മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു

ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ജാനകി ഏകദേശം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
നടി സൗകാർ ജാനകി
നടി സൗകാർ ജാനകിSource: X
Published on
Updated on

മുതിർന്ന നടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.59നായിരുന്നു നിര്യാണം. നടികർ സംഘം പ്രസിഡന്റ് നാസർ ആണ് മരണവിവരം സ്ഥിരീകരിച്ചത്. അഞ്ചുമണി മുതൽ തേനാംപേട്ടിലെ സെന്റാഫ് റോഡിൽ നടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെയ്ക്കും.

ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ജാനകി ഏകദേശം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാടക വേദികളിലും സജീവമായിരുന്നു. ആദ്യ കാലങ്ങളിൽ റെഡിയോ ആർട്ടിസ്റ്റുമായിരുന്നു.

നടി സൗകാർ ജാനകി
അവസാനമായി ഒരു മലയാളം താരാട്ട്; ഗാനകോകിലം ഇനി പാട്ടില്ലെന്ന് പറഞ്ഞ രാത്രി...

ആന്ധ്രാപ്രദേശിലെ രാജമണ്ട്രിയിൽ 1931 ഡിസംബർ 12നാണ് ജാനകിയുടെ ജനനം. ശങ്കരമഞ്ചി ജാനകി എന്നാണ് യഥാർഥ പേര്. 1947ൽ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം ചെയ്തു. ചെറുപ്രായത്തിലായിരുന്നു വിവാഹം. ഗർഭിണിയായിരുന്ന സമയത്താണ് മെട്രിക്കുലേഷൻ പരീക്ഷ എഴുതിയത്. പിന്നീട് അസമിലെ ഗുവഹാത്തി സർവകലാശാലയിൽ നിന്ന് ബിരുദം നേടി.

1950ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത 'ഷാവുകാരു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാനകി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതാണ് പിന്നീട് സൗകാർ എന്ന് പരിണമിക്കുന്നതും നടിയുടെ പേരിന്റെ ഭാഗമാകുന്നതും. ടി.ആർ. സുന്ദരം സംവിധാനം ചെയ്ത 'വളയപതി' (1952) ആയിരുന്നു ആദ്യ തമിഴ് ചിത്രം. തുടർന്നുള്ള വർഷങ്ങളിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ചിത്രങ്ങളിൽ സജീവമായി. 1959ൽ ഡോ. രാജ്കുമാറിനൊപ്പം കന്നഡ സിനിമയിലെ ആദ്യ പാൻ-ഇന്ത്യൻ ചിത്രമായ 'മഹിഷാസുര മർദ്ദിനി'യിൽ അഭിനയിച്ചു. 1964ൽ പുറത്തിറങ്ങിയ 'സ്കൂൾ മാസ്റ്റർ' ആണ് ആദ്യ മലയാള ചിത്രം.

നടി സൗകാർ ജാനകി
പറവൈ കൂട്ടിൽ വാഴും മാൻ​; പ്രണയം ശ്വസിച്ച ഭാരതിരാജ

രണ്ട് നന്ദി അവാർഡുകൾ, കലൈമാമണി പുരസ്കാരം , ദക്ഷിണേന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - സൗത്ത് , ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ എന്നിവ നേടിയിട്ടുണ്ട്. ഇളയ സഹോദരി കൃഷ്ണകുമാരിയും പ്രശസ്തയായ നടിയായിരുന്നു. മക്കൾ - യഗ്ന പ്രഭാ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു.

News Malayalam 24x7
newsmalayalam.com