

ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ യുവനടൻ കാർത്തിക് സബേഷ് (37) അന്തരിച്ചു. കുറച്ചുനാളുകളായി കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. തമിഴിലെ പ്രശസ്ത ചലച്ചിത്ര സംഗീത കുടുംബത്തിൽ നിന്നുള്ള അംഗമാണ് കാർത്തിക്. പ്രശസ്ത സംഗീത സംവിധായക ജോഡിയായ 'സബേഷ്-മുരളി'യിലെ സബേഷിൻ്റെ മകനാണ്. തമിഴ് സിനിമയിലെ പ്രമുഖ ഗാനരചയിതാവും അടുത്തിടെ അന്തരിച്ച സംഗീത സംവിധായകനുമായ ദേവയുടെ (തേനിശൈ തെൻട്രൽ ദേവ) സഹോദരപുത്രൻ കൂടിയാണ്.
ഒരു വർഷത്തിനിടെ ഈ കുടുംബത്തിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്. കുടുംബത്തിന് തീരാനഷ്ടം സമ്മാനിച്ചുകൊണ്ടാണ് അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പേരുടെ വിയോഗമുണ്ടായി. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് കാർത്തികിൻ്റെ അമ്മാവനായ ദേവ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കാർത്തികിൻ്റെ പിതാവ് സബേഷും മരിച്ചത്.
ഡ്രീംസ് (2004) എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ കാർത്തിക്, സിലമ്പരസൻ ചിത്രമായ 'വല്ലവൻ' (2006) എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടർന്ന് കുളിർ 100°, കാതൽ സൊല്ല വന്തേൻ, പട്ടത്തു യാനൈ, ഉദയം എൻ.എച്ച് 4, ബർമ്മ തുടങ്ങി നിരവധി സിനിമകളിൽ സഹനടനായും കോമഡി വേഷങ്ങളിലും അഭിനയിച്ചു. തമിഴ് നടൻ ജയ് കാർത്തികിൻ്റെ കസിൻ സഹോദരനാണ്.
ഭാര്യ: രമ്യ. മക്കൾ: ബ്രിഷാനിതാര, ഹൈറാനിതാര. ചെന്നൈയിലെ വളസരവാക്കത്തുള്ള ശ്മശാനത്തിൽ വൈകുന്നേരം 4.30 ഓടെ സംസ്കാര ചടങ്ങുകൾ നടക്കും. കാർത്തിക് സബേഷിൻ്റെ അകാല വിയോഗത്തിൽ തമിഴ് ചലച്ചിത്ര ലോകം ആദരാഞ്ജലികൾ അർപ്പിച്ചു.