

നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹ മോചനത്തിന് അപേക്ഷ നൽകിയത് വലിയ ചർച്ചയായിരുന്നു. വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലേക്ക് നീങ്ങുകയാണ്.
വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് ഒത്തുതീർക്കാനാണ് വിജയ് താൽപ്പര്യപ്പെടുന്നത്. ഈ വിഷയത്തിൽ സംഗീതയുമായി വിജയ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഗീതയ്ക്കും മക്കൾക്കും 250 കോടി രൂപ കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നാണ് സൂചന. ഇരു കൂട്ടരും പരസ്പര ധാരണയിലെത്തുന്ന പക്ഷം സംഗീത വിവാഹമോചന ഹർജി പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, ഇക്കാര്യം ഇരുകക്ഷികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ചെങ്കൽപേട്ട് ജില്ലാ കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയത്. വിജയ്‌യ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് 2021 ഏപ്രിലിൽ കണ്ടെത്തിയതായും ഇത് തന്നെ മാനസികമായി തളർത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. ഈ ബന്ധം താൻ അറിഞ്ഞതോടെ അത് ഒഴിവാക്കാമെന്ന് വിജയ് ഉറപ്പു നൽകിയിട്ടും യാതൊരു പശ്ചാത്താപവും കൂടാതെ അത് തുടരുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു.
മ്യൂച്വൽ ഡിവോഴ്‌സിനായിരുന്നു സംഗീതയ്ക്ക് താൽപ്പര്യം. എന്നാൽ, വിജയ്‌ക്ക് അത് ഇഷ്ടമില്ലായിരുന്നു. 1999ൽ വിവാഹിതരായ വിജയ്-സംഗീത ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നീ രണ്ടു മക്കളുണ്ട്.
68 സിനിമകളിൽ അഭിനയിച്ച വിജയ് പൂർണമായും രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ച നടൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായകൻ' ആണ് നടന്റെ അവസാന ചിത്രം. 2026 പൊങ്കൽ റിലീസ് ആയിട്ടാണ് ഈ സിനിമ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം ഈ സിനിമ ഇതുവരെ റിലീസ് ആയിട്ടില്ല.