"നൂലിഴ വ്യത്യാസത്തിൽ മമ്മൂട്ടിക്ക് നഷ്ടപ്പെട്ട ദേശീയ പുരസ്കാരങ്ങളുടെ എണ്ണമാകും കൂടുതൽ"; കുറിപ്പുമായി സലിം അഹമ്മദ്

മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് ഒരുക്കിയ 'കുഞ്ഞനന്തന്റെ കട', 'പത്തേമാരി' എന്നീ ചിത്രങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു
'പത്തേമാരി'യിൽ മമ്മൂട്ടി, 'പീക്കു'വിൽ അമിതാഭ് ബച്ചൻ
'പത്തേമാരി'യിൽ മമ്മൂട്ടി, 'പീക്കു'വിൽ അമിതാഭ് ബച്ചൻ
Published on
Updated on

കൊച്ചി: 'ആദാമിന്റെ മകൻ അബു' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക-നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടിയ സംവിധായകനാണ് സലിം അഹമ്മദ്. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഒരുക്കിയ 'കുഞ്ഞനന്തന്റെ കട', 'പത്തേമാരി' എന്നീ ചിത്രങ്ങളും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 63ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം 'പത്തേമാരി'ക്ക് ആയിരുന്നു. ഈ സിനിമയിലെ പ്രകടനത്തിന് ആ വർഷം മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, 'പീക്കു' എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാബ് ബച്ചനായിരുന്നു അക്കൊല്ലത്തെ പുരസ്കാരം.

ഇപ്പോഴിതാ, 'ഭ്രമയുഗ'ത്തിലൂടെ തന്റെ നാലാം ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയ വേളയിൽ ഒരു ഓർമക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സലിം അഹമ്മദ്. നാഷണൽ അവാർഡ് സ്വീകരിക്കുന്ന ദിവസം ഡൽഹിയിൽ വച്ച് ജൂറി അംഗങ്ങളിൽ ഒരാളുമായി നടന്ന സംഭാഷണത്തെപ്പറ്റിയാണ് സംവിധായകൻ കുറിച്ചിരിക്കുന്നത്. മികച്ച നടൻ മമ്മൂട്ടിയോ, അമിതാഭ് ബച്ചനോ? എന്ന് നിർണയിക്കുന്നതിൽ ജൂറി അനുഭവിച്ച സമ്മർദത്തെക്കുറിച്ച് അവർ തന്നോട് സൂചിപ്പിച്ചതായി കുറിപ്പിൽ സലിം അഹമ്മദ് പറയുന്നു.

'പത്തേമാരി'യിൽ മമ്മൂട്ടി, 'പീക്കു'വിൽ അമിതാഭ് ബച്ചൻ
ഇതാണ് ഞങ്ങളുടെ മഹാനടൻ! 'മമ്മൂട്ടി'യുഗം

സലിം അഹമ്മദിന്റെ കുറിപ്പ്:

പത്തേമാരിക്ക് ലഭിച്ച നാഷണൽ അവാർഡ് സ്വീകരിക്കുന്ന ദിവസം. ഡൽഹിയിൽ താമസിക്കുന്ന ഹോട്ടലിൽ നിന്നും വേദിയിലേക്ക് പോവാൻ ഹോട്ടൽ ലോബിയിൽ എത്തിയതായിരുന്നു. ഒപ്പം സംവിധായകൻ വി.കെ. പ്രകാശുമുണ്ട് . അതേ ഹോട്ടലിൽ തന്നെയായിരുന്നു ആ വർഷത്തെ ജൂറി മെമ്പേഴ്സും താമസിച്ചിരുന്നത്. അവരുമായി സംസാരിക്കുന്നതിനിടയിൽ ഒരു ജൂറി മെമ്പർ പറഞ്ഞത് ഈ ദിവസം ഞങ്ങൾ ഇവിടെ മമ്മൂട്ടിയാണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് എന്നാണ് .

ആ വർഷം, അവാർഡ്‌ നിർണയത്തിൽ അവസാന നിമിഷം വരെ 'പത്തേമാരി'യിലെ മമ്മൂക്കയേയും, 'പീക്കു' എന്ന ചിത്രത്തിലെ അമിതാഭ് ബച്ചനേയും ആയിരുന്നു മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്. അവസാനം അവരിൽ ഒരാളിലേക്ക് എത്താൻ ജൂറി അനുഭവിച്ച സമ്മർദത്തെക്കുറിച്ചും അവർ അന്ന് സൂചിപ്പിക്കുകയുണ്ടായി.

പ്രിയപ്പെട്ട മമ്മൂക്ക നിങ്ങളീ സ്വീകരിക്കാൻ പോകുന്ന നാലാമത്തെ നാഷണൽ അവാർഡിനേക്കാൾ കൂടുതലായിരിക്കും അവസാന നിമിഷം ഒരു നൂലിഴയുടെ വ്യത്യാസത്തിൽ നിങ്ങൾക്ക് നഷ്ടപ്പെട്ട ദേശീയ പുരസ്കാരങ്ങളുടെ എണ്ണം. ഇനിയും ഞങ്ങളെ വിസ്മയിപ്പിക്കാൻ പകർന്നാട്ടങ്ങൾ തുടരുക...

News Malayalam 24x7
newsmalayalam.com