മദ്യപാനമോ പുകവലിയോ ഒരിക്കലും തന്റെ ജീവിതശൈലിയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം സണ്ണി ഡിയോൾ. അതിന്റെ കാരണവും നടൻ വെളിപ്പെടുത്തി. ചെറുപ്പത്തിൽ വിദേശത്ത് പഠിക്കുമ്പോൾ സുഹൃത്തുക്കൾക്കൊപ്പം കൂട്ടുകൂടാനായി മദ്യവും സിഗരറ്റും പരീക്ഷിച്ചിട്ടുണ്ടെങ്കിലും അതൊന്നും തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് നടൻ പറയുന്നത്. ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടൻ.
"ഞാൻ മദ്യം രുചിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ ഒരിക്കലും കുടിച്ചിട്ടില്ല. ചെറുപ്പത്തിൽ ഞാൻ വിദേശത്ത് പഠിക്കുമ്പോൾ എനിക്ക് ചുറ്റുമുള്ള എല്ലാവരും കുടിക്കുമായിരുന്നു. ആ പ്രായത്തിൽ, ഞാനും ഒന്ന് പരീക്ഷിച്ചു നോക്കി. പക്ഷേ, അതിന്റെ കയ്പ്പ് രുചിയും മണവും എനിക്ക് ഇഷ്ടപ്പെട്ടില്ല. തലവേദനയുമെടുക്കും. പിന്നെന്തിന് ഞാൻ കുടിക്കണം? അതെന്താണ് എനിക്ക് തരിക?," നടൻ പറഞ്ഞു. വേദനയോ സങ്കടമോ മറികടക്കാൻ മദ്യം ഉപകരിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.
1947ലെ ഇന്ത്യ-പാകിസ്ഥാൻ വിഭജന പശ്ചാത്തലത്തിൽ രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത പീരീഡ് ആക്ഷൻ 'ബട്‌വാര 1947' ആണ് സണ്ണി ഡിയോളിന്റെ ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 34.35 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ. ചിത്രത്തിന്റെ ആഗോള ഗ്രോസ് 49.02 കോടി രൂപയാണ്.
എഴുത്തുകാരൻ അസ്ഗർ വജാഹത്തിന്റെ 'ജിസ് ലാഹോർ നഹി ദേഖ്യാ ഒ ജന്മ്യാ ഹീ നഹി' എന്ന പ്രശസ്തമായ നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. പ്രീതി സിന്റ, കരൺ ഡിയോൾ, ഷബാന അസ്മി, അലി ഫസൽ, അഭിമന്യൂ സിംഗ്, കനിക കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആമിർ ഖാൻ ആണ് സിനിമയുടെ നിർമാണം.