

കൊച്ചി: സിനിമാ ചിത്രീകരണത്തിനും സ്റ്റേജ് ഷോകൾക്കുമായി വമ്പന്‍ ഷൂട്ടിങ് ഫ്ലോറുമായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി. എസ്‌ഡി സ്കേപ്സ് എന്ന ഈ സംരംഭം ഇന്ന് മുതല്‍ പ്രവർത്തനം ആരംഭിക്കും. നോർത്ത് കളമശേരിയിലെ സുന്ദരഗിരിയിലാണ് ഷൂട്ടിങ് ഫ്ലോർ സജ്ജീകരിച്ചിരിക്കുന്നത്. മന്ത്രി പി. രാജീവ് എസ്‌ഡി സ്കേപ്സ് ഉദ്ഘാടനം ചെയ്തു.
ഏഴ് ഏക്കറില്‍ 17,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്റ്റീഫന്‍ ദേവസി എസ്‌ഡി സ്കേപ്സ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളാകും ഇവിടെയുണ്ടാകുക. 22 കോടി രൂപ മുതല്‍മുടക്കില്‍ മൂന്ന് വർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്.
'ഒറ്റപ്പാലം', 'സുന്ദരഗിരി' എന്നിങ്ങനെ രണ്ടു സ്റ്റുഡിയോകളാണ് എസ്‌ഡി സ്കേപ്സിലുള്ളത്. ഇന്‍ഡോർ ഷൂട്ടുകള്‍, ലൈവ് ഷോകള്‍, കോർപ്പറേറ്റ് , വിവാഹ പരിപാടികള്‍ എന്നിവയ്ക്ക് പറ്റുന്ന വിധമാണ് ഈ ഫ്ലോറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 147 അടി നീളവും 120 അടി വീതിയുമുള്ള 'ഒറ്റപ്പാലം' എന്ന ഫ്ലോറില്‍ 3000ല്‍ അധികം പേരെ ഉള്‍ക്കൊള്ളും. അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 800 പേരെ ഉള്‍ക്കൊള്ളുന്ന വിധമാണ് 'സുന്ദരഗിരി'യുടെ നിർമാണം. 400ല്‍ അധികം വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്റ്റുഡിയോയുടെ പിന്‍ഭാഗത്തേക്ക് ട്രക്കുകള്‍ക്കു പ്രവേശിക്കാനുള്ള സൗകര്യവും, ഒന്‍പതോളം ശുചിമറി, സ്റ്റോർ റൂം, ലോബി, ഗ്രീന്‍ റൂമകള്‍ എന്നീ സൗകര്യങ്ങളും എസ്‌ഡി സ്കേപ്സില്‍ ഉണ്ട്.
കോവിഡ് കാലത്തെ സമ്പൂർണ അടച്ചുപൂട്ടല്‍ ഉണ്ടാക്കിയ ആശങ്കയാണ് കലാകാരർക്ക് വേണ്ടി ഇത്തരം ഒരു സൗകര്യം ഒരുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സ്റ്റീഫന്‍ ദേവസി പറയുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് എം.ജി. ശ്രീകുമാർ തുടങ്ങിയ പ്രമുഖ ഗായകർ പങ്കെടുക്കുന്ന സംഗീത പരിപാടിയുണ്ടാകും. മോഹന്‍ലാല്‍ ആകും ചടങ്ങില്‍ മുഖ്യാതിഥി.