

ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് അക്ഷയ് കുമാർ - പ്രിയദർശൻ ചിത്രം 'ഭൂത് ബംഗ്ല'. ഏപ്രിൽ 17ന് റിലീസ് ആയ ചിത്രം നാല് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടംപിടിച്ചത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായിക. തന്റെ ആദ്യ നൂറ് കോടി ചിത്രം ആഘോഷമാക്കുകയാണ് വാമിഖ.
സമൂഹ മാധ്യമങ്ങളിലൂടെ സംവിധായകൻ പ്രിയദർശനും നായകൻ അക്ഷയ് കുമാറിനും വാമിഖ ഗബ്ബി നന്ദി അറിയിച്ചു. സിനിമയിലെ വിവിധ ലൊക്കേഷൻ സ്റ്റില്ലുകളും നടി പങ്കുവച്ചു.
"എന്റെ ആദ്യ 100 കോടി ചിത്രം. പ്രിയദർശൻ സർ, അക്ഷയ് കുമാർ, ഏക്ത കപൂർ, ഫറ ഖാൻ എന്നിവരോടുള്ള എന്റെ നന്ദി, വാക്കുകൾക്ക് അതീതമാണ്. കൂടാതെ, ഈ സിനിമയിൽ വിശ്വസിക്കുകയും അതിനായി തങ്ങളുടെ പരമാവധി നൽകുകയും ചെയ്ത മുഴുവൻ അണിയറപ്രവർത്തകർക്കും നന്ദി.'ഭൂത് ബംഗ്ല' ഞങ്ങളുടേതെന്ന പോലെ നിങ്ങളുടേതുമാണ്. പിന്നെ പ്രിയപ്പെട്ട പ്രേക്ഷകരോട്... ഈ സിനിമ കണ്ടതിനും പതിയെ ഈ സിനിമയ്ക്കും എനിക്കും നിങ്ങളുടെ മനസിൽ ഒരിടം നൽകിയതിനും നന്ദി. ഇവിടെവരെയുള്ള ഓരോ ചുവടും കഠിനാധ്വാനത്തിലൂടേയും പഠനങ്ങളിലൂടേയും ആഴത്തില്‍ അനുഭവിച്ചും നേടിയെടുത്തതാണ്. ഇതൊരു തുടക്കം മാത്രമാണ്, ഞാനിനിയും വരും. വളരും," വാമിഖ കുറിച്ചു.
അതേസമയം, 121.40 കോടി രൂപയാണ് 'ഭൂത് ബംഗ്ല' ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് കളക്ഷൻ. ആഗോളതലത്തിൽ സിനിമ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാർ പ്രവചിക്കുന്നത്.
14 വർഷത്തിന് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ചിത്രമാണ് 'ഭൂത് ബംഗ്ല'. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, ഗോവർദ്ധൻ അസ്രാനി, രാജ്‍പാൽ യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാലാജി മോഷൻ പിക്ചേഴ്സാണ് നിർമാണം.