SPOTLIGHT | ബിജെപിയെ തൂത്തെറിയുമോ സിജെപി?

സൽമാൻ റുഷ്ദി പറഞ്ഞത് ഇങ്ങനെയായിരുന്നു... ''ഇന്ത്യയിൽ ഒരു കാര്യം സംഭവിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ഇന്ത്യ തിളച്ചുമറിയുകയാണ്"
SPOTLIGHT | ബിജെപിയെ തൂത്തെറിയുമോ സിജെപി?
Published on: 
Updated on: 

ഇക്കഴിഞ്ഞ 15ാം തീയതി വ്യാഴാഴ്ച ന്യൂയോർക്കിലെ ഒരു റസ്റ്ററന്‍റിൽ എഷ്യൻ അമേരിക്കൻ റൈറ്റേഴ്സ് വർക്ക്‌ഷോപ്പിനായി ഒരു ഫണ്ട് റെയിസിങ് പരിപാടി നടന്നു. ദീപാവലി ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കവും ചലചിത്ര സംവിധായിക മീരാ നായരുടെ ജന്മദിനാഘോഷവും കൂടി ഒത്തുചേർന്നൊരു സമ്മേളനമായിരുന്നു അത്. ആ പരിപാടിയിൽ സംസാരിക്കവെ ലോകപ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദി ഒരു പ്രസ്താവന നടത്തി. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അമിതാവ കുമാറാണ് ആ വാക്കുകൾ ആദ്യം ലോകത്തിന് മുന്നിലെത്തിച്ചത്.

സൽമാൻ റുഷ്ദി പറഞ്ഞത് ഇങ്ങനെയായിരുന്നു... ''ഇന്ത്യയിൽ ഒരു കാര്യം സംഭവിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ഇന്ത്യ തിളച്ചുമറിയുകയാണ്. ഒരു റസ്റ്റോറന്‍റ് പാറ്റകളെ ആഘോഷിക്കാൻ പറ്റിയ ഇടമല്ലെന്നറിയാമെങ്കിലും ഇത് പറയാതിരിക്കുന്നത് ശരിയല്ല. ഏറെക്കാലത്തിന് ശേഷം ഇന്ത്യയിലെ യുവാക്കൾ നമുക്ക് ഏറ്റവും പ്രതീക്ഷാഭരിതമായ സമയം സൃഷ്ടിച്ചിരിക്കുന്നു''. സൽമാൻ റുഷ്ദിയുടെ ഈ വാക്കുകൾ ഇന്ത്യൻ എക്സ്‌പ്രസ്, ദ പ്രിന്‍റ്, ദ സ്റ്റേറ്റ്സ്മൻ അടക്കമുള്ള മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. കാരണം സിജെപി എന്ന പ്രസ്ഥാനം ഇന്ത്യയുടെ ഭാവിയെ മാറ്റിമറിക്കാൻ പോകുന്നു എന്നതിന്‍റെ മുഖവുരയാണ് പ്രതിഭാധനനായ ആ എഴുത്തുകാരന്‍റെ വാക്കുകളെന്നത് വ്യക്തമായിരുന്നു. ഈ വിഷയമാണ് ഇന്ന് സ്പോട്ട്ലൈറ്റ് ചർച്ച ചെയ്യുന്നത്. ബിജെപിയെ തൂത്തെറിയുമോ സിജെപി?

ചരിത്രത്തിലേക്കൊരു സമയസഞ്ചാരം

ഇന്ത്യയിൽ ഇന്ന് ബിജെപി പുലർത്തുന്ന അധികാര അപ്രമാദിത്തത്തെ തകർക്കാൻ കെൽപ്പുള്ളതാണ് സിജെപി എന്ന ജെൻ-സീ പ്രസ്ഥാനമെന്ന് മനസിലാക്കാൻ നമുക്ക് ചരിത്രത്തിലേക്ക് സമയസഞ്ചാരം ചെയ്യേണ്ടതുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭരിച്ചത് 29 വർഷവും ഏഴ് മാസവും 9 ദിവസുമാണ്. മൂന്ന് പതിറ്റാണ്ടോള നീണ്ടുനിന്ന ആ ഭരണത്തിന് അറുതി വരുത്തിയത് ഇന്ത്യയിലെ ജനതാ പ്രസ്ഥാനമാണ്. ഇന്ത്യയിൽ ജനതാ പ്രസ്ഥാനം ശക്തിയാർജിച്ചതിന് ശേഷം കോൺഗ്രസ് അനിഷേധ്യ ഭൂരിപക്ഷത്തോടെ രണ്ടു തവണ മാത്രമാണ് രാജ്യം ഭരിച്ചത്. 1977ൽ കോൺഗ്രസിന്‍റെ കുത്തക തകർത്ത് അധികാരം പിടിച്ചെടുത്ത ജനതാ പാർട്ടിയുടെ ഉയർച്ചയും ഇന്നത്തെ കോക്രോച്ച് ജനതാ പാർട്ടിയുടെ ഉയർച്ചയും തമ്മിൽ അവഗണിക്കാനാവാത്ത സമാനതകളുണ്ട്.

SPOTLIGHT | ബിജെപിയെ തൂത്തെറിയുമോ സിജെപി?
വത്തിക്കാൻ രാഷ്ട്രത്തിന്റെ ദൈനംദിന ഭരണ ചുമതല ഒരു ഇന്ത്യൻ കർദ്ദിനാൾ നിർവഹിക്കുമോ?

അവഗണിക്കാനാവാത്ത സമാന്തരങ്ങൾ

കോൺഗ്രസ് ഭരണത്തെ തൂത്തെറിഞ്ഞ ജനതാ പ്രസ്ഥാനത്തിന്‍റെ തുടക്കവും വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിന്നായിരുന്നു. ഗുജറാത്തിലെ നവനിർമാൺ പ്രസ്ഥാനത്തിന്‍റെ മൂശയിലാണ് അത് വാർത്തെടുക്കപ്പെട്ടത്. 1973 ഡിസംബറിൽ മോർവി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ മെസ് ഫീസ് വർദ്ധനയ്‌ക്കെതിരെ ആരംഭിച്ച സമരം, എൽഡി എൻജിനീയറിങ് കോളേജിലേക്ക് പടർന്ന്, സർവകലാശാലകൾ വഴി ഗുജറാത്തിലാകെയും ആളിക്കത്തി. പിന്നീട് ബിഹാറിലേക്കും തുടർന്ന് രാജ്യമാകെയും പടർന്നുപിടിച്ച് വലിയൊരു മുന്നേറ്റമായി മാറി. ജയപ്രകാശ് നാരായണൻ എന്ന സോഷ്യലിസ്റ്റിന്‍റെ നേതൃത്വത്തിൽ ജനതാ മുന്നേറ്റം സമ്പൂർണ വിപ്ലവത്തിന് ആഹ്വാനം ചെയ്തു.

1977ലെ തെരഞ്ഞെടുപ്പിൽ ആ വിപ്ലവത്തിന്‍റെ കൊടുങ്കാറ്റിൽ ഉരുക്കു വനിതയായ ഇന്ദിരാ ഗാന്ധി നയിക്കുന്ന കോൺഗ്രസ് സർക്കാർ വീണു. വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭത്തിലേക്ക് സമൂഹത്തിലെ വിവിധ ധാരകളിലുള്ള പ്രസ്ഥാനങ്ങളും ജനകീയ മുന്നേറ്റങ്ങളും ഒഴുകിയെത്തിയാണ് സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തെ വിജയകരമാക്കിയത്. പക്ഷേ, പൊതുശത്രുവിനെതിരെ ഒന്നിക്കുന്നതിൽ വിജയിച്ച ജനതാ പ്രസ്ഥാനം ഭരണസഖ്യമെന്ന നിലയിൽ വിജയിച്ചില്ല. വർഗീയത എന്ന ആയുധം ആ സഖ്യത്തിനെതിരായി തേച്ചുമിനുക്കപ്പെടുന്നത് അറിയാതെ അത് അന്തഃഛിദ്രങ്ങളിലാടിയുലഞ്ഞു.

പിന്നീട് മതവർഗീയ സമവാക്യങ്ങൾ ത്വരിതപ്പെടുത്തിയ രാഷ്ട്രീയ സാഹചര്യങ്ങൾ ആ ജനതാ പ്രസ്ഥാനത്തെ തകർത്തെറിഞ്ഞപ്പോഴാണ്, അതിന്‍റെ ഭാഗം കൂടിയായിരുന്ന ജനസംഘത്തിന്‍റെ പുനർജന്മമായ ബിജെപി സംഘപരിവാർ ബലത്തിൽ ഇന്ത്യയുടെ അധികാരം പിടിച്ചെടുത്തത്. ബിജെപി കൃത്യമായ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിച്ചത് 10 വർഷങ്ങളും 14 ദിവസങ്ങളുമാണ്. 2024ൽ ബിജെപിയുടെ സീറ്റുകൾ കുറഞ്ഞെങ്കിലും എൻഡിഎ സഖ്യം കൃത്യമായ വിജയം നേടി. നരേന്ദ്ര മോദിയുടെ ഉരുക്ക് നേതൃത്വത്തിന്‍റെ കരുത്തിൽ അധികാരത്തിൽ വിരാജിക്കുന്ന ബിജെപിയുടെ ഹാട്രിക് കുതിപ്പിന് അന്ത്യം കുറിക്കുന്നത് വിദ്യാർഥി രോഷത്തിൽ നിന്ന് ആളിപ്പടർന്ന മറ്റൊരു ജനതാ പാർട്ടിയായ കോക്രോച്ച് ജനതാ പാർട്ടിയാകുമോ എന്നതാണ് ചോദ്യം. അതിനുള്ള ഉത്തരത്തിനായാണ് ചരിത്രത്തിലേക്ക് നോക്കുന്നത്. അവിടെ ചില അടയാളങ്ങളുണ്ട്.

ഭാവിയിലേക്കുള്ള ചൂണ്ടുപലകകൾ

കോക്രോച്ച് ജനതാ പാർട്ടി ഭാരതീയ ജനതാ പാർട്ടിയുടെ അധികാരത്തിന്‍റെ അന്തകരാകുമെന്നും 70കളിലെ ജനതാ പ്രസ്ഥാനവുമായി സമാനതകളുണ്ടെന്നും വിശ്വസിക്കാൻ നമുക്ക് ഡേറ്റയുടെ പിൻബലവുമുണ്ട്. ഇന്ത്യയുടെ വോട്ടർമാരിൽ നാലിലൊന്ന് 30 വയസിൽ താഴെയുള്ളവരാണ്. ബിരുദധാരികളിലെ തൊഴിലില്ലായ്മ 40 ശതമാനത്തോളമാണ്. 29 വയസു വരെയുള്ളവരിലെ തൊഴിലില്ലായ്മ 10 മുതൽ 16 ശതമാനം വരെയാണ്. നിലവിലെ രാഷ്ട്രീയ കക്ഷികൾക്ക് യുവാക്കളുടെ പ്രശ്നങ്ങളെ പ്രതിനിധീകരിക്കാൻ കഴിയുമെന്ന് 15 ശതമാനം ആളുകൾ മാത്രമാണ് വിശ്വസിക്കുന്നത്. 53 ശതമാനമാളുകൾ തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നമെന്ന് വിശ്വസിക്കുന്നു.

ഈ സാഹചര്യത്തിലാണ് തൊഴിലില്ലാത്ത യുവാക്കൾ പാറ്റകളെപ്പോലെയാണെന്നും ഇത്തിക്കണ്ണികളാണെന്നുമുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ പരാമർശങ്ങൾ എരിതീയിൽ എണ്ണയായത്. രാഷ്ട്രീയ പാർട്ടിയല്ലാത്ത ഒരു പ്രസ്ഥാനം സമരം ചെയ്ത് ഒരു മന്ത്രിയെ പുറത്താക്കുക എന്ന അപൂർവ നേട്ടവും സിജെപിയുടെ ക്രെഡിറ്റിലാണ്. അജയ്യനായ മോദിയെക്കുറിച്ചുള്ള ദേശീയ ചർച്ചകള്‍ യുവാക്കളുടെ രോഷത്തിലേക്ക് എത്തിക്കാൻ സിജെപിയ്ക്ക് കഴിഞ്ഞു. ശ്രദ്ധേയമായ മറ്റൊരു കാര്യം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാൻ സിജെപിക്ക് കഴിഞ്ഞു എന്നതാണ്. ഇവിടെയാണ് സൽമാൻ റുഷ്ദി ന്യൂയോർക്കിലെ ഒരു പ്രൗഢഗംഭീരമായ റസ്റ്റോറന്‍റിൽ വച്ച് പാറ്റ ജനതാ പാർട്ടിയെ ഇന്ന് ഇന്ത്യ ഏറ്റവും പ്രതീക്ഷ നൽകുന്ന മുന്നേറ്റമെന്ന് വിളിച്ചതിന്‍റെ പ്രസക്തി.

SPOTLIGHT | ബിജെപിയെ തൂത്തെറിയുമോ സിജെപി?
SPOTLIGHT | ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യക്ക് സുരക്ഷാ ഭീഷണിയോ ?

ചില സന്ദേഹങ്ങൾ

1977 ലെ ജനതാ മുന്നേറ്റത്തിന് ജയപ്രകാശ് നാരായൺ നെപ്പോലെയുള്ള ഒരു മഹാമേരുപോലെയുള്ള നേതാവുണ്ടായിരുന്നു. സിജെപിയാകട്ടെ വികേന്ദ്രീകൃതമാണ്. ജനതാ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാൽ സിജെപിയ്ക്ക് അത്തരത്തിൽ ഒരു പ്ലാൻ ഇല്ലെന്ന് അതിന്‍റെ സ്ഥാപക നേതാവായ അഭിജീത് ദീപ്കെ അടക്കമുള്ളവർ പറഞ്ഞിട്ടുണ്ട്. 1977 ലെ ജനതാപാർട്ടിയുടെ വിജയത്തിന് അടിയന്തരാവസ്ഥയുടെ ആധിക്യങ്ങൾ ഗുണകരമായിരുന്നു. ഇന്ന് ഭരണകൂട സംവിധാനങ്ങളുടെ നടപടികൾ അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തതാണെങ്കിലും ആ തോതിലേക്ക് കാര്യങ്ങൾ മാറുമോ എന്ന് കണ്ടറിയണം. മറ്റൊരു പ്രശ്നം ബി.ജെ.പിയുടെ സംഘടനാ ശക്തിയും സാമൂഹിക അടിത്തറയും സ്ഥാപനങ്ങളുടെ മേലുള്ള ശക്തമായ സ്വാധീനവുമാണ്. സിജെപി പ്രസ്ഥാനത്തിന്‍റെ യഥാർത്ഥ പരീക്ഷ 2029 ലായിരിക്കുമെന്ന് വ്യക്തം.

പ്രത്യാശാഭരിതമായ ചില വ്യതിയാനങ്ങൾ

ജനതാ പ്രസ്ഥാനവുമായി ആശ്ചര്യകരമായ സമാനതകൾക്കപ്പുറം സിജെപിയെ പ്രതീക്ഷയുള്ളതാക്കി മാറ്റുന്ന മറ്റ് ചില ഘടകങ്ങൾ കൂടിയുണ്ട്. നിലവിൽ ബിജെപിയ്ക്കെതിരായി പൊരുതുന്ന മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് രാജ്യത്തെ ഒരു തകർച്ചയിൽ നിന്ന് രക്ഷിച്ചെടുക്കുക എന്നതിനപ്പുറം അധികാരത്തിലെത്തുക അതുവഴി പ്രസക്തരായി തുടരുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതായത് അവർക്ക് ഒന്നിലധികം അജൻഡകളുണ്ട് എന്നർത്ഥം. അതിനായി അവർക്ക് തത്പരകക്ഷികളുടെ പിന്തുണ നിലനിർത്താനായി തത്വങ്ങളിൽ വെള്ളം ചേർക്കുകയോ വോട്ട്ബാങ്ക് ഗ്രൂപ്പുകളുടെ വിലപേശലിനോട് ഒത്തു തീർപ്പിലെത്തുകയോ ചെയ്യേണ്ടിവരും.

പ്രക്ഷോഭത്തിൽ മറ്റ് പല ഗ്രൂപ്പുകൾക്കാവട്ടെ അവരുടെ പ്രത്യയശാസ്ത്ര പ്രചാരണമെന്ന ലക്ഷ്യം കൂടിയുണ്ട്. സിജെപിയാവട്ടെ കാലത്തിന്‍റെ ആവശ്യം പോലെ ഉയർന്നുവന്ന പ്രസ്ഥാനമാണ്. അപമാനകരമായ അവസ്ഥയിലേക്ക് പോവുന്നതിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന അജൻഡയിൽ നിന്നാണ് ആ ജെൻ-സീ ജനതാ പാർട്ടി ജനിച്ചത്. ഇതാണ് ഇന്ത്യൻ ജനാധിപത്യം ഇനിയും ശക്തമായി മുന്നോട്ട് പോകും എന്ന പ്രത്യാശയ്ക്ക് കരുത്ത് പകരുന്ന വസ്തുതയും.

News Malayalam 24x7
newsmalayalam.com