

ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന് ജന്മദിനാശംസകള്‍ നേർന്ന് ശശി തരൂർ എംപി. രണ്ട് കാലഘട്ടങ്ങളിലെ നടന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു തരൂർ സ്റ്റൈലിലുള്ള പിറന്നാള്‍ ആശംസകള്‍. ബോളിവുഡിന്റെ അള്‍ട്ടിമേറ്റ് കിംഗിന് 60ാം പിറന്നാള്‍ ആശംസകള്‍ എന്ന് ചിത്രത്തിനൊപ്പം തരൂർ കുറിച്ചു.
'കൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍' എന്ന ഡേവിഡ് ഫിഞ്ചർ ചിത്രം പരാമർശിച്ചുകൊണ്ടായിരുന്നു തരൂരിന്റെ പോസ്റ്റ്. "ഈ '60' എന്ന നമ്പർ വളരെ സംശയാസ്പദമാണെന്ന് എനിക്ക് സമ്മതിക്കേണ്ടി വരുന്നു. സ്വതന്ത്ര വസ്തുതാ പരിശോധകരും ഫോറൻസിക് ഡിറ്റക്ടീവുകളും അടങ്ങുന്ന ഒരു സംഘം ഈ '60' അവകാശവാദം അന്വേഷിച്ച് ഇങ്ങനെ നിഗമനത്തിലെത്തി:"വ്യക്തമായ ദൃശ്യ തെളിവുകളുടെ സമ്പൂർണമായ അഭാവത്തിൽ - പ്രത്യേകിച്ച്, ഫോട്ടോഷോപ്പ് ചെയ്യാത്ത നരച്ച മുടിയില്ല, വേഗത കുറയുന്നതിന്റെ നിഷേധിക്കാനാവാത്ത ലക്ഷണങ്ങളില്ല, ഗണ്യമായി പ്രായം കുറഞ്ഞ ഒരാളുടെ സ്ഥിരമായ രൂപം - ഷാരൂഖ് ഖാന് 60 വയസ് തികയുന്നു എന്ന അവകാശവാദം വസ്തുതാപരമായി സ്ഥിരീകരിക്കാൻ കഴിയില്ല," തരൂർ കുറിച്ചു. 'ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ' എന്ന സിനിമയുടെ ദശാബ്ദങ്ങള്‍ നീളുന്ന, ഒരു റിയൽ ലൈഫ്, ബോളിവുഡ് പതിപ്പിൽ ഷാരൂഖ് അഭിനയിക്കുകയാണെന്നും സംശയിക്കുന്നു. അദ്ദേഹത്തിന് വിപരീതമായാണ് പ്രായമാകുന്നതെന്നും എംപി കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു.
തന്റെ വാദങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളും തരൂർ അക്കമിട്ട് നിരത്തുന്നുണ്ട്.
തരൂർ പങ്കുവച്ച തെളിലുകള്‍ ഇവ:
1. 20 വർഷം മുമ്പുള്ളതിനേക്കാൾ ഇപ്പോള്‍ അദ്ദേഹത്തി്റെ ഊർജ്ജ നില ഉയർന്നതായി തോന്നുന്നു.
2. അദ്ദേഹത്തിന്റെ ഹെയർസ്റ്റൈൽ ക്രമേണ കൂടുതൽ യുവത്വമുള്ളതായി മാറിയിരിക്കുന്നു.
3. ബേധപ്പെട്ട ഒരു ലൈറ്റിങ് ടീമിനും വിശദീകരിക്കാൻ സാധിക്കുന്ന തരത്തില്‍ പ്രായത്തിന്റേതായ ചുളിവുകൾ ഇല്ല
"'70ാം ജന്മദിനം' ആഘോഷിക്കുമ്പോഴും, ടീനേജ് റോളുകള്‍ക്കായി അദ്ദേഹം ഓഡിഷന് പോകുമെന്ന് ഞാൻ പ്രവചിക്കുന്നു. അദ്ദേഹം ഒരു ബാലതാരമായി മാറുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അവിശ്വസനീയമായ ഈ നാഴികക്കല്ലിന് അഭിനന്ദനങ്ങൾ ഷാരൂഖ്! ഭൗതികശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും വെല്ലുവിളിച്ച് വരും വർഷങ്ങളിലും ദയവായി ഞങ്ങളെയെല്ലാം ആശയക്കുഴപ്പത്തിലാക്കുക," ആശംസകള്‍ നേർന്നുകൊണ്ട് തരൂർ കുറിച്ചു.