

നടിമാരായ സമാന്ത റൂത്ത് പ്രഭുവും കീർത്തി സുരേഷും ഉറ്റസുഹൃത്തുക്കളാണ്. 'ബേബി ജോൺ' എന്ന ഹിന്ദി ചിത്രത്തിലെ നായികയായി കീർത്തിയുടെ പേര് നിർദേശിച്ചത് സമാന്ത ആയിരുന്നു. നടിയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നുവിത്. പല അവസരങ്ങളിലും തങ്ങളുടെ സൗഹൃദത്തെപ്പറ്റി ഇരുവരും തുറന്ന് സംസാരിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ കീർത്തി സുരേഷിന്റെ അധികമാർക്കും അറിയാത്ത രസകരമായ ഒരു വശത്തെപ്പറ്റി മനസുതുറന്നിരിക്കുകയാണ് സമാന്ത.
"പുലർച്ചെ രണ്ട് മണിയായാൽ കീർത്തിയുടെ അടുത്തുനിന്ന് ഓടി രക്ഷപ്പെടണം" എന്നാണ് സാമന്ത തമാശയായി പറഞ്ഞത്. ആ സമയത്ത് കീർത്തി അതീവ ഉന്മേഷവതിയായിരിക്കും (ഹൈപ്പർ മാക്സ്). കീർത്തി മദ്യപിക്കാറൊന്നുമില്ല, പക്ഷേ പാതിരാത്രിയായാൽ വല്ലാത്തൊരു എനർജിയിലായിരിക്കും. വെറും 0.3 സെക്കൻഡിനുള്ളിൽ തന്റെ തമാശകൾ കൊണ്ട് നടി ആരെയും തകർത്തു കളയുമെന്നും സമാന്ത പറഞ്ഞു.
നാഗ് അശ്വിൻ ഒരുക്കിയ 'മഹാനടി' എന്ന തെലുങ്ക് ചിത്രത്തിൽ സമാന്തയും കീർത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് കീർത്തിക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ബേബി ജോണി'ലേക്ക് തന്റെ പേര് നിർദേശിച്ചത് സമാന്തയാണെന്ന് കീർത്തി തന്നെയാണ് നേരത്തെ വെളിപ്പെടുത്തിയത്.
അതേസമയം, തെലുങ്ക് ചിത്രം 'മാ ഇൻടി ബംഗാരം' ആണ് സമാന്തയുടെ അടുത്ത റിലീസ്. ബി.വി. നന്ദിനി റെഡ്ഡി ആണ് ഈ ചിത്രത്തിന്റെ സംവിധാനം. 'സിറ്റാഡൽ: ഹണ്ണി ബണ്ണി', 'ദ ഫാമിലി മാൻ സീസൺ 2' എന്നീ ആമസോൺ സീരീസുകളിലൂടെ ആക്ഷൻ താര പരിവേഷം നേടിയ സമാന്തയുടെ തീർത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രമാകും സിനിമയിലേത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.സ്റ്റണ്ട് ആർട്ടിസ്റ്റുകളെ ഉപയോഗിക്കാതെ നടി തന്നെയാണ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ അഭിനയിച്ചിരിക്കുന്നത്. ഹിമന്ത് ദിവ്വുരു, സമാന്ത, പങ്കാളി രാജ് നിദിമോരു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗുൽഷൻ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.