

1993ൽ പുറത്തിറങ്ങിയ 'ഖൽനായക്' സഞ്ജയ് ദത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഖൽനായക് റിട്ടേൺസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ടീസർ റിലീസ് ഇവന്റിൽ, ഈ കൾട്ട് ക്ലാസിക് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്താണെന്ന് സഞ്ജയ് ദത്ത് വെളിപ്പെടുത്തി.
1993ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന കാലത്താണ് 'ഖൽനായക്' രണ്ടാം ഭാഗത്തെപ്പറ്റിയുള്ള ചിന്ത തുടങ്ങിയതെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. "ജയിലിൽ വച്ച് ഞാൻ ചുറ്റുമുള്ളവരോട് ചോദിച്ചു - ഈ സിനിമ കാണാൻ ആർക്കൊക്കെ താൽപ്പര്യമുണ്ട്. അവിടെയുണ്ടായിരുന്ന 4,000 തടവുകാരും സിനിമ കാണാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞു. പുതിയ 'ഖൽനായക്' കഥയെക്കുറിച്ച് ഓരോ പേജ് വീതം എഴുതാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. ആ 4,000 പേജുകളും വായിച്ചു തീർക്കാൻ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നു," സഞ്ജയ് ദത്ത് പറഞ്ഞു.
"ഞാൻ പരോളിൽ ഇറങ്ങിയപ്പോൾ ഈ കാര്യങ്ങൾ സുഭാഷ് സാറിനോട് (സുഭാഷ് ഘായ്) സംസാരിക്കുകയും അത് പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അത് വായിച്ച ശേഷം ഈ സിനിമ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു," നടൻ കൂട്ടിച്ചേർത്തു.
സഞ്ജയ് ദത്ത് ഈ സിനിമ നിർമിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് സുഭാഷ് ഘായ്‌യും പറഞ്ഞു. "ഇത് സഞ്ജുവിന്റെയും ഭാര്യ മാന്യതയുടെയും വലിയൊരു ആഗ്രഹമായിരുന്നു. ഈ ചിത്രം ആദ്യത്തേതിനേക്കാൾ മികച്ചതാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്ത് സഹായത്തിനും ഞാൻ എപ്പോഴും കൂടെയുണ്ടാകും," അദ്ദേഹം പറഞ്ഞു.
ജിയോ സ്റ്റുഡിയോസ്, ആസ്പെക്ട് എന്റർടെയ്‌ൻമെന്റ്, സഞ്ജയ് ദത്തിന്റെ ത്രീ ഡൈമൻഷൻ മോഷൻ പിക്ചേഴ്സ് എന്നിവർ സംയുക്തമായതാണ് 'ഖൽനായക് റിട്ടേൺസ്' നിർമിക്കുന്നത്. സിനിമയുടെ 72 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. വയലൻസ് നിറഞ്ഞ ആക്ഷൻ ചിത്രമായിരിക്കും 'ഖൽനായക് 2' എന്നാണ് ടീസർ നൽകുന്ന സൂചന. പരുക്കൻ ലുക്കിൽ എത്തുന്ന സഞ്ജയ് ദത്ത് തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. പഴയ ചിത്രത്തിലെ ടൈറ്റിൽ ഗാനം പാടിക്കൊണ്ട് സ്റ്റൈലിഷായി ബല്ലു നടന്നുപോകുന്നിടത്താണ് ടീസർ അവസാനിക്കുന്നത്.