

ന്യൂ ഡൽഹി: ഗായകനും നടനുമായ പ്രശാന്ത് തമാങ് (43) അന്തരിച്ചു. ഞായറാഴ്ച ന്യൂ ഡൽഹിയിലെ വസതിയിൽ വച്ച് പക്ഷാഘാതം മൂലമാണ് അന്ത്യം.
2007ലെ ഇന്ത്യൻ ഐഡൽ മൂന്നാം സീസൺ ജേതാവാകുന്നതിലൂടെയാണ് രാജ്യമെങ്ങും പ്രശാന്ത് തമാങ് പ്രശസ്തനാകുന്നത്. കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് പിന്നീട് സംഗീതത്തിലും അഭിനയത്തിലും സജീവമാകുകയായിരുന്നു.
2010ൽ റിലീസായ 'ഗൂർഖ പൾട്ടൻ' എന്ന നേപ്പാളി സിനിമയിലൂടെയാണ് സിനിമാപ്രവേശം. പിന്നാലെ, 'നിഷാനി', 'പർദേശി' തുടങ്ങി നിരവധി നേപ്പാളി സിനിമകളിലും അഭിനയിച്ചു. 'പാതാൾ ലോക്' സീസൺ 2ൽ ഡാനിയൽ ലെച്ചോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
പ്രശാന്തിന്റെ വിയോഗത്തിൽ ഡാർജിലിങ്ങിൽ നിന്നുള്ള പാർലമെന്റ് അംഗവും ബിജെപി ദേശീയ വക്താവുമായ രാജു ബിസ്ത അനുശോചിച്ചു. "ജനപ്രിയ ഗായകനും നടനുമായ പ്രശാന്ത് തമാങ്ങിന്റെ അപ്രതീക്ഷിത വിയോഗം ഗൂർഖാ സമൂഹത്തെയും കലാലോകത്തെയും ഒരുപോലെ സ്തബ്ധരാക്കിയിരിക്കുകയാണ്. ഇത് അങ്ങേയറ്റം ഹൃദയഭേദകമാണ്," രാജു ബിസ്ത പറഞ്ഞു. 2007ൽ ഇന്ത്യൻ ഐഡൽ കിരീടം ചൂടിയതിലൂടെ പ്രശാന്ത് ഇന്ത്യയിലെ ഗൂർഖാ വംശജരെ അഭിമാനഭരിതരാക്കുകയും ആ സമൂഹത്തിന് വലിയ തോതിലുള്ള അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തു. നേപ്പാളി സംഗീതത്തെയും ഗാനങ്ങളെയും മുഖ്യധാരയിൽ എത്തിക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചുവെന്നും എംപി കൂട്ടിച്ചേർത്തു.
1983 ജനുവരി നാലിന് ഡാർജിലിങ്ങിലാണ് പ്രശാന്ത് തമാങ്ങിന്റെ ജനനം. ബാല്യത്തിൽ തന്നെ പിതാവിനെ നഷ്ടമായി. പിന്നീട് കൊൽക്കത്ത പൊലീസിൽ കൊൺസ്റ്റബിളായ പ്രശാന്ത് അപ്പോഴും സംഗീതത്തെ കൈവിട്ടിരുന്നില്ല. പൊലീസ് ഓർക്കസ്ട്രയിൽ സജീവമായിരുന്നു. ഇന്ത്യൻ ഐഡൽ വിജയത്തോടെ പ്രശാന്തിന് ലഭിച്ച പ്രശസ്തി ഗൂർഖാ സമൂഹത്തിന് വലിയ ആത്മവിശ്വാസം നൽകിയ ഒന്നായിരുന്നു. പ്രശാന്ത് തമാങ്ങിന്റെ മരണത്തിൽ സിനിമ-സംഗീത രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.