

ചെന്നൈ: നടി സമാന്ത രൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിന് ഉള്ളിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നതെന്നാണ് സൂചന. 30ഓളം പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഞായറാഴ്ച രാത്രി മുതൽ സമാന്തയും രാജും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. രാജിന്റെ മുൻ പങ്കാളി ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് ഈ പ്രചാരണം ബലപ്പെട്ടത്. "നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു," എന്നായിരുന്നു ശ്യാമിലിയുടെ സ്റ്റോറി.
2024 മുതൽ രാജും സമാന്തയും പ്രണയത്തിലാണ് എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ വർഷം ആദ്യം രാജിനൊപ്പമുള്ള ഒരു ചിത്രം സമാന്ത പങ്കുവച്ചിരുന്നു. ഇത് വളരെ പെട്ടെന്നാണ് വൈറലായത്. ഈ വർഷം ജീവിതത്തില്‍ നടത്തിയ ധീരമായ ചുവടുവെപ്പുകളെ കുറിച്ചായിരുന്നു ഈ പോസ്റ്റ്.
രാജ് ആൻഡ് ഡികെ കോംബോയിൽ ഇറങ്ങിയ ആമസോൺ പ്രൈമിന്റെ സീരീസ് ആയ 'ഫാമിലി മാൻ' രണ്ടാം സീസണിലാണ് സമാന്തയും രാജും ആദ്യമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്. രാജ് സിരീസിന്റെ ഷോ റണ്ണർമാരിൽ ഒരാളായിരുന്നു. സമാന്ത സീരസിലെ നെഗറ്റീവ് കഥാപാത്രവും. ഈ കഥാപാത്രം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. പിന്നാലെ, രാജ് ആൻഡ് ഡികെയുടെ 'സിറ്റാഡൽ: ഹണ്ണി ബണ്ണി' എന്ന സീരീസിലും സമാന്ത കേന്ദ്ര കഥാപാത്രമായി എത്തി.
'ഫാമിലി മാൻ' സീരിസിന് ശേഷമാണ് രാജും സമാന്തയും തമ്മിൽ അടുക്കുന്നത്.
സമാന്ത നേരത്തെ നടൻ നാഗ ചൈതന്യയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ, നാല് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. തുടർന്ന് നാഗ ചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു.