

ചെന്നൈ: പ്രശസ്ത തമിഴ് കവിയും സിനിമാ ഗാനരചയിതാവുമായ വൈരമുത്തുവിന് നേരെ യുവതി ചെരുപ്പെറിഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തിരുപ്പൂരിൽ നടന്ന പരിപാടിക്കിടെയായിരുന്നു ഗാനരചയിതാവിന് നേരെയുള്ള ചെരുപ്പേറ്. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, സംഭവത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വൈരമുത്തു.
ജില്ലാ കളക്ടർ ഓഫീസിന് സമീപം നടന്ന സ്വീകരണ ചടങ്ങിലേക്ക് എത്തിയപ്പോഴാണ് വൈരമുത്തുവിന് നേരെ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും യുവതി ചെരുപ്പ് എറിഞ്ഞത്. 45 വയസുകാരിയായ ജയ ആണ് ചെരുപ്പെറിഞ്ഞത്. ചെരുപ്പ് വൈരമുത്തുവിന്റെ ശരീരത്തിൽ കൊണ്ടില്ല. അത് ആൾക്കൂട്ടത്തിനിടയിലേക്ക് വീഴുകയായിരുന്നു. സംഭവത്തെത്തുടർന്ന് ചടങ്ങിൽ അൽപ്പനേരം പരിഭ്രാന്തി പടർന്നെങ്കിലും പിന്നീട് പരിപാടി തുടർന്നു.
നേരത്തെ നൽകിയ ചില പരാതികളിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കളക്ടറേറ്റിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു ജയ. ഈ സമയത്താണ് അവിടെയെത്തിയ വൈരമുത്തുവിനെ സ്വീകരിക്കാൻ തടിച്ചുകൂടിയവർക്കിടയിലേക്ക് യുവതി ചെരുപ്പെറിഞ്ഞത്. എന്നാൽ, സംഭവത്തിന് ശേഷം വൈരമുത്തു സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആദ്യ കുറിപ്പിൽ ഈ അനിഷ്ട സംഭവത്തെക്കുറിച്ച് പരാമർശമില്ല.
"തിരുപ്പൂരിൽ വെട്രി തമിഴർ പേരവൈയുടെ (വിക്ടോറിയസ് തമിഴ്സ് ഫെഡറേഷൻ) നേതൃത്വത്തിൽ 'വള്ളുവരുടെ വചനങ്ങൾ, വൈരമുത്തുവിന്റെ പ്രഭാഷണം' എന്ന പേരിൽ ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചു. എവിപി ഓഡിറ്റോറിയത്തിൽ ആയിരത്തിലധികം സ്കൂൾ-കോളേജ് വിദ്യാർഥികൾ ഒത്തുകൂടിയിരുന്നു. വെട്രി തമിഴർ പേരവൈ പ്രസിഡന്റ് രാംരാജ് നാഗരാജൻ അത്യുജ്ജലമായ ഒരു ധാർമിക പ്രഭാഷണം നടത്തി," വൈരമുത്തു കുറിച്ചു.
"തിരുപ്പൂർ ജീവാനന്ദം, ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി സതീഷ്, ട്രഷറർ ശിവകുമാർ എന്നിവരായിരുന്നു പരിപാടിയുടെ സംഘാടകർ. രണ്ടായിരത്തോളം യുവാക്കൾ ഒരേ സ്വരത്തിൽ കൈയടിക്കുന്നത് കണ്ടപ്പോൾ ഞാൻ എന്നെത്തന്നെ മറന്നുപോയി," സംഘാടകർക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ കുട്ടികൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത ചിത്രങ്ങളും ഗാനരചയിതാവ് എക്സിൽ പങ്കുവച്ചു.
പൊലീസ് ജയയെ കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജയയ്ക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.