

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെയ്പ്പ്. ഞായറാഴ്ച വൈകീട്ട് മുംബൈയിലെ ജുഹുവിലാണ് നടുക്കുന്ന സംഭവം. താരം സുരക്ഷിതനാണെന്ന് മുംബൈ പൊലീസ് അധികൃതർ അറിയിച്ചു. അതേസമയം ടൈഗർ ഷ്രോഫിന്റെ കാർ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.
ബോളിവുഡ് സൂപ്പർ താരം ജുഹുവിലെ പുഷ്പ പാർക്കിന് സമീപം ഫുട്ബോൾ കളിക്കാൻ പോയി തിരികെ വരുമ്പോഴാണ് സംഭവം നടന്നത്. പൊലീസിൻ്റെ പ്രാഥമിക വിവരമനുസരിച്ച്, രവി ബിഷ്ണോയി ഗ്യാങ്ങിലെ മൂന്ന് പേർ ടൈഗർ ഷ്രോഫിൻ്റെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. നടൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വെടിവയ്പ്പിൽ ടൈഗർ ഷ്രോഫിന് പരിക്കുകളൊന്നും പറ്റിയിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അക്രമികളെ കുറിച്ച് പൊലീസിന് ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്നുള്ള ഒരാൾ ടൈഗർ ഷ്രോഫ് തങ്ങളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നും അയാൾ ഞങ്ങളുടെ നിർദേശങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും സൽമാൻ ഖാനുമായി പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിക്കുന്ന ഒരു വീഡിയോ സംഭവത്തിന് പിന്നാലെ പുറത്തുവിട്ടിരുന്നു. ലോറൻസ് ബിഷ്ണോയിയുടെ അനുയായിയായ അനിൽ പണ്ഡിറ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആളാണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയത്. ഗുജറാത്തിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി നേരത്തെ സൽമാൻ ഖാനെ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിട്ടുള്ള ആളാണ്.