"ഞങ്ങൾ കേരളത്തിന് പിന്നാലെയല്ല, പക്ഷേ..."; വിവാദങ്ങളിൽ 'കേരള സ്റ്റോറി 2' നിർമാതാവ്

'കേരള സ്റ്റോറി 2'വിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന വിമർശനത്തിൽ പ്രതികരിച്ച് നിർമാതാവ്
'കേരള സ്റ്റോറി 2' നിർമാതാവ് വിപുൽ അമൃത്ലാൽ ഷാ
'കേരള സ്റ്റോറി 2' നിർമാതാവ് വിപുൽ അമൃത്ലാൽ ഷാSource: ANI
Published on
Updated on

ന്യൂ ഡൽഹി: 'കേരള സ്റ്റോറി 2' കേരളത്തിന് എതിരല്ലെന്നും സംസ്ഥാനത്തുള്ള 'തിന്മ' തുടച്ചുനീക്കാനാണ് ആഗ്രഹിക്കുന്നതെന്നും നിർമാതാവ് വിപുൽ അമൃത്ലാൽ ഷാ. സംസ്ഥാനത്തും രാജ്യത്താകമാനവും നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന നിലപാടാണ് നിർമാതാവ് സ്വീകരിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്ന് തിരക്കഥ എഴുതിയ ചിത്രം ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് സംവിധാനം ചെയ്യുന്നത്. സിനിമയിലൂടെ കേരളത്തിനും ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും എതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന വിമർശനങ്ങളിലും വിപുൽ അമൃത്ലാൽ ഷാ പ്രതികരിച്ചു.

"ഞങ്ങൾ കേരളത്തിന് പിന്നാലെയല്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്... ആ സംസ്ഥാനത്തുള്ള ഈ തിന്മ എത്രയും വേഗം തുടച്ചുനീക്കപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 32,000 എന്ന കണക്ക് തെറ്റാണെന്ന് പറഞ്ഞ് ചിലർ ആദ്യ സിനിമയെ വിമർശിച്ചിരുന്നു. ഈ കണക്കിനെക്കുറിച്ച് ഞങ്ങൾ ഒരു വീഡിയോ ചെയ്ത് യൂട്യൂബിൽ ഇട്ടിട്ടുണ്ട്, അത് ഇപ്പോൾ ലഭ്യമാണ്. ഞങ്ങൾ പേരുകൾ ചേർക്കുകയും കണക്കുകൾ കാണിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെ കൈവശം ഞങ്ങളേക്കാൾ കൂടുതൽ കണക്കുകൾ ഉണ്ടായിരിക്കണം. പക്ഷേ സിനിമ റിലീസ് ചെയ്തതിന് ശേഷം കർശനമായ നടപടികളൊന്നും എടുത്തതായി ഞങ്ങൾ കേട്ടിട്ടില്ല... 'കേരള സ്റ്റോറി 2' കേരളത്തിന് അപ്പുറത്തേക്ക് പോവുകയും ഇന്ത്യയിലുടനീളം നടക്കുന്ന കൃത്രിമമായ മതപരിവർത്തനത്തിന്റെ വലിയ ഗൂഢാലോചനയെ തുറന്നുകാട്ടുകയും ചെയ്യുന്നു. ഇതിന്റെ കേന്ദ്ര പ്രമേയം 'കേരള സ്റ്റോറി'ക്ക് സമാനമായതിനാലാണ് ഞങ്ങൾ ഇതിന് 'കേരള സ്റ്റോറി 2' എന്ന് പേരിട്ടത്... ഇതുവരെ ഈ സിനിമയ്ക്ക് ഭീഷണികളൊന്നുമില്ല," എന്നാണ് വിപുൽ അമൃത്ലാൽ ഷാ എഎൻഐയോട് പറഞ്ഞത്.

'കേരള സ്റ്റോറി 2' നിർമാതാവ് വിപുൽ അമൃത്ലാൽ ഷാ
'ജന നായകന്' സെൻസർ ബോർഡിന്റെ കട്ട്, 'കേരള സ്റ്റോറി'കൾക്ക് ക്ലാപ്പ്; ഇതെന്ത് നീതി?

വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ട്രെയ്‌ലർ റിലീസിന് പിന്നാലെ 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം, 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടി'നെതിരെ ഉയരുന്നത്. അതിരൂക്ഷ ഭാഷയിലാണ് സിനിമയെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളാ മാതൃകയെ ഭയക്കുന്നവരാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് എങ്ങനെയെന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. കല-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും സിനിമാ ആസ്വാദകരും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

'കേരള സ്റ്റോറി 2' വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും സമർപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നോട്ടീസിൽ നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 'യുഎ' സർട്ടിഫിക്കറ്റാണ് ' ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com