

ആഗോളതലത്തിൽ പ്രേക്ഷക പ്രീതി പടിച്ചുപറ്റി ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ് 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'. റിലീസ് ചെയ്ത് വെറും ആറ് ദിവസം കൊണ്ട് ആഗോളതലത്തിൽ ഒരു ബില്യൺ ഡോളറിന് മുകളിൽ കളക്ഷനാണ് ടോം ഹോളണ്ട് നായകനായ ഏറ്റവും പുതിയ മാർവൽ - സോണി ചിത്രം സ്വന്തമാക്കിയത്. 2019ൽ റിലീസ് ചെയ്ത 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
യുഎസ് ബോക്സ് ഓഫീസിലെ സർവകാല റെക്കോർഡ് സ്ഥാപിച്ചാണ് 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ കുതിപ്പ്. ഓപ്പണിങ് വീക്കെൻഡിൽ 360 മില്യൺ ഡോളർ നേടി 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' സ്ഥാപിച്ച 357.1 മില്യൺ ഡോളറിന്റെ റെക്കോർഡ് സ്പൈഡർമാൻ മറികടന്നു.
225 മില്യൺ ഡോളർ ബജറ്റിൽ നിർമിച്ച ഈ ചിത്രം, 2026ൽ ആഗോളതലത്തിൽ ഒരു ബില്യൺ ഡോളർ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമാണ്. 'ദി സൂപ്പർ മാരിയോ ഗാലക്സി മൂവി', 'മൈക്കിൾ', 'ടോയ് സ്റ്റോറി 5' എന്നിവയാണ് ഈ വർഷം ഈ നേട്ടം കൈവരിച്ച മറ്റ് ചിത്രങ്ങൾ.
'സ്പൈഡർമാൻ: ഹോംകമിങ്' (2017), 'ഫാർ ഫ്രം ഹോം' (2019), 'നോ വേ ഹോം' (2021) എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് 'ബ്രാൻഡ് ന്യൂ ഡേ'. മുൻ ചിത്രങ്ങൾ ജോൺ വാട്സ് ആണ് സംവിധാനം ചെയ്തതെങ്കിൽ ഇത്തവണ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധായകന്റെ റോളിൽ. സേഡി സിങ്ക്, ജേക്കബ് ബാറ്റലോൺ, ജോൺ ബെർന്താൽ, ഫ്ലോറൻസ് പ്യൂ, ട്രാമെൽ ടിൽമാൻ, മരീസ ടോമി, മാർക്ക് റഫലോ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 38ാമത് ചിത്രമാണിത്.