

പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് ഗായകൻ ജോബ് കുര്യൻ. ജനാധിപത്യം സംരക്ഷിക്കാനായി എസ്ഐആറിനെതിരെ നിലപാടെടുക്കുന്ന എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും സംഘടനകൾക്കും താൻ ഐക്യദാർഢ്യം അറിയിക്കുന്നതായി ജോബ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നടപടികളിൽ തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്, ഓരോ വോട്ടും എണ്ണപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം. ഇത് ഉറപ്പാക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ, ജാതി-മത ഭേദമന്യേ നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച നമ്മുടെ എല്ലാ മഹത്തായ നേതാക്കളോടും സ്വാതന്ത്ര്യസമര സേനാനികളോടും കാണിക്കുന്ന തികഞ്ഞ അനാദരവും അപമാനവുമാകുമതെന്നും ജോബ് കുറിച്ചു.
കേന്ദ്ര സർക്കാരിനെതിരെയും ജോബിന്റെ കുറിപ്പിൽ വിമർശനമുണ്ട് - "മതവിദ്വേഷം പരത്തൽ, മുൻ നേതാക്കളെ കുറ്റപ്പെടുത്തൽ, സ്ഥലങ്ങളുടെ പേരുകൾ മാറ്റൽ, ഭാഷകൾ അടിച്ചേൽപ്പിക്കൽ, ഭക്ഷണ നിരോധനം നടപ്പിലാക്കൽ, സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിച്ചേക്കാവുന്ന ഒരു ഗാനത്തിന്റെ അധിക വരികൾ ആലപിക്കാൻ പൗരരെ നിർബന്ധിക്കൽ തുടങ്ങിയ നടപടികൾ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ യാതൊന്നും ചെയ്യുന്നില്ല. സാധാരണക്കാർ നേരിടുന്ന യഥാർത്ഥവും രൂക്ഷവുമായ പ്രശ്നങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ പരാജയപ്പെട്ട ഒരു സർക്കാർ ഉപയോഗിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളാണിതെന്ന് നാം തിരിച്ചറിയണം. അതുകൊണ്ട്, ഈ സർക്കാരും മാറണമെന്ന് ഞാൻ വിശ്വസിക്കുന്നു, ആ മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു," ജോബ് കുറിപ്പിൽ പറയുന്നു.
ആധുനിക കാലത്തെ ഇന്ത്യക്കാർ നിലയിൽ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടോ നേതാവിനോടോ ഉള്ള അന്ധമായ വിശ്വസ്തതയും ആരാധനയും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് അപകടകരമാണെന്ന് മനസ്സിലാക്കാനുള്ള വിശാലമനസ്കത നമുക്കുണ്ടാകണം. യഥാർത്ഥത്തിൽ, അത് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും തകർത്തുകളഞ്ഞേക്കാം. കാലക്രമേണ നമ്മുടെ ചിന്തകൾക്ക് മങ്ങലേൽക്കാം, രാഷ്ട്രീയ പാർട്ടികൾക്കും ഇതുതന്നെ സംഭവിക്കാം. അത് അടിസ്ഥാനപരമായ മനുഷ്യ മനഃശാസ്ത്രമാണ്. അതുകൊണ്ടാണ് മാറ്റം അത്യന്താപേക്ഷിതമാകുന്നത്. മാറ്റം നമ്മെ യാഥാർത്ഥ്യബോധമുള്ളവരാക്കും. ആരും ഉത്തരവാദിത്തങ്ങൾക്ക് മേലെയല്ലെന്ന് ഓർമ്മിപ്പിക്കും. രാഷ്ട്രീയ താല്പര്യങ്ങൾക്ക് അതീതമായി ചിന്തിക്കാനും, നമ്മുടെ നേതാക്കളെ വസ്തുനിഷ്ഠമായി വിലയിരുത്താനും, അവരുടെ പ്രവൃത്തികൾ സമൂഹത്തിന് ഹാനികരമാകുമ്പോൾ അവരെ മാറ്റാനും മാത്രം വിവേകം നമുക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
അവർ നമ്മെ ഭരിക്കാനല്ല, മറിച്ച് പ്രവർത്തിക്കാനാണ് ഇവിടെയുള്ളതെന്ന് നാം തിരിച്ചറിയണം. കഠിനാധ്വാനം ചെയ്ത് ഉപജീവനം കഴിക്കുന്ന നികുതിദായകരാണ് നാം. ജനാധിപത്യത്തിൽ യഥാർത്ഥ അധികാരം നമ്മൾ, ജനങ്ങളിൽ നിക്ഷിപ്തമായിരിക്കണം. ഭരണകൂടം എപ്പോഴും തങ്ങളുടെ പൗരരോട് ഉത്തരവാദിത്തമുള്ളതായിരിക്കണം. രാഷ്ട്രീയത്തിലേക്ക് മതത്തെ കൊണ്ടുവരുന്നത് തികച്ചും പ്രാകൃതവും ഭിന്നതയുണ്ടാക്കുന്നതുമായ സമീപനമാണ്. ഇത്തരം വിഭജന ആശയങ്ങളെ തള്ളിപ്പറഞ്ഞ് ഒരു രാജ്യത്തിലെ പൗരന്മാർ എന്ന നിലയിൽ നാം ഒറ്റക്കെട്ടായി നിൽക്കണം. അതിനായി ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഇത് സാധ്യമാകണമെങ്കിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകൾ അത്യാവശ്യമാണ്. ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്, ഓരോ വോട്ടും എണ്ണപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം.
ഇത് ഉറപ്പാക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ, ജാതി-മത ഭേദമന്യേ നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച നമ്മുടെ എല്ലാ മഹത്തായ നേതാക്കളോടും സ്വാതന്ത്ര്യസമര സേനാനികളോടും കാണിക്കുന്ന തികഞ്ഞ അനാദരവും അപമാനവുമാകുമത്. അതിൽ എന്റെ മുത്തശ്ശനും ഉൾപ്പെടുന്നു. സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകാത്ത സംഘടനകൾക്ക് ഇത് മനസിലായെന്ന് വരില്ല. എനിക്ക് അവരോട് പാവം തോന്നുന്നു. അവരെ ദൈവം സഹായിക്കട്ടെ.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, അത് ചോദ്യം ചെയ്യപ്പെടണം; ആവശ്യമായ തിരുത്തലുകൾ വരുത്തി വിശ്വാസ്യത വീണ്ടെടുക്കണം. ഒരു ജനാധിപത്യ രാജ്യത്തിലെ പൗരരുടെ ന്യായമായ ആഗ്രഹമാണിത്.
ആത്മവിശ്വാസവും പ്രതിബദ്ധതയുമുള്ള ഏതൊരു രാഷ്ട്രീയ പാർട്ടിയും ഈ മുന്നേറ്റത്തെ പിന്തുണയ്ക്കണം. ഇല്ലെങ്കിൽ, അവരുടെ ലക്ഷ്യങ്ങൾ സംശയിക്കപ്പെടേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവർത്തിക്കണം; ഏതെങ്കിലും സർക്കാരിന്റെ സ്വാധീനത്തിൽ നിന്ന് പൂർണ്ണമായും മുക്തമായിരിക്കണം. ഗ്യാനേഷ് കുമാറിന്റെ നടപടികളിൽ എനിക്ക് കടുത്ത ആശങ്കയുണ്ട്, അദ്ദേഹം സ്ഥാനമൊഴിയണമെന്ന് ഞാൻ വിശ്വസിക്കുന്നു.
സർക്കാരിനെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമല്ല, പൗരന്മാരോടുള്ള ഭരണകൂടത്തിന്റെ ക്രൂരത ഒരിക്കലും ന്യായീകരിക്കാനും കഴിയില്ല. എത്ര നാണംകെട്ട കാര്യമാണിത്!
ഇതിനുപുറമേ, മതവിദ്വേഷം പരത്തൽ, മുൻ നേതാക്കളെ കുറ്റപ്പെടുത്തൽ, സ്ഥലങ്ങളുടെ പേരുകൾ മാറ്റൽ, ഭാഷകൾ അടിച്ചേൽപ്പിക്കൽ, ഭക്ഷണ നിരോധനം നടപ്പിലാക്കൽ, സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിച്ചേക്കാവുന്ന ഒരു ഗാനത്തിന്റെ അധിക വരികൾ ആലപിക്കാൻ പൗരരെ നിർബന്ധിക്കൽ തുടങ്ങിയ നടപടികൾ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ യാതൊന്നും ചെയ്യുന്നില്ല.
സാധാരണക്കാർ നേരിടുന്ന യഥാർത്ഥവും രൂക്ഷവുമായ പ്രശ്നങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ പരാജയപ്പെട്ട ഒരു സർക്കാർ ഉപയോഗിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളാണിതെന്ന് നാം തിരിച്ചറിയണം. അതുകൊണ്ട്, ഈ സർക്കാരും മാറണമെന്ന് ഞാൻ വിശ്വസിക്കുന്നു, ആ മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ക്രമക്കേടുകളുള്ള തെരഞ്ഞെടുപ്പുകൾക്ക് ഈ മാറ്റം കൊണ്ടുവരാൻ കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ തിരുത്തപ്പെടണം. എസ്ഐആറിന് (SIR) എതിരെയുള്ള പ്രതിഷേധത്തിന് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജയ് ഹിന്ദ്! പ്രിയ വായനക്കാരെ, ദയവായി മറ്റുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങരുത്. പകരം, ഒരു നിമിഷം ആത്മപരിശോധന നടത്തുക.ഓരോ വ്യക്തിയുടെയും ചിന്തകളും പ്രവൃത്തികളും പ്രധാനമാണ്. അവ കൂട്ടായിട്ടാണ്, നാം കെട്ടിപ്പടുക്കുന്ന രാഷ്ട്രത്തെ രൂപപ്പെടുത്തുന്നത്. എപ്പോഴും ഓർക്കുക: വിദ്വേഷമല്ല, സ്നേഹവും സമാധാനവുമാണ് വിജയിക്കേണ്ടത്. ചുരുക്കി പറഞ്ഞാൽ, അന്ധങ്ങൾ ആകാതിരിക്കുക!"