

സമാന്ത റൂത്ത് പ്രഭുവിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'മാ ഇൻടി ബംഗാരം'. ജൂൺ 19ന് റിലീസ് ആയ ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ഒരു നായികാകേന്ദ്രീകൃത തെലുങ്ക് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം.
അനുഷ്ക ഷെട്ടി കേന്ദ്രകഥാപാത്രമായി എത്തി 2009ൽ പുറത്തിറങ്ങിയ 'അരുന്ധതി' എന്ന ഹൊറർ ചിത്രത്തിന്റെ റെക്കോർഡാണ് 17 വർഷങ്ങൾക്ക് ശേഷം സമാന്തയുടെ സിനിമ മറികടന്നിരിക്കുന്നത്. 'അരുന്ധതി'യുടെ ലൈഫ് ടൈം തിയേറ്ററിക്കൽ കളക്ഷൻ 70 കോടി രൂപയായിരുന്നു. എന്നാൽ, റിലീസ് ചെയ്ത് പത്താം നാൾ ( 78.71 കോടി രൂപ) 'മാ ഇൻടി ബംഗാരം' ഈ നാഴികക്കല്ല് പിന്നിട്ടു. ആഗോളതലത്തിൽ 83.12 കോടി രൂപയിലധികമാണ് സിനിമ ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്.
അതേസമയം, കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ 'ലോക: ചാപ്റ്റർ വൺ - ചന്ദ്ര' ആണ് ദക്ഷിണേന്ത്യയിലെ ഏറ്റവും അധികം കളക്ഷൻ നേടിയ സ്ത്രീ കേന്ദ്രീകൃത ചിത്രം. 300 കോടി രൂപ ആഗോള കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയ 'ലോക', കേരളത്തിൽ നിന്ന് 121 കോടി ഗ്രോസ് കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റ് പട്ടവും സ്വന്തമാക്കിയിരുന്നു.
ബി.വി. നന്ദിനി റെഡ്ഡിയാണ് 'മാ ഇൻടി ബംഗാരം' സംവിധാനം ചെയ്തിരിക്കുന്നത്. ട്രലാല മൂവിങ് പിക്ചേഴ്സിന്റെ ബാനറിൽ സമാന്ത, രാജ് നിദിമോരു, ഹിമാങ്ക് ദുവ്വുരു എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ഗുൽഷൻ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഓം പ്രകാശ് ആണ് സിനിമയുടെ ഛായാഗ്രഹണം. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു.
20 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 50 കോടിയിലധികം രൂപ നെറ്റ് കളക്ഷനാണ് നേടിയിരിക്കുന്നത്. ആന്ധ്രപ്രദേശിലും തെലങ്കാനയിലുമുള്ള കുടുംബപ്രേക്ഷകരുടെ വലിയ പിന്തുണയാണ് ചിത്രത്തിന്റെ ഈ വൻ വിജയത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.