

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് നല്ല കാര്യമെന്ന് നടന്‍ ടൊവിനോ തോമസ്. തൃശൂരില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. കേസ് ഫയലോ കുറ്റകൃത്യത്തെ കുറിച്ചോ നേരിട്ട് അറിയില്ല. കോടതി വിധിയെ വിശ്വസിക്കണം എന്നാണ് തനിക്ക് തോന്നുന്നത്. അതിന് അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന് താനും കാത്തിരിക്കുകയാണ്. ആര് തെറ്റ് ചെയ്തിട്ടുണ്ടോ അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ പറഞ്ഞു.
കോടതി എല്ലാ ശരിയായി മനസിലാക്കി എന്നാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും അമ്മ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരന്‍ പറഞ്ഞത്. വിധിയിലുള്ളത് കോടതിയുടെ അറിവും ബോധ്യവും ആണെന്നായിരുന്നു സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം. നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെല്ലാം ശിക്ഷിക്കപ്പെട്ടെന്നും കോടതി വിധിയെ ബഹുമാനിക്കുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ജോയ് മാത്യു പ്രതികരിച്ചു. വിചാരണ കോടതി വിധിക്ക് എതിരെ അപ്പീല്‍ പോകണമെന്നും ദിലീപിനെ അമ്മയില്‍ തിരിച്ച് എടുക്കുന്നതില്‍ വലിയ നടപടി ക്രമം ഉണ്ടെന്നും ജോയ് മാത്യു പറഞ്ഞു.