കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ സംവിധായകയെ ലക്ഷ്യം വച്ച് നിരവധിയായ വിമർശന പോസ്റ്റുകളാണ് പുറത്തുവരുന്നത്. ടീസർ സ്ത്രീ വിരുദ്ധമാണെന്നും സംവിധായിക തന്റെ മുൻ നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞു എന്നുമാണ് പ്രധാന ആരോപണം. ഇപ്പോഴിതാ, ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗീതു കൂടി ഭാഗമായ ഡബ്ല്യൂസിസി എന്ന കൂട്ടായ്മയെ തന്നെ പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും നടനുമായ വിജയ് ബാബു.
'ഇരട്ടത്താപ്പിന്റെ റാണിമാർ' എന്നാണ് ഡബ്ല്യൂസിസി അംഗങ്ങളെ വിജയ് ബാബു വിശേഷിപ്പിച്ചിരിക്കുന്നത്. പോസ്റ്റിൽ എവിടെയും ഈ സംഘടനയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും സൂചനകൾ എല്ലാം ഡബ്ല്യൂസിസിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പുരുഷന്മാരെ ആക്രമിക്കണം എന്ന് തോന്നുമ്പോൾ അവർ ഒരു 'കൂട്ടായ്മ' ആയി മാറുന്നു. സ്വന്തം താൽപ്പര്യങ്ങൾക്കായി അവർ ഒന്നിച്ചുനിന്ന് ആക്രമിക്കുകയും, അത് കഴിഞ്ഞാൽ അടുത്ത പ്രശ്നം ഉണ്ടാകുന്നത് വരെ പിരിഞ്ഞുപോവുകയും ചെയ്യുന്നു. എന്നാൽ അവർക്ക് സ്വന്തമായി യാതൊരു മാനദണ്ഡങ്ങളോ രീതികളോ ഇല്ലെന്നാണ് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് അണിയിച്ചൊരുക്കുന്ന മാസ് ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്' ടീസർ യൂട്യൂബിൽ മില്യൺ കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ആക്ഷനും സ്റ്റൈലും ഒത്തുചേരുന്ന സിനിമയാകും എന്ന സൂചനയാണ് ടീസർ നൽകുന്നത്. 'കെജിഎഫ് 2' വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണ് യഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്.
യഷിന്റെ 'റായ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ വന്നതിന് പിന്നാലെ ഗീതുവിന് ലക്ഷ്യം വച്ച് സൈബർ ആക്രമണം തന്നെയാണ് നടക്കുന്നത്. ഇതാണോ സ്ത്രീ ശാക്തീകരണം എന്ന് കുറിക്കുന്നവരിൽ പലരും മോശം ഭാഷയിലാണ് സംവിധായികയെ വിമർശിക്കുന്നത്. ടീസറിലെ രംഗങ്ങൾ 'അശ്ലീലം' ആണെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചവരുണ്ട്. എന്നാൽ, സംവിധായികയെ അഭിനന്ദിക്കുന്നവരേയും സൈബർ ഇടങ്ങളിൽ കാണാം. ടീസർ ബോൾഡും മനോഹരവുമാണ് എന്നാണ് ഇവർ കുറിക്കുന്നത്.
നയൻതാര, രുക്മിണി വസന്ത്, താര സുതര്യ, കിയാര അദ്വാനി എന്നിങ്ങനെ വലിയൊരു താര നിര തന്നെ ഗീതുവിന്റെ സിനിമയിൽ അണിനിരക്കുന്നുണ്ട്. യഷും ഗീതു മോഹൻദാസും ചേർന്നാണ് 'ടോക്സിക്കി'ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങും. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിങ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി.പി. അബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കെച്ച ഖംഫാക്ഡിയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. 2026 മാര്‍ച്ച് 19 നാണ് സിനിമയുടെ റിലീസ്.
ഇരട്ടത്താപ്പിന്റെ റാണിമാരെക്കുറിച്ച് പറയുകയാണെങ്കിൽ... കഥകളുടെ കാര്യത്തിൽ അവർ പറയുന്നത് ഇങ്ങനെയാണ്...
അവരിലോരോരുത്തരുടെയും കഥകൾ ഓരോന്നായി എടുത്തുപറയാൻ തുടങ്ങിയാൽ അത് അവസാനിക്കില്ല. അതുകൊണ്ട് അതിനെക്കുറിച്ച് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, അവർക്ക് എല്ലാ കാലത്തും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. തങ്ങളുടെ സൗകര്യത്തിനനുസരിച്ച് വാക്കുകളെയും പ്രവൃത്തികളെയും അവർ എപ്പോഴും വളച്ചൊടിക്കുന്നു.
ഒരു പുരുഷനെയോ അല്ലെങ്കിൽ പുരുഷന്മാരെയോ ആക്രമിക്കണം എന്ന് തോന്നുമ്പോൾ അവർ സ്ത്രീകളും ഒരു 'കൂട്ടായ്മ'യും (Collective) ആയി മാറുന്നു. സ്വന്തം താൽപ്പര്യങ്ങൾക്കായി അവർ ഒന്നിച്ചുനിന്ന് ആക്രമിക്കുകയും, അത് കഴിഞ്ഞാൽ അടുത്ത പ്രശ്നം ഉണ്ടാകുന്നത് വരെ പിരിഞ്ഞുപോവുകയും ചെയ്യുന്നു. എന്നാൽ അവർക്ക് സ്വന്തമായി യാതൊരു മാനദണ്ഡങ്ങളോ രീതികളോ ഇല്ല.
ഇതിന് തലയുമില്ല വാലുമില്ല... ധാർമികതയോ നയങ്ങളോ ബൈലോയോ ഒന്നുമില്ല! അത് കേവലം ഒരു വാട്സാപ്പ് ഗ്രൂപ്പ് മാത്രമാണ്. ഓരോ സമയത്തും അവർക്ക് മാത്രം അറിയാവുന്ന അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി രൂപീകരിച്ചത്.