ചെന്നൈ: രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. ഇത്തരം ഒരു സിനിമ വരുന്നതായി കമലും രജനിയും സ്ഥിരീകരിച്ചിരുന്നു. ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഗലാട്ട സംഘടിപ്പിച്ച ഒരു അവാർഡ് നിശയില്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് ഈ ചിത്രത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സംസാരവിഷയം.
കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് ഒപ്പമാണ് സൗന്ദര്യ വേദിയിലെത്തിയത്. കമല്‍-രജനി സിനിമയുടെ അപ്ഡേറ്റ് ചോദിച്ച അവതാരകന് മറുപടി നൽകുകയായിരുന്നു സൗന്ദര്യ. "സിനിമയുടെ അപ്ഡേറ്റ് ഞങ്ങളുടെ അച്ഛന്മാർ പറയുന്നതാകും ശരി. കമല്‍ അങ്കിള്‍ നിർമിക്കുന്ന സിനിമയില്‍ അപ്പ അഭിനയിക്കുന്നുണ്ടെന്ന കാര്യം ഉറപ്പിക്കാം. അതിന്റെ ജോലികള്‍ നടക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ശരിയായ നേരത്ത് തലൈവർ തന്നെ പറയും," സൗന്ദര്യ പറഞ്ഞു. ഇരുവരും ചേർന്ന് അഭിനയിക്കുന്ന ഒരു സിനിമയ്ക്കായി തങ്ങളും കാത്തിരിക്കുകയാണെന്നായിരുന്നു ശ്രുതിയുടെ പ്രതികരണം.
കമല്‍ ഹാസന് ഒപ്പം വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന കാര്യം രജനികാന്ത് സ്ഥിരീകരിച്ചിരുന്നു. നേരത്തെ, സൈമ അവാർഡ് ദാന ചടങ്ങിൽ കമല്‍ ആണ് ഇങ്ങനെ ഒരു സിനിമയെപ്പറ്റി വെളിപ്പെടുത്തിയത്. നെല്‍സണ്‍ ദിലീപ്‍കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ആണ് അടുത്ത് റിലീസ് ആകുന്ന രജനി ചിത്രം. അതിന് ശേഷമാകും 46 വർഷമായി സിനിമാ അസ്വാദകർ കാത്തിരുന്ന ആ സിനിമ വരികയെന്നാണ് റിപ്പോർട്ടുകള്‍. 1979ല്‍ ഇറങ്ങിയ 'അലാവുദ്ദീനും അത്ഭുത വിളക്കും' ആണ് അവസാനം ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രം.
അതേസമയം, രജനി-കമല്‍ ചിത്രം ആരാകും സംവിധാനം ചെയ്യുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ലോകേഷ് കനഗരാജ് ഈ സിനിമ സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍, സംവിധായകനെ തീരുമാനിച്ചിട്ടില്ല എന്ന് രജനി പറഞ്ഞതോടെ ലോകേഷിനെ ഈ സിനിമയില്‍ നിന്നും ഒഴിവാക്കി എന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, നിർമാതാക്കളായ കമലിന്റെ രാജ് കമല്‍ ഫിലിംസ് സിനിമയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.