

ഈ കാലത്തെ കുട്ടികളെന്താണ് ഇങ്ങനെ....? ടിവിയിലും പത്രങ്ങളിലും സോഷ്യൽ മീഡിയകളിലുമെല്ലാം കുട്ടിക്കുറ്റവാളികളെപ്പറ്റിയുള്ള വാർത്തകൾ നിറയുമ്പോൾ സമൂഹം ഒന്നടങ്കം ചോദിക്കുന്നത് ഇങ്ങനെയാണ്. കൊലപാതകം, മോഷണം, ലഹരിക്കടത്ത്, ലഹരി ഉപയോഗം, ആക്രമണം തുടങ്ങി മുതിർന്നവർ പോലും ചെയ്യാൻ മടിക്കുന്ന കുറ്റകൃത്യങ്ങളിൽ കുട്ടികൾ പ്രതികളാകുന്നു. വളർത്തിയ അച്ഛനമ്മമാരോടോ, കൂടെ വളർന്ന സഹോദരങ്ങളോടെ, കൂട്ടുകാരോടോ, പഠിപ്പിച്ച അധ്യാപകരോടോ യാതൊരു മമതയുമില്ലാതെയാണ് ചില കുട്ടികളുടെയെങ്കിലും പെരുമാറ്റം. വീട്ടു സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുന്നതിനോ കെട്ടിടങ്ങൾ തല്ലിപ്പൊളിക്കുന്നതിനോ അധ്യാപകരുടെ വാഹനങ്ങൾ നശിപ്പിക്കുന്നതിനോ മടിയില്ലാത്ത 10ഉം 15ഉം വയസുള്ള കുട്ടികൾ. സഹപാഠികളുമായുള്ള തല്ലുകൾ കുസൃതിയുടെ നിലവിട്ട് പോകുന്ന കാഴ്ച. അതിൽ മാപ്പു പറയാനോ പശ്ചാതപിക്കാനോ പോലും തയ്യാറാവാത്ത മനസ്. കേരളത്തിന്റെ പല ഭാഗങ്ങളിലായി ഈയടുത്ത ദിവസളിലുണ്ടായ ഇത്തരം സംഭവങ്ങളെല്ലാം ഏറെ വേദനിപ്പിക്കുന്നതും ആശങ്ക ഉയർത്തുന്നതുമാണ്. കുട്ടികളെ അച്ചടക്കത്തോടെ വളർത്താത്ത രക്ഷിതാക്കളാണ് ഇതിന് കാരണമെന്ന് അധ്യാപകരും മക്കളെ നേർവഴിക്ക് നടത്തേണ്ടത് നിങ്ങളല്ലേയെന്ന് രക്ഷിതാക്കളും പഴി പറയും. ചീത്ത കൂട്ടുകെട്ടുകളുടെ തലയിലും കുറ്റം കെട്ടിവയ്ക്കും. ശരിക്കും മക്കൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് അവർ മാത്രമാണോ പ്രതികൾ? ഡീകോഡ് ചെയ്യാം...
ഇന്റർനെറ്റിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിശാലവും നിഗൂഢവുമായ വർത്തമാനകാലത്താണ് നമ്മുടെ കുട്ടികൾ ജീവിക്കുന്നത്. അവയുടെ ഉപയോഗവും ദുരുപയോഗവും പോലും തിരിച്ചറിയുന്നതിന് മുൻപ് തന്നെ സ്മാർട്ട് ഫോണുകൾ അടക്കമുള്ള ഡിവൈസുകൾ അവരുടെ കൈകളിലെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്പ്യൂട്ടറും, മൊബൈലും സമൂഹ മാധ്യമങ്ങളും ഒക്കെ കുറ്റകൃത്യങ്ങളിലേക്ക് മക്കളെ ഒരു പരിധിയിലധികം സ്വാധീനിച്ചിട്ടുമുണ്ട്. ഗെയിം കളിക്കുമ്പോൾ കുട്ടികളുടെ ലക്ഷ്യം, എന്ത് തന്നെ ചെയ്താലും അത് ജയിക്കണമെന്ന് മാത്രമാകുന്നത് പോലും ഇതിനെ സ്വാധീനിക്കുന്നുണ്ട്. ഫോണും ഇന്റർനെറ്റും കുട്ടികളിൽ അഡിക്ഷൻ കൊണ്ടുവരുന്നുണ്ടെന്നും അക്രമസ്വഭാവം വളത്തുന്നുണ്ടെന്നും തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് പല പാശ്ചാത്യ രാജ്യങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്നും കുട്ടികളെ വിലക്കിയതും നിയന്ത്രണങ്ങൾ കൊണ്ടുവന്നതും. എന്നാൽ സോഷ്യൽ മീഡിയകളും വീഡിയോ ഗെയിമും വെബ് സീരീസുകളും ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മനസിലാക്കാനോ അവയെ നേരിടാനോ നമ്മുടെ സമൂഹം അവരെ പ്രാപ്തരാക്കിയിട്ടില്ല. വയലൻസിനെ നോർമലൈസ് ചെയ്യുന്ന സിനിമകൾ പോലും കുട്ടികളെ എത്രമാത്രം ക്രിമിനൽവൽക്കരിക്കും എന്നതും നാം മനസിലാക്കിയിട്ടില്ല. A സർട്ടിഫിക്കേഷൻ സിനിമകൾ എന്നത് മലയാളികൾക്ക് പൊതുവെ ഇൻ്റിമേറ്റ് രംഗങ്ങൾ മാത്രം ഉൾപ്പെട്ടതാണ്. അത്രയധികം വയലൻസ് ഉള്ള സിനിമകൾ ഒരുമടിയുമില്ലാതെ നമ്മൾ കുട്ടികളെ കാണിക്കുന്നതിലെ വിരോധാഭാസവും ചിന്തിക്കേണ്ടതാണ്.
വീട്ടിലെ അന്തരീക്ഷം, സ്കൂളിലെ അന്തരീക്ഷം, മാനസികമായ ബുദ്ധിമുട്ടുകൾ, വ്യക്തിത്വ വൈകല്യങ്ങൾ, സ്ഥിരതയില്ലാത്ത ശിക്ഷാനടപടികൾ, അമിതമായ ശിക്ഷ, അവഗണന, വൈകാരിക ബന്ധത്തിന്റെ അഭാവം എന്നിവ കുട്ടികളിലെ കുറ്റവാസന കൂടാനുള്ള കാരണങ്ങളായി സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല കുടുംബമാണ്. കുട്ടിയുടെ സ്വഭാവവും പെരുമാറ്റവും മൂല്യബോധവുമെല്ലാം രൂപപ്പെടുന്നതിൽ കുടുംബത്തിന് വലിയ പങ്കുണ്ട്. ചെറിയ പ്രായത്തിലുള്ള കുട്ടികൾ ബ്ലാങ്ക് സ്ലേറ്റ് പോലെയാണ് മുതിർന്നവരാണ് അവരുടെ അക്ഷരങ്ങൾ. അവർ വാക്കുകൾ ഉണ്ടാക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം മുതിർന്നവരെ കണ്ടുതന്നെയാണ്. മാതാപിതാക്കളുടെ സ്നേഹം കുട്ടികളെ സ്വാധീനിക്കുന്നത് പോലെ തന്നെ അവരുടെ വഴക്കുകളും കുട്ടികളെ സ്വാധീനിക്കും.
അതുകൊണ്ട് തന്നെ ഡിസ്ഫങ്ഷനൽ ഫാമിലിയിൽ നിന്നെത്തുന്ന കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കപ്പെടേണ്ടതുണ്ട്. കുട്ടികളുടെ വളർച്ചയിൽ നിർണായകമായ ഇടപെടൽ നടത്തേണ്ട രക്ഷിതാക്കൾ ഇല്ലാത്ത, ശ്രദ്ധിക്കാത്ത വീട്ടിലെ അന്തരീവും പ്രശ്നവൽക്കരിക്കപ്പെടേണ്ടതുണ്ട്. പഠന പിന്നാക്കാവസ്ഥ മുതൽ കുറ്റകൃത്യവാസന വരെയുള്ള പല വിഷയങ്ങളുടെയും അടിവേരുകൾ എത്തിനിൽക്കുക പരിതാപകരമായ കുടുംബ സംവിധാനത്തിലാവും എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുടുംബങ്ങളിൽ കുട്ടികൾ സഹിക്കുന്ന ഇത്തരം വിഷയങ്ങളിൽ സബ്സ്റ്റിറ്റ്യൂഷനായി മാറേണ്ടത് സ്കൂളുകളും അധ്യാപകരുമാണ്. അത്തരത്തിലുള്ള കുട്ടികളെ മാതാപിതാക്കളുടെയൊ, പിടിഎയുടേയെ സഹായത്തോടെ അധ്യാപകർ കൗൺസിലിംഗിന് വിധേയമാക്കി തിരുത്തേണ്ടതാണ്. ചില കേസുകളിൽ കുട്ടികളേക്കാൾ മാതാപിതാക്കൾക്ക് കൗൺസിലിങ്ങ് കൊടുക്കേണ്ട ആവശ്യവും വരാറുണ്ട്. എന്നാൽ പലപ്പോഴും ആ സിസ്റ്റവും പരാജയപ്പെട്ടു പോകുന്നത് ഗൗരവമുള്ളതും ചർച്ച ചെയ്യപ്പെടോണ്ടതുമായ വിഷയം തന്നെയാണ്.
മാനസികമായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്ന കുട്ടികളും വ്യക്തിത്വ വൈകല്യങ്ങൾ ഉള്ള കുട്ടികളും കാലക്രമേണ അക്രമാസക്തരാവാറുണ്ടെന്നും സൈക്കോളജിസ്റ്റുകൾ ചൂണ്ടികാട്ടുന്നുണ്ട്. ദേഷ്യക്കൂടുതൽ, ക്ഷമയില്ലായ്മ, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, എഡിഎച്ച്ഡി, ആൻ്റി സോഷ്യൽ പോഴ്സണാലിറ്റി ഡിസോഡർ, ഓപ്പോസിഷണൽ ഡിഫിയന്റ് ഡിസോർഡർ എന്നിവയുള്ള കുട്ടികളിൽ കാലക്രമേണ അക്രമ സ്വഭാവം ഉണ്ടാകാനിടയുണ്ട്. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ നൽകിയാൽ ഇവയെ മാറ്റുവാൻ സാധിക്കുമെന്നും സൈക്കോളജിസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം, വൈകാരിക നിയന്ത്രണമുള്ള കുട്ടികൾ പോലും സൗഹൃദസമ്മർദം അഥവാ peer pressure കൊണ്ട് അപകടകരമായ സാഹചര്യത്തിൽ പെട്ടുപോകുന്നതായ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ട്.
നമുക്കെന്താണ് ചെയ്യാനാവുക (വായിക്കേണ്ട)
കുട്ടികളിൽ ക്രിയാത്മകമായ മാനസികശേഷികളും കഴിവുകളും കണ്ടെത്തുന്നകതിനും വികസിപ്പിക്കുന്നതിലും മാതാപിതാക്കൾക്കും അധ്യാപകർക്കും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. തെറ്റായ പെരുമാറ്റം തടയുക എന്ന ലക്ഷ്യത്തിൽ മാത്രം ചുരുങ്ങി പോവാതെ ആത്മനിയന്ത്രണം, ഉത്തരവാദിത്തബോധം, സഹാനുഭൂതി, പ്രതിരോധശേഷി, നല്ല തീരുമാനമെടുക്കൽ, ആരോഗ്യകരമായ ജീവിതരീതി എന്നിവ വളർത്തുകയാണ് പ്രധാനമായും വേണ്ടത്. ഭയമില്ലാതെ തങ്ങളുടെ പ്രശ്നങ്ങളും വികാരങ്ങളും മാതാപിതാക്കളോട് പങ്കുവയ്ക്കാൻ കഴിയുന്ന കുടുംബാന്തരീക്ഷം സൃഷ്ടിക്കണം. അവരുടെ സുഹൃത്തുക്കൾ, പഠനം, ബന്ധങ്ങൾ, ഓൺലൈൻ അനുഭവങ്ങൾ തുടങ്ങിയവയെക്കുറിച്ച് സ്ഥിരമായി സംസാരിക്കണം. വ്യക്തമായ നിയമങ്ങളും പരിധികളും നിശ്ചയിക്കുന്നത് വീട്ടിൽ നിന്ന് തന്നെ തുടങ്ങണം. കോപവും അഭിപ്രായവ്യത്യാസങ്ങളും സമാധാനപരമായി കൈകാര്യം ചെയ്യുന്നതിന്റെ മാതൃക മാതാപിതാക്കൾ തന്നെ കാണിക്കണം. കുട്ടികളുടെ കഴിവുകളും താൽപര്യങ്ങളും പ്രോത്സാഹിപ്പിക്കുകയും തീരുമാനമെടുക്കാൻ അവരെ പരിശീലിപ്പിക്കുകയും വേണം.
സുരക്ഷിതവും പിന്തുണ നൽകുന്നതുമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കുക എന്നത് പ്രധാന കാര്യമാണ്. അതിനവരെ സഹായിക്കാൻ അധ്യാപകർക്ക് മാത്രമേ കഴിയൂ. വിദ്യാർഥികൾക്ക് ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അന്തരീക്ഷം നൽകണം. അപമാനിക്കൽ, മറ്റുള്ളവരുമായി അനാവശ്യമായി താരതമ്യം ചെയ്യൽ, പ്രശ്നക്കാരൻ എന്ന രീതിയിൽ ലേബൽ ചെയ്യൽ എന്നിവ ഒഴിവാക്കണം. അമിതമായ കോപം, സാമൂഹികമായി പിൻവാങ്ങൽ, നിരന്തരമായ വഴക്കുകൾ, നിയമങ്ങളും നിർദേശങ്ങളും നിരന്തരം ലംഘിക്കൽ, പഠനത്തിൽ പെട്ടെന്നുള്ള താൽപര്യക്കുറവ്, സുഹൃത്തുക്കളിൽ നിന്ന് അകന്നുനിൽക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കുട്ടി കാണിക്കുമ്പോൾ ആവശ്യമായ പിന്തുണയും ഇടപെടലും നൽകണം.
കുട്ടികളെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ അപകടമാണ് നമ്മെ കാത്തിരിക്കുന്നത് എന്നത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാം മനസിലാക്കി കഴിഞ്ഞതാണ്. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ മാറ്റി വച്ച് ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ സംഭവങ്ങളെയും സാഹചര്യങ്ങളെയും പഠിക്കുകയും വിലയിരുത്തുകയുമാണ് വേണ്ടത്. സാമൂഹ്യ ശാസ്ത്രപരവും മനഃശാസ്ത്രപരവുമായ വിലയിരുത്തലുകൾ നടത്തണം. പൊലീസോ, എക്സൈസോ, വിദ്യാഭ്യാസ വകുപ്പോ നടത്തുന്ന ഇടപെടലുകൾ കൊണ്ട് മാത്രം ശാശ്വതമായ പ്രശ്ന പരിഹാരം ഉണ്ടാകില്ല. കുറെക്കൂടി വിശാലമായി കാര്യങ്ങളെ സമീപിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹ്യാരോഗ്യവും സംരക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ട്. അതിന് പരിഹാരം കണ്ടെത്തണം. ഇതുസംബന്ധിച്ച് ഗൗരവമായ പഠനങ്ങൾ നടത്തി ദീർഘവീക്ഷണത്തോടെ ശാസ്ത്രീയമായി തന്നെ കൈകാര്യം ചെയ്യണം.