

ചെന്നൈ: സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളും സൺറൈസേഴ്‌സ് ഹൈദരാബാദ് സിഇഒയുമായ കാവ്യ മാരൻ്റെയും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിൻ്റേയും വിവാഹം നവംബർ 11 നായിരുന്നു. ഗ്രീസിൽ നടന്ന വിവാഹത്തിന് പിന്നാലെ നവംബർ 21 നും നവംബർ 22 നുമായി ചെന്നൈയിൽ വിവാഹ സത്കാരവും നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും സൺഗ്രൂപ്പ് ജീവനക്കാർക്കായി നവംബർ 25 ന് സൺ ഗ്രൂപ്പ് ജീവനക്കാർക്കായി മറ്റൊരു സത്കാരവും നടത്താനൊരുങ്ങുകയാണ് നവദമ്പതികൾ.
ജീവനക്കാർക്ക് വിവാഹക്ഷണക്കത്തിനൊപ്പം നൽകിയ സമ്മാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിവാഹ ക്ഷണക്കത്തിനൊപ്പം സ്വർണ മോതിരവും, ചോക്ലേറ്റുകളുമാണ് എല്ലാവർക്കും സമ്മാനമായി ലഭിച്ചത്. ജീവനക്കാർ സമ്മാനങ്ങൾ അൺബോക്സ് ചെയ്യുന്നതായ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇത് നമ്മ വീട്ടു കല്യാണമാണ്! എന്ന് പറഞ്ഞാണ് ചിലരൊക്കെ വീഡിയോ പങ്കുവെച്ചത്.നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒ ആണ് കാവ്യ മാരൻ. കൂടാതെ സൺ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോകൾ വ്യാപകമായി പങ്കിട്ടിട്ടുണ്ടെങ്കിലും, റിപ്പോർട്ടുകളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.