

കൊച്ചി: തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഫെബ്രുവരിയിൽ വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. ഉദയ്പൂരില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും വിവാഹമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ഇക്കാര്യം ഇരുതാരങ്ങളും സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോഴിതാ, താരങ്ങളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സൂചിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹ ഒരുക്കങ്ങൾ നടക്കുന്നു എന്ന് പറയപ്പെടുന്ന ഉദയ്പൂരിലെ കൊട്ടാരത്തിലാണ് തങ്ങളിപ്പോൾ എന്ന് അവകാശപ്പെട്ട് രണ്ട് സ്ത്രീകൾ പങ്കുവച്ച വീഡിയോ ആണ് ചർച്ചയാകുന്നത്. ഫെബ്രുവരി രണ്ടിന് സിറ്റി പാലസിൽ വച്ച് രശ്മികയുടേയും വിജയ്‌യുടേയും വിവാഹം നടക്കുമെന്ന് തങ്ങൾ സ്ഥിരീകരിച്ചതായി ഇവർ വീഡിയോയിൽ അവകാശപ്പെടുന്നു. കൊട്ടാരത്തിലെ ജീവനക്കാരുമായി സംസാരിച്ചാണ് ഈ വിവരങ്ങൾ ഉറപ്പുവരുത്തിയെന്നും ഇവർ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 26ന് ഉദയ്പൂരിൽ വച്ച് വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനുശേഷം ഹൈദരാബാദിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷനും ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. 2025 ഒക്ടോബർ മൂന്നിന് ഇവരുടെ നിശ്ചയം കഴിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അടുത്തിടെ നടന്ന ഒരു പ്രമോഷണൽ പരിപാടിക്കിടെ, നടി തങ്ങളുടെ വിവാഹനിശ്ചയം നടന്ന കാര്യം പരോക്ഷമായി സ്ഥിരീകരിച്ചിരുന്നു. "എല്ലാവർക്കും അതിനെക്കുറിച്ച് അറിയാവുന്നതാണല്ലോ," എന്നായിരുന്നു നടിയുടെ പ്രതികരണം. ഗലാട്ട പ്ലസുമായി നടത്തിയ മറ്റൊരു അഭിമുഖത്തിൽ, രശ്മികയുടെ പെർഫ്യൂം ബ്രാൻഡിനെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കവെ, വ്യക്തിജീവിതത്തിലെ വാർത്തകളെ സൂചിപ്പിച്ചുകൊണ്ട് ആഘോഷിക്കാൻ വേറെയും കാരണങ്ങളുണ്ടോ എന്ന് അവതാരകൻ തമാശയായി ചോദിച്ചിരുന്നു. "സത്യത്തിൽ ഒരുപാടുണ്ട്, കാരണം ഒരുപാട് കാര്യങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. നിങ്ങളുടെ അഭിനന്ദനങ്ങൾ ഞാൻ എല്ലാത്തിനുമായി സ്വീകരിക്കുന്നു," എന്നായിരുന്നു നടിയുടെ മറുപടി.