കൊച്ചി: മലയാള ചലച്ചിത്ര താരസംഘടന അമ്മയില്‍ അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ മത്സരം ചൂട് പിടിക്കും എന്ന സൂചനകള്‍ പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ ഭാരവാഹികള്‍ക്ക് പുറമേ വിവിധ താരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങള്‍ സജീവമാണ് എന്ന് സൂചന. നവ്യ നായരെ കളത്തിലിറക്കാൻ അമ്മയുടെ പെൺമക്കൾ എന്ന വാട്സ്അപ്പ് കൂട്ടായ്മ രംഗത്തുണ്ട്. ഒറ്റയ്ക്ക് മത്സരിക്കാനാണ് മുന്‍ അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന്‍റെ തീരുമാനം. നിലവിലെ കമ്മിറ്റിയിലുള്ളവർ മത്സരിക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
ആഗസ്റ്റ് 15ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നിലവിലെ കമ്മിറ്റി ഒഴിയുന്നതിനെതിരെ ശക്തമായ എതിർപ്പുണ്ടായിരുന്നു. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി തുടരണമെന്ന് ജനറൽ ബോഡി യോഗം മുഴുവൻ അഭിപ്രായപ്പെട്ടു. നേരത്തെ അമ്മയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ഭാരവാഹികള്‍ മത്സരിക്കും എന്നായിരിക്കുന്ന സൂചന. അതിനാല്‍ തന്നെ ശക്തമായ മത്സരം നടക്കില്ലെന്നായിരുന്നു സൂചന. എന്നാല്‍ ഇപ്പോള്‍ മൂന്ന് സംഘങ്ങള്‍ മത്സര രംഗത്ത് സജീവമാണ് എന്നാണ് വിവരം.
അതില്‍ ഒന്ന് കുക്കു പരമേശ്വരന്‍റെയും രവീന്ദ്രന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് ഒന്നാമത്തേത്. രണ്ടാമത്തേത് അമ്മയുടെ പെൺമക്കൾ എന്ന വാട്സ്അപ്പ് കൂട്ടായ്മയാണ് ബാബുരാജാണ് ഈ കൂട്ടായ്മ തുടങ്ങിയതെങ്കിലും നവ്യാ നായര്‍ മത്സര രംഗത്തേക്ക് വരണം എന്നാണ് ഇതില്‍ ഉയരുന്ന അഭിപ്രായം. അതേ സമയം ശ്വേത മേനോന്‍, ബൈജു സന്തോഷ് എന്നിവരും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നുണ്ട്. അതേ സമയം ഒറ്റയാനായി മത്സരരംഗത്തേക്ക് ഉള്ളത് ഇടവേള ബാബുവാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്കോ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ ഇടവേള ബാബു മത്സരിച്ചേക്കും എന്നാണ് വിവരം.
താരസംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞ ജനറല്‍ ബോഡിയിലാണ് ധാരണയായത്. മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താനാണ് കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. മോഹൻലാലിൻ്റെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമായത്. അഡ്ഹോക് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. അമ്മയുടെ 31മത് ജനറൽബോഡി യോഗം കലൂരിലാണ് നടന്നത്.
നിലവിലെ കമ്മിറ്റി ഒഴിയുന്നതിനെതിരെ ശക്തമായ എതിർപ്പുണ്ടായിരുന്നു. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി തുടരണമെന്ന് ജനറൽ ബോഡി യോഗം മുഴുവൻ അഭിപ്രായപ്പെട്ടിരുന്നു. പകുതി അംഗങ്ങൾ പോലും ഇല്ലാത്തതിനാൽ ഇത് പൊതു തീരുമാനമായി കാണാൻ ആകില്ലെന്ന് പറഞ്ഞ് മോഹൻലാൽ തെരഞ്ഞെടുപ്പ് വേണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, മത്സരത്തിന് താനില്ലെന്നും പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളുകൾ വരട്ടെ എന്നും മോഹൻലാൽ പറഞ്ഞിരുന്നു.