ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ പുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങും. അമ്മ മേരി റോയിയെക്കുറിച്ചുള്ള ഓര്‍മ്മയാണ് 'മദര്‍ മേരി കംസ് ടു മി' എന്ന പേരിലുള്ള പുസ്തകത്തിന്റെ ഉള്ളടക്കം. അരുന്ധതി പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ വായിക്കുന്ന ദൃശ്യങ്ങള്‍ പ്രസാധകര്‍ പുറത്ത് വിട്ടു. ഈ മാസം 28ാം തീയതിയാണ് പുസ്തകം വിപണിയിലെത്തുക. പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പ്രസാധകർ.
'എന്റെ അഭയം, എന്റെ കൊടുങ്കാറ്റ്' എന്നാണ് അരുന്ധതി റോയ് തന്റെ അമ്മ മേരി റോയിയെ വിശേഷിപ്പിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ താന്‍ എങ്ങനെ അതിജീവിച്ചുവെന്നും, അമ്മയുമായുള്ള ബന്ധം തന്റെ വ്യക്തിത്വ രൂപീകരണത്തെ ഏതു രീതിയിൽ സ്വാധീനിച്ചുവെന്നുമെല്ലാം പുസ്തകത്തിൽ എഴുതുന്നുണ്ട്. അമ്മയുമായുള്ള അടുപ്പവും, അകൽച്ചയുമെല്ലാം പുസ്തകത്തിൽ പറയുന്നു.
"എന്റെ അമ്മയെപ്പോലൊരാള്‍ എന്നെപ്പോലുള്ള ഒരെഴുത്തുകാരിയെ മകളെന്ന നിലയില്‍ അര്‍ഹിക്കുന്നു. അതേപോലെ ഒരുപക്ഷേ എന്നെപ്പോലൊരു എഴുത്തുകാരി അവരെപ്പോലൊരു അമ്മയെയും അര്‍ഹിക്കുന്നു" എന്നാണ് അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് അരുന്ധതി റോയ് പറയുന്നത്. വ്യക്തിയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും അരുന്ധതി റോയിയുടെ ജീവിതം തന്നെയാണ് പുസ്ത്കം പറയുന്നത്.