

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് മലയാളം സിനിമാലോകത്ത് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ, പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വിനീത് ശ്രീനിവാസന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധനേടുകയാണ്.
ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയെപ്പറ്റിയുള്ള റീൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ് വിനീത് ശ്രീനിവാസൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
"എന്റെ മകൾ സ്വന്തം അവകാശങ്ങളെക്കുറിച്ച് പൂർണ ബോധ്യമുള്ളവളായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്!
ഈ ലോകത്ത് വെറും അതിജീവനത്തിനായി മാത്രം ജീവിക്കാനോ, പങ്കാളിയെ പരിചരിക്കുക മാത്രമാണ് ജീവിത ലക്ഷ്യമെന്ന് കരുതി വളരാനോ ഞാൻ അവളെ അനുവദിക്കില്ല. സ്വന്തം മൂല്യം തിരിച്ചറിയുന്ന, ആരുടെയും സഹായത്തിനോ അനുവാദത്തിനോ കാത്തുനിൽക്കാത്ത, ആരുടെയും മുന്നിൽ നിശബ്ദയാകാത്ത ഒരു സ്ത്രീയായി അവൾ വളരണം. ലോകം മുഴുവൻ എതിർത്തു നിന്നാലും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാൻ അവൾക്ക് കഴിയണം. എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഇവളെപ്പോലെ!!!" നേഹ ബോറയെ ടാഗ് ചെയ്തുകൊണ്ട് വിനീത് പങ്കുവച്ച റീലിൽ പറയുന്നു. നേഹയെപ്പറ്റി anand_remani എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന പോസ്റ്റാണിത്.
നടി നസ്രിയയും ഡൽഹിയിലെ സമരത്തിന് പിന്തുണ അറിയിച്ചു. പൊലീസ് ബാരിക്കേഡ് തള്ളിനീക്കുന്ന നേഹ ബോറയുടെ ചിത്രമുൾക്കൊള്ളുന്ന പോസ്റ്ററാണ് നസ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ‘ദസറയുടെ ആദ്യ ദിനം’ എന്ന എഴുത്തോടെയാണ് താരം പോസ്റ്റർ ഷെയർ ചെയ്തത്. തിന്മയ്ക്ക് മേൽ നന്മ വിജയം നേടുന്നതാണ് ദസറയുടെ സങ്കൽപ്പം. ഇതിനെ ഡൽഹിയിലെ സമരവുമായി ചേർത്തുവയ്ക്കുന്നതാണ് നടിയുടെ പോസ്റ്റ്.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. സമരത്തെ നേരിടാൻ ഡൽഹിയിലെ നിരോധനാജ്ഞയും കേന്ദ്രസേനാ വിന്യാസവും ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, ഗ്യാനേഷ് കുമാർ രാജിവയ്ക്കും വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർഥി സംഘടനകൾ, സിജെപി, 'ഇന്ത്യ' സഖ്യം ഉൾപ്പെടെ സമരരംഗത്തുള്ളവർ.