

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സലിം കുമാറിന്റെ വിയോഗത്തിൽ സിനിമാലോകവും ആരാധകരും അതീവ ദുഃഖത്തിലാണ്. നടന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ചില ഓൺലൈൻ ചാനലുകൾ തള്ളിക്കയറിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. തള്ളിക്കയറിയവരോട് ചന്തു സലിം കുമാറിന് അൽപ്പം പരുഷമായി ഇടപെടേണ്ടിവന്നിരുന്നു. വികാരാധീനനായ ചന്തുവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് സുപ്രിയ മേനോൻ. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്ന് സുപ്രിയ ആവശ്യപ്പെട്ടു.
"തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്ന മറ്റൊരു കുടുംബം. ദുഃഖവും വേദനയും നിറഞ്ഞ ഹൃദയം തകരുന്ന നിമിഷം. എന്നാൽ ഇവിടെയും, ഈ അവസാന വിടപറച്ചിൽ ക്ലോസ്-അപ്പിൽ പകർത്താൻ, ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തേക്ക് പറക്കുന്ന കഴുകന്മാരെപ്പോലെ ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം തിക്കിതിരക്കുന്നു.
സമാധാനത്തോടെ ഒന്ന് കരയാൻ, കുറച്ച് സ്ഥലം തരൂവെന്ന് കരയുന്ന മകൻ. നമ്മൾ എന്തായിട്ടാണ് മാറിയിരിക്കുന്നത്? എല്ലാ മര്യാദകളും ഔചിത്യവും മറന്ന്, എല്ലാ കാര്യങ്ങളും തത്സമയം കണ്ടുരസിക്കാനുള്ള ഈ ആർത്തി. മനുഷ്യരെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കൂ. അവർ ഇതിനകം തന്നെ താങ്ങാനാകാത്ത വേദനയിലാണ്. സ്വയം നിയന്ത്രിക്കാനും തെറ്റുകൾ തിരുത്താനും ഇവിടെ തയ്യാറാകേണ്ടതുണ്ട്. ഇത് മാധ്യമപ്രവർത്തനമല്ല. മറിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന വൈകൃതമാണ്! അങ്ങേയറ്റം ദാരുണവും അശ്ലീലവുമാണിത്," എന്നാണ് സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
സലിം കുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾ. വൃക്കരോഗത്തെ തുടർന്ന് ഡയാലസിസ് നടത്തിയിരുന്ന നടനെ പനിയെത്തുടർന്ന് വ്യാഴാഴ്ചയാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും അതിനിടെ ഹൃദയാഘാതമുണ്ടായി. വെള്ളിയാഴ്ച രാത്രി 10.43ഓടെയായിരുന്നു അന്ത്യം. ശനിയാഴ്ച വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ആയിരങ്ങളാണ് തങ്ങളുടെ പ്രിയനടന് വിടചൊല്ലാൻ നടന്റെ 'ലാഫിങ് വില്ല' എന്ന വീട്ടിലേക്കും പൊതുദർശനം നടന്ന എറണാകുളം ടൗൺ ഹാളിലേക്കും ഒഴുകിയെത്തിയത്.