ഞ രാത്രി...

മൈസൂരുവിലെ മാനസ​ഗം​ഗോത്രി ആംഫിതിയേറ്ററിൽ നടന്ന സം​ഗീതനിശയിൽ വച്ചായിരുന്നു ആ പ്രഖ്യാപനം....
എസ്. ജാനകി
എസ്. ജാനകി
Published on
Updated on

എസ്. ജാനകി എന്ന ​ഗായിക സം​ഗീതാസ്വാദകർക്ക് പ്രായമഭേദമന്യേ 'ജാനകിയമ്മ' ആണ്. കേവല ബഹുമാന സൂചകമായി മാത്രമല്ല ആ 'അമ്മവിളി'. എല്ലാ വേദനകൾക്കും മേൽ തേനും വയമ്പും പുരട്ടിയ ഒരു സത്രീയെ 'അമ്മ' എന്നല്ലാതെ എന്ത് വിളിക്കാൻ. കേട്ടുമതിയാവാതെ ജാനകിപ്പാട്ടുകൾ നമ്മൾ കേട്ടുകൊണ്ടേയിരിക്കുന്നു. ഇനിയും, ഇനിയും... എന്ന് ആർത്തിയോടെ ആ അമ്മയോട് നമ്മൾ, കുട്ടികൾ, ചോദിച്ചുകൊണ്ടേയിരുന്നു. പക്ഷേ, പൊടുന്നനെ ഒരുനാൾ ജാനകി പാട്ട് അവസാനിപ്പിച്ചു. അതും, സ്വരം നന്നായിരിക്കെ തന്നെ!

2017 ഒക്ടോബർ 28ന് മൈസൂരുവിലെ മാനസ​ഗം​ഗോത്രി ആംഫിതിയേറ്ററിൽ നടന്ന സം​ഗീതനിശയിൽ വച്ചായിരുന്നു ആ പ്രഖ്യാപനം. എസ്. ജാനകി ചാരിറ്റബിൾ ട്രസ്റ്റ് ഫണ്ട് ശേഖരണത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിരുന്നു ഈ സം​ഗീതനിശ. ജാനകിയുടെ പാട്ട് ഒരിക്കൽ കൂടി ആരാധകസഹസ്രങ്ങൾക്കൊപ്പം കേൾക്കാൻ ജയന്തി, ഭാരതി വിഷ്ണുവർധൻ, ഹരിണി, രാജേഷ്, ശിവ്‌റാം, ഹേമ ചൗധരി എന്നിവരുൾപ്പെടെയുള്ള നിരവധി മുതിർന്ന കലാകാരന്മാരും എത്തിയിരുന്നു.

എസ്. ജാനകി
തേനും വയമ്പും നാവിൽ തൂകും വാനമ്പാടി... മലയാളത്തിന്റെ ജാനകിയമ്മ

നീലയും വെള്ളയും കലർന്ന സാരി ധരിച്ച് ജാനകിയെത്തി. മൈസൂരു കൊട്ടാരത്തിലെ രാജമാതാവ് പ്രമോദാദേവിയും എംഎൽഎ ജി.ടി. ദേവ​ഗൗഡയും ഗാനകോകിലത്തെ ആദരിച്ചു. ജാനകി തന്റെ കസേരയിലേക്ക് ചെന്നിരുന്നു. ശ്രീകൃഷ്ണന്റെ ചിത്രമുള്ള ചെറിയ പാട്ടുപുസ്തകം തുറന്ന് താൻ പാടിയ നിത്യഹരിത കന്നഡ ഗാനങ്ങൾ ഒരിക്കൽ കൂടി ആലപിക്കാൻ തുടങ്ങി. ഇരുപതിനായിരത്തിലധികം ആരാധകർ, പ്രായം പോറലേൽപ്പിക്കാത്ത ആ സ്വരമാധുര്യത്തിൽ ആവേശഭരിതരായി. ജാനകിയുടെ കണ്ണുകൾ നിറഞ്ഞു. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. 'ഭാരത ഭൂ ശിരമന്ദിര സുന്ദരി', 'മഗുവേ നിന്ന ഹൂ നഗെ', 'നാഗു നഗുതാ നീ ബരുവേ', 'ഹള്ളി മേഷ്ട്രു...പാട്ടുകൾ ഒരോന്നായി ഒഴുകിയെത്തി. കന്നഡയ്ക്ക് പിന്നാലെ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം പാട്ടുകൾ വരവായി. കയ്യടിക്കണോ കണ്ണീരണിയണോ എന്നറിയാതെ സദസ്. ഒടുവിൽ, അവരുടെ ഹൃദയം കീറിമുറിച്ചുകൊണ്ട് ആ പ്രഖ്യാപനം - "ഞാൻ പാട്ട് അവസാനിപ്പിക്കുന്നു". അപ്പോഴും ആ 79കാരിയുടെ പാട്ടിനിടയിലെ ഹ്രസ്വമായ മൗനങ്ങൾ പോലും മധുരതരമായിരുന്നു എന്നോർക്കണം!

മൈസൂരുവിലെ ഈ പരിപാടിക്ക് ഏതാനും മാസങ്ങൾക്ക് മുൻപാണ് ജാനകി ഒരു മലയാളം സിനിമയ്ക്കായി പാട്ട് പാടിയത്. അനൂപ് മേനോൻ-മീര ജാസ്മിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ '10 കൽപ്പനകൾ' എന്ന ചിത്രത്തിന് വേണ്ടി മിഥുൻ ഈശ്വർ സം​ഗീതം നൽകിയ ഈ ​ഗാനം ഒരു താരാട്ടായിരുന്നു. 1957ൽ ടി. ചലപതിറാവുവിന്റെ ഈണത്തിൽ 'പേദൈ എൻ ആസം പാഴായ ദേന...' എന്ന് വിഷാദഛായയിൽ പാടിത്തുടങ്ങിയ ജാനകി 2017 'അമ്മപ്പൂവിനും' എന്ന് മലയാളത്തിൽ പാടിയാണ് സിനിമാ പിന്നണി ​ഗാനശാഖയോട് വിടപറഞ്ഞത്. 'എന്നും നിന്നേ താരാട്ടാൻ പൊൻതൂവൽ തൊട്ടിൽ ഒരുക്കും' എന്ന് പാടിയ ജാനകി താനിനി സിനിമകളിലും പൊതുപരിപാടികളിലും പാടില്ലെന്ന് പറഞ്ഞപ്പോൾ വീണ്ടും ഒരു അമ്മപ്പാട്ടിനായി പലരും തേങ്ങി. പക്ഷേ, ജാനകിയുടെ തീരുമാനം ഉറച്ചതായിരുന്നു. പത്താം വയസിൽ നാദസ്വരവിദ്വാനായ പൈദിസ്വാമിയുടെ അടുത്ത് നിന്ന് ആരംഭിച്ച സം​ഗീതയാത്രയ്ക്ക് 79ാം വയസിൽ വിരാമം.

എസ്. ജാനകി
ഇരുപതോളം ഭാഷകളില്‍ 50,000-ത്തോളം ഗാനങ്ങള്‍; ഒരു വട്ടം കൂടി കേള്‍ക്കാന്‍ കൊതിക്കുന്ന സ്വര മാധുര്യം

ചോദിച്ചവരോടൊക്കെ വിരമിക്കാൻ സമയമായി എന്ന് ജാനകി തറപ്പിച്ചുപറഞ്ഞു. "അറുപത് വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ. ഒരുപാട് അധ്വാനിച്ചു, ഇത് വിരമിക്കാനുള്ള സമയമാണെന്ന് തോന്നുന്നു. തിരിഞ്ഞുനൊക്കുമ്പോൾ സംതൃപ്തിയുണ്ട്. വിഖ്യാതരായ സം​ഗീത സംവിധായകർക്ക് വേണ്ടി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിൽ 40,000ൽ ഏറെ പാട്ടുകൾ പാടാൻ സാധിച്ച ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ ഭാ​ഗ്യവതിയാണ്. ഇനി വിശ്രമിക്കണം. എനിക്ക് പാടാൻ കഴിയില്ല എന്നല്ല, പാടേണ്ട എന്നതാണ്. ഒരുവിധത്തിൽ അത് നല്ലതാണ്. കാരണം മറ്റ് പാട്ടുകാർക്ക് ഞാൻ ഇടംകൊടുക്കുകയാണ്," ജാനകിയമ്മ പറഞ്ഞു.

ദക്ഷിണേന്ത്യയുടെ വാനമ്പാടി വിരമിക്കൽ പ്രഖ്യാപിച്ചതും ഇന്റർനെറ്റ് ഇളകി. ​ഗായികയുടെ ആരോ​ഗ്യസ്ഥിതിയെപ്പറ്റിയായി ചർച്ചകൾ. പതിയെ അവ അതിരുകടന്നു. 'എസ്. ജാനകി അന്തരിച്ചു' എന്ന് വരെയായി. ഒടുവിൽ വ്യാജ വാർത്തകളെ തള്ളി സാക്ഷാൽ എസ്.പി. ബാലസുബ്രഹ്മണ്യം തന്നെ രംഗത്തെത്തി. ജാനകിയമ്മ നല്ല ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്നും മെലഡികളുടെ റാണി നീണാൽ വാഴട്ടേയെന്നും എസ്പിബി ഫേസ്ബുക്കിൽ കുറിച്ചു. എസ്പിബിയുടെ വാക്കുകൾ ശരിയാണ്; വർഷങ്ങൾക്കിപ്പുറം ജാനകി ഇഹലോകവാസം വെടിയുമ്പോഴും. 40,000ൽ അധികം പാട്ടുകളിലൂടെ ആ സിന്ദുരപ്പൂവ് നീണാൾ വാഴും. മനുഷ്യഹൃദയങ്ങളിൽ ഓളങ്ങൾ തീർത്ത്.

News Malayalam 24x7
newsmalayalam.com