ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് തമിഴ്‌നാട്ടിൽ ആരാധകർ താരത്തിന്റെ പേരിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി. തിരുനെൽവേലിയിലാണ് 'ഇളയ പുരട്ചി തലൈവി തൃഷ പേരവൈ' എന്ന പേരിൽ ആരാധകർ പുതിയ കൂട്ടായ്മ ആരംഭിച്ചത്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ പ്രശസ്തമായ 'പുരട്ചി തലൈവി' എന്ന വിശേഷണത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സംഘടനയ്ക്ക് പേരിട്ടിരിക്കുന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സംഘടനയുടെ കോർഡിനേറ്ററായ രാജഗോപാലാണ് പേരും ലോഗോയും ഔദ്യോഗികമായി പുറത്തുവിട്ടത്. അധികാര സ്ഥാനങ്ങൾ തേടുന്നതിന് പകരം തമിഴ് ജനതയുടെ അവകാശങ്ങൾക്കായി പോരാടുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃഷയുടെ സമ്മതത്തോടെയാണ് പേരവൈ രൂപീകരിച്ചതെന്നാണ് ആരാധകരുടെ അവകാശവാദം. എന്നാൽ പുതിയ സംഘടനയെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ തൃഷ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തൃഷ ഉടൻ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി വിജയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷയെന്ന് മുന്‍പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മറ്റു പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയത് വലിയ വാർത്തയായിരുന്നു.
ഇതിനിടെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് തൃഷ പണ്ട് പറഞ്ഞ ഒരു അഭിമുഖവും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിട്ടുണ്ട്. 2004-ൽ സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു, "എനിക്ക് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായാൽ കൊള്ളാം, പത്ത് വർഷത്തിനുള്ളിൽ ഞാൻ ചിലതൊക്കെ നേടിയെടുക്കും" എന്ന് താരം തമാശരൂപേണ പ്രതികരിച്ചത്. മുഖ്യമന്ത്രിയായാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് "ആദ്യം നിങ്ങൾ എനിക്ക് വോട്ട് ചെയ്ത് ജയിപ്പിക്കൂ, എന്നിട്ട് പറയാം" എന്നായിരുന്നു അന്ന് തൃഷയുടെ മറുപടി. ആരാധകരുടെ പുതിയ നീക്കം തമിഴ്‌നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.