

ഡൽഹി: ജന്തർമന്തറിൽ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാരിൻ്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സിജെപി ആഹ്വാനം. ജന്തർമന്തർ ആർക്കും വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യങ്ങൾ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ പൊലീസ് വാഹനത്തിനുള്ളിൽ നിന്ന് ഉയർത്തുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്.
"ഡൽഹി ചലോ" മുദ്രാവാക്യം ഇപ്പോഴും സിജെപിയുടേത് തന്നെയാണെന്നും ജന്തർമന്തർ നമ്മളുടേതാണെന്നും സിജെപി സഹകൺവീനർ സൗരവ് ദാസ് പറഞ്ഞു. "സുഹൃത്തുക്കളേ.. നിങ്ങൾ എല്ലാവരും ജന്തർമന്തറിലേക്ക് വരണം. ഇവിടെ സമാധാനപരമായി സമരം നടത്തി മുന്നോട്ടുപോവുകയാണ് നമ്മൾ ചെയ്യേണ്ടത്. ജന്തർമന്തറിൽ തന്നെ പ്രതിഷേധിക്കാനാണ് തീരുമാനം. ആരോടും ചോദിക്കാതെ ധിക്കാരികളായ ഈ സർക്കാർ ജന്തർമന്തറിൻ്റെ പ്രതിഷേധ സ്ഥലമെന്ന പദവി എടുത്തുമാറ്റിയിരിക്കുകയാണ്. ആദ്യം ഇന്ത്യാ ഗേറ്റ് കൊണ്ടുപോയി, പിന്നീട് ബോട്ട് ഹോസ് കൊണ്ടുപോയി, ഇപ്പോൾ ജന്തർമന്തറും.. അതായത് ന്യൂഡൽഹി ജില്ലയിൽ ഒരു പ്രതിഷേധസ്ഥലം പോലും ഇപ്പോഴില്ല. ഇതുപോലെ ജനാധിപത്യത്തിന് മുന്നോട്ടുപോകാനാകില്ല," സൗരവ് ദാസ് കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.
"ജന്തർമന്തറിൽ പ്രതിഷേധിക്കരുതെന്ന വിലക്ക് ഞങ്ങൾ ലംഘിച്ചിരിക്കുകയാണ്. ഗ്യാനേഷ് കുമാറിൻ്റെ കുറ്റവിചാരണ ഞങ്ങൾ ഇവിടെ വച്ച് തന്നെ നടത്തും. ആർക്കെങ്കിലും എതിർക്കണമെങ്കിൽ എതിർത്തോളൂ," അശുതോഷ് റങ്ക പറഞ്ഞു. "ഞങ്ങളുടെ ജന്തർമന്തർ കൊണ്ടുപോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് എന്ത് അവകാശം? പ്രഖ്യാപിത പ്രതിഷേധ വേദിയായ ജന്തർമന്തറിൽ വച്ച് തന്നെ ഞങ്ങൾ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെടും," സൗരവ് ദാസ് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിഷേധങ്ങളെ ഡീ നോട്ടിഫൈ ചെയ്യാനാകില്ലെന്ന് അഭിജീത് ദിപ്കെ പ്രതിഷേധ വീഡിയോ പങ്കുവച്ചുകൊണ്ട് എക്സ് പോസ്റ്റിൽ കുറിച്ചു.
അതേസമയം, ഡൽഹിയിലെ കേന്ദ്രസേനാ വിന്യാസം ഏഴ് ദിവസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഡൽഹിയിലെ നിരോധനാജ്ഞ ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്. ഒക്ടോബർ 20 വരെ കേന്ദ്രസേനാ വിന്യാസത്തിൽ കുറവ് വരുത്തേണ്ട എന്ന തീരുമാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.