"ഞങ്ങൾ അങ്ങേയറ്റം വിനീതരാണ്"; ദലൈ ലാമയുടെ 'മെഡിറ്റേഷൻസി'നെ സംഗീതമാക്കിയ ഉസ്താദ് അംജദ് അലി ഖാൻ

ആദ്യ ഗ്രാമി സ്വന്തമാക്കി ലാമ ചരിത്രം രചിച്ചപ്പോൾ അത് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിനും അഭിമാനിക്കാവുന്ന നിമിഷമായി മാറി
ദലൈ ലാമയ്ക്ക് ഒപ്പം ഉസ്താദ് അംജദ് അലി ഖാനും മക്കളും
ദലൈ ലാമയ്ക്ക് ഒപ്പം ഉസ്താദ് അംജദ് അലി ഖാനും മക്കളും
Published on
Updated on

കൊച്ചി: നിരവധി ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് കഴിഞ്ഞ ദിവസം 68ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഹോളിവുഡ് ഇതിഹാസം സ്റ്റീവൻ സ്പിൽബർഗ്, കെ പോപ്പ് ബാൻഡായ Huntr/x എന്നിവർ തങ്ങളുടെ കന്നി ഗ്രാമി സ്വന്തമാക്കി. അപ്പോഴും, ലോകം ശ്രദ്ധിച്ചത് ഒരു 90കാരന്റെ പുരസ്കാര നേട്ടമാണ്. മറ്റാരുമല്ല, ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈ ലാമ.

തന്റെ ആദ്യ ഗ്രാമി സ്വന്തമാക്കി ലാമ ചരിത്രം രചിച്ചപ്പോൾ അത് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിനും അഭിമാനിക്കാവുന്ന നിമിഷമായി മാറി. 'മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദ ദലൈ ലാമ' എന്ന ഓഡിയോ ബുക്കിനാണ് അംഗീകാരം. ഓഡിയോ ബുക്ക് നറേഷൻ ആൻഡ് സ്റ്റോറിടെല്ലിങ് റെക്കോർഡിങ് വിഭാഗത്തിലാണ് പുരസ്കാരം. ഈ ഓഡിയോ ബുക്കിന്റെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയത് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ ഇതിഹാസമായ സരോദ് വാദകൻ ഉസ്താദ് അംജദ് അലി ഖാനും മക്കൾ അമാൻ അലി ബംഗാഷും അയാൻ അലി ബംഗാഷും ചേർന്നാണ്.

"ഞങ്ങൾ അങ്ങേയറ്റം വിനീതരാണ്" എന്നായിരുന്നു പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ഉസ്താദ് അംജദ് അലി ഖാന്റെ പ്രതികരണം.

"ദലൈ ലാമയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ അങ്ങേയറ്റം വിനീതരാണ്. അദ്ദേഹത്തിന്റെ സമാധാനത്തിന്റെയും കരുണയുടെയും പ്രത്യാശയുടെയും സന്ദേശം ഞങ്ങളുടെ സംഗീതത്തെ മാത്രമല്ല, ഞങ്ങളുടെ ജീവിതത്തെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു," അംജദ് അലി ഖാൻ പറഞ്ഞു.

ദലൈ ലാമയ്ക്ക് ഒപ്പം ഉസ്താദ് അംജദ് അലി ഖാനും മക്കളും
സംഗീതത്തില്‍ പിറന്ന ആത്മീയ, തത്വ ചിന്തകള്‍; ദലൈ ലാമയ്ക്ക് 'മെഡിറ്റേഷന്‍സ്' നല്‍കിയ അപൂര്‍വ നേട്ടം

അമാൻ അലി ബംഗാഷിനെ സംബന്ധിച്ചിടത്തോളം, ഈ പ്രോജക്ട് തൊഴിൽപരമായ നേട്ടത്തിനപ്പുറം വൈകാരികവും കലാപരവുമായ യാത്ര കൂടിയായിരുന്നു. "ഇത് ആഴത്തിലുള്ള ഒരു വൈകാരിക അനുഭവമായിരുന്നു—മനുഷ്യന്റെ ആത്മാവിനെ ഉയർത്താൻ കലയ്ക്കുള്ള അപാരമായ കഴിവിനെ ഇത് നമ്മെ ഓർമിപ്പിക്കുന്നു." എന്നാണ് അമാൻ പറഞ്ഞത്. അയാൻ അലി ബംഗാഷും സമാനമായാണ് പ്രതികരിച്ചത്. ശബ്ദത്തിലൂടെ ദലൈലാമയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കാനാണ് തങ്ങൾ ബോധപൂർവ്വം ശ്രമിച്ചതെന്ന് അയാൻ പറഞ്ഞു.

ദലൈ ലാമയുടെ പതിറ്റാണ്ടുകളായുള്ള ആത്മീയ ഉപദേശങ്ങളും ചിന്തകളും, ഹൃദയഹാരിയായ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതായിരുന്നു 'മെഡിറ്റേഷന്‍സ്'. 10 അധ്യായങ്ങളാണ് ഈ ഓഡിയോ ബുക്കിനുള്ളത്. ഹാര്‍ട്ട്, വണ്‍നെസ്, ഹാര്‍മണി, കൈന്‍ഡ്‌നെസ്, വാട്ടര്‍, മൈന്‍ഡ്, ഹെല്‍ത്ത്, പീസ്, എസ്സെന്‍സ്, ജേണി എന്നിങ്ങനെയാണ് അധ്യായങ്ങള്‍. സമാധാനം, സ്നേഹം, ദയ, അനുകമ്പ, സന്തോഷം, സൗഹൃദം, ഐക്യം, ആരോഗ്യം, പ്രത്യാശ, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ദലൈ ലാമ സംസാരിക്കുന്നത്. ഈ വിവരണത്തിന് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതമാണ് മറ്റൊരു ഭാവതലം പകർന്നത്.

അമേരിക്കന്‍ ഗായികയും നടിയുമായ ആന്‍ഡ്ര ഡേ, അമേരിക്കന്‍ ജാസ് സാക്സോഫോണിസ്റ്റ് ടെഡ് നാഷ്,കോസ്റ്റാറിക്കന്‍ ഗായക ഡെബി നോവ, അമേരിക്കന്‍ ഗായിക മാഗി റോജേഴ്‌സ്, അമേരിക്കന്‍ പെര്‍ക്കഷനിസ്റ്റ് ടോണി സുക്കാര്‍, കനേഡിയന്‍-അമേരിക്കന്‍ ഗായകന്‍ റൂഫസ് വെയ്‌ന്‍‌റൈറ്റ് എന്നിവരും ആല്‍ബത്തില്‍ സഹകരിച്ചിട്ടുണ്ട്. അമേരിക്കന്‍ എഴുത്തുകാരനും സംഗീതജ്ഞനും ചലച്ചിത്രകാരനും 13 ഗ്രാമി പുരസ്കാര ജേതാവുമായ കബീര്‍ സെഗാളാണ് മെഡിറ്റേഷന്‍സിന്റെ നിര്‍മാണം.

ദലൈ ലാമയ്ക്ക് ഒപ്പം ഉസ്താദ് അംജദ് അലി ഖാനും മക്കളും
ഷാജി കൈലാസിന്റെ തല്ലുമാല; ഏഴ് ആക്ഷൻ കൊറിയോഗ്രാഫേഴ്‌സുമായി 'വരവ്'

കഴിഞ്ഞ ഓഗസ്റ്റില്‍, ദലൈ ലാമയ്ക്ക് 90 തികഞ്ഞതിനു പിന്നാലെയായിരുന്നു മെഡിറ്റേഷന്‍സ് പുറത്തിറക്കിയത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച്, നാല് പതിറ്റാണ്ടോളം കഴിയുമ്പോഴാണ് ദലൈ ലാമയെ തേടി ഗ്രാമി പുരസ്കാരം എത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com