"വിജയ്‌യെ പരിഹസിക്കുന്നു"; 'ടിഎൻ 2026' ടീസറിന് വിമർശനം, ബിജെപി - ഡിഎംകെ ഗൂഢാലോചനയെന്ന് ടിവികെ

നാട്ടി നടരാജ് ആണ് 'ടിഎൻ 2026' സിനിമയിൽ 'സൂപ്പർ താര' വേഷത്തിൽ എത്തുന്നത്
വിജയ്, 'ടിഎൻ 2026' ടീസർ
വിജയ്, 'ടിഎൻ 2026' ടീസർ
Published on
Updated on

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തിറങ്ങിയ 'ടിഎൻ 2026' എന്ന ചിത്രത്തിന്റെ ടീസർ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യെ ടീസറിൽ പരിഹസിക്കുന്നു എന്നാണ് പ്രധാന ആരോപണം.

'ഗോൾഡൻ സ്റ്റാർ കുൽക്കന്ത് കുമാർ' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ടീസർ മുന്നോട്ടുപോകുന്നത്. സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സൂപ്പർ താരമായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം വിജയ്‌യുടെ രൂപവും ചലനങ്ങളും അനുകരിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ ആരാധകർ ചൂണ്ടിക്കാട്ടി.

നാട്ടി നടരാജ് ആണ് ഈ 'സൂപ്പർ താര' വേഷത്തിൽ എത്തുന്നത്. വിജയ്‌യുടെ രൂപത്തോട് സാമ്യം തോന്നിക്കും വിധം വെള്ള ഷർട്ടും ഖാക്കി പാന്റും സാൾട്ട് ആൻഡ് പെപ്പർ ലുക്കും ആണ് നടന് നൽകിയിരിക്കുന്നത്. ഇതിന് പുറമേ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും പ്രസംഗങ്ങളും സൂചിപ്പിക്കുന്ന നിരവധി സന്ദർഭങ്ങൾ 'ടിഎൻ 2026' ടീസറിൽ കാണാം.

വിജയ്, 'ടിഎൻ 2026' ടീസർ
"ഇത് 'ആദിപുരുഷ്' രണ്ടാം ഭാഗമാണോ?" 'രാമായണ' ടീസറിന് സോഷ്യൽ മീഡിയയിൽ ട്രോൾ

സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ചലച്ചിത്ര താരത്തിന്റെ സിനിമാപ്രവേശത്തെ പരിഹസിക്കുന്നതായും ടീസറിൽ കാണിക്കുന്നുണ്ട്. റെഡിൻ കിംഗ്‌സ്‌ലി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു രാഷ്ട്രീയ പ്രസംഗത്തിൽ സിനിമയിലെ സൂപ്പർ താരത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. "ഡേയ് സിനിമക്കാരൻ ചെക്കാ, ഇത് തമിഴ്‌നാടാണ്. ഇവിടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നത് നല്ലതാണ്, അതിൽ തെറ്റൊന്നുമില്ല. പക്ഷേ, നിനക്കിവിടം ഭരിക്കാമെന്നാണോ വിചാരം?," എന്നാണ് റെഡിൻ കഥാപാത്രത്തിന്റെ ഡയലോഗ്.

'ഓം ശക്തി പരാശക്തി...' എന്ന വാചകത്തോടെയാണ് ടീസർ അവസാനിക്കുന്നത്. അടുത്തിടെ നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ ഡിഎംകെയെ വിമർശിക്കാൻ വിജയ് ഉപയോഗിച്ച വാചകമാണിത്.

'ടിഎൻ 2026' ടീസറിന് പിന്നിൽ ബിജെപിയുടെയും ഡിഎംകെയുടെയും സംയുക്ത ഗൂഢാലോചനയുണ്ടെന്നാണ് ടിവികെ നേതാവ് ആദവ് അർജുന ആരോപിക്കുന്നത്. വിജയ്‌യുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്ന് ആദവ് പറഞ്ഞു. "ജനനായകൻ എന്ന സിനിമ റിലീസ് ചെയ്യാൻ കഴിയാത്തപ്പോൾ, ഇതുപോലെ രാഷ്ട്രീയ ചായ്‌വുള്ള ഒരു ചിത്രം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എങ്ങനെ റിലീസ് ചെയ്യാൻ സാധിക്കും? ഇത് ഡിഎംകെയും ബിജെപിയും ചേർന്ന് നടത്തുന്ന നീക്കമാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലാകുന്നില്ലേ? ജനങ്ങൾ ഈ സിനിമയെ ഗൗനിക്കില്ല. ഇതിനുമുമ്പ് അവർ 'പരാശക്തി' പുറത്തിറക്കിയിരുന്നു. അത് ഒരു ദിവസം പോലും ഓടിയില്ല. ഈ സിനിമയ്ക്കും സമാനമായ വിധിയായിരിക്കും ഉണ്ടാകുക," ടിവികെ നേതാവ് പറയുന്നു.

സിനിമയിൽ വിജയ്‌യെ മോശമായി ചിത്രീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, സിനിമയിലൂടെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ടിവികെ പ്രവർത്തകരുടെ വാദം.

ഉമാപതി രാമയ്യ ആണ് 'ടിഎൻ 26' സിനിമയുടെ സംവിധാനം. കണ്ണർ രവി ഗ്രൂപ്‌സിന്റെ ബാനറിൽ കണ്ണൻ രവിയാണ് നിർമാണം. സഹ നിർമാണം - ദീപക് രവി. റെഡിൻ കിംഗ്‌സ്‌ലി, തമ്പി രാമയ്യ, എം.എസ്. ഭാസ്‌കർ, ഇളവരശ്, ശ്രീത റാവു, ചാന്ദിനി തമിഴരശൻ, യാഷിക ആനന്ദ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഏപ്രിൽ 10നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com