

അപകട പരമ്പരയാണ് നിരത്തുകളിൽ. എണ്ണിത്തീരും മുൻപ് അടുത്ത അപകടം സംഭവിക്കുന്ന കാഴ്ച. കേരളത്തിലെ റോഡുകളിൽ ഓരോ വർഷവും ആയിരക്കണക്കിന് ജീവനുകളാണ് അപകടങ്ങളിൽ പൊലിഞ്ഞുപോകുന്നത്. അങ്കമാലിയിലെ മിനി കൂപ്പർ അപകടം മൂന്ന് പേരുടെ ജീവനെടുത്ത ഞെട്ടലിൽ നിന്ന് നമ്മൾ മാറിയിട്ടില്ല. പിന്നാലെയാണ് കോട്ടയം പാമ്പാടിയിലും എറണാകുളം ചേരാനല്ലൂരിലെയും അപകട മരണ വാർത്ത കേൾക്കുന്നത്. ഇത് മാത്രമല്ല, വലുതും ചെറുതുമായ ഒട്ടനവധി അപകടങ്ങളാണ് കേരളത്തിൽ അടുത്തകാലത്തായി ഉണ്ടായത്. അനാസ്ഥ മാത്രമല്ല റോഡിനെ കുരുതിക്കളമാക്കുന്നത്, നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥയും അതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഒക്ടോബർ 11ന് പുലർച്ചെയാണ് നെടുമ്പാശ്ശേരിക്കടുത്ത് മിനി കൂപ്പർ കാറ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ജീവൻ നഷ്ടമായത്. പൊലീസിന്റെ പ്രാഥമിക വിവരമനുസരിച്ച്, അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. സംഭവം വലിയ ചർച്ചയായതോടെയാണ് അന്വേഷണവും ശക്തമാക്കിയത്. പുറത്തുവന്ന രാസപരിശോധനാ റിപ്പോർട്ടിൽ ഡ്രൈവറുടെ രക്തത്തിൽ അനുവദനീയമായ പരിധിയേക്കാൾ വളരെ ഉയർന്ന അളവിൽ മദ്യം കണ്ടെത്തിയിരുന്നു. അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളും തുടർന്നു. ഈ കേസിൽ അന്തിമ ഉത്തരവാദിത്തവും കുറ്റവും തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാൽ അപകടം ഉയർത്തുന്ന റോഡ് സുരക്ഷാ ചോദ്യങ്ങളെയും അവഗണിക്കാനാവില്ല.
കേരളത്തിലെ നിരത്തുകളിലെ അപകടങ്ങളുടെ ഔദ്യോഗിക കണക്കുകൾ എടുത്ത് പരിശോധിക്കാം,2020ൽ 27877 അപകടങ്ങളാണ് നടന്നത്. 2021ൽ 33,296 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2022ൽ ഇത് 43,910 ആയി. 2023ൽ 48,091 അപകടങ്ങളും 2024ൽ 48,898 അപകടങ്ങളും നടന്നു. 2025ൽ അപകടങ്ങളുടെ എണ്ണം 49,911 ആയി ഉയർന്നു. ഇനി ഈ അപകടങ്ങളിൽ മരിച്ചവരുടെ കണക്കുകളിലേക്ക് വരാം. കേരളാ പൊലീസിന്റെ റോഡ് അപകട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2020 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെ 25,124 പേരാണ് അപകടങ്ങളിൽ മരിച്ചത്. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, ഗതാഗതനിയമ ലംഘനങ്ങൾ ഇവയെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡ് ഗതാഗത മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കേരളത്തിൽ ഓരോ വർഷവും ഒരു കോടിയിലധികം ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.അതായത് ദിവസവും ശരാശരി 27,000-ത്തിലധികം കേസുകൾ. 2025ൽ മാത്രം 1,00,53,983 നിയമലംഘനങ്ങൾക്കാണ് പൊലീസും മോട്ടോർ വാഹന വകുപ്പും പിഴ ചുമത്തിയത്. 2023 മുതൽ 2025 വരെയുള്ള 3 വർഷത്തിനുള്ളിൽ രാജ്യത്ത് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്താണ്.
എന്നാൽ ഇവ കൊണ്ട് മാത്രമാണ് അപകടങ്ങൾ നടക്കുന്നത് എന്നും തീര്ത്തും പറയാനാവില്ല. റോഡുകളുടെ രൂപകൽപ്പന, വെളിച്ചക്കുറവ്, അപകടസാധ്യതയുള്ള വളവുകൾ, കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവം എന്നിവയും ഇവയ്ക്ക് ഒപ്പം പരിശോധിക്കേണ്ടതാണ്. അതായത് ഓരോ അപകടങ്ങളും അതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണം.അതേസമയം, നിയമലംഘനം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിന് പുറമേ, അപകടം സംഭവിക്കുന്നതിന് മുമ്പ് അത് തടയാൻ നമുക്ക് എന്തുചെയ്യാനാകും എന്നതും വലിയ ചോദ്യമാണ്. പിഴ ചുമത്തുന്നതിൽ മാത്രം പരിഹാരം ഒതുങ്ങുന്നില്ലെന്ന് സാരം. അമിതവേഗം തടയാനുള്ള ഫലപ്രദമായ പരിശോധനകൾ വേണം. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ വേണം. അപകടസാധ്യതയുള്ള സ്ഥലങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി അവിടങ്ങ ളിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം. നിയമലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ നടപടിയും വേണം.
നിരത്തിൽ വാഹനയാത്രക്കാർക്കൊപ്പം കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, കച്ചവടക്കാർ, ഇരുചക്രവാഹനയാത്രക്കാർ തുടങ്ങിയവർ മറ്റുള്ള വാഹനങ്ങൾക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള വഴിയൊരുക്കണം. റോഡിലെ ഇരുവശങ്ങളിലുമുള്ള വെള്ളവര വാഹനങ്ങൾക്ക് അനുവദനീയവേഗത്തിൽ തടസ്സമില്ലാതെ കടന്നുപോകുന്നതിനുള്ളതാണ്. വെള്ളവരകടന്നുള്ള പാർക്കിങ്, കച്ചവടം, പരസ്യബോർഡുകൾ സ്ഥാപിക്കൽ എന്നിവ നിയമലംഘനങ്ങളാണ്. ഹോട്ടലുകളുടെ ബോർഡുകളുമായി റോഡിലേക്ക് ഇറങ്ങി നിൽക്കുന്നവർ വരെ അപകടങ്ങൾ വിളിച്ചുവരുത്തും.കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നതിലെ അശ്രദ്ധയും അപകടങ്ങൾക്ക് കാരണമായേക്കാം. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലോടുന്ന വാഹനം ഒരുസെക്കൻഡിൽ 17 മീറ്റർ സഞ്ചരിക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണക്ക്.
ചെറിയ പാളിച്ചപോലും വലിയദുരുന്തമായി മാറിയേക്കാം. പൊതുജനങ്ങളും റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. റോഡിൽ വണ്ടിയോടിക്കുന്നവർ മാത്രമല്ല കാൽനടയാത്രക്കാരും കച്ചവടക്കാരും പരസ്യബോർഡുകൾ സ്ഥാപിക്കുന്നവരും വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കരുത്. വിദ്യാർഥികൾ ഉൾപ്പടെയുള്ള പൊതുജനങ്ങൾക്ക് നിരത്തിൽ പാലിക്കേണ്ട സുരക്ഷകളെക്കുറിച്ച് ബോധവാൻമാരാക്കേണ്ടത് ആവശ്യമാണ്. നമ്മൾ റോഡിൽ എടുക്കുന്ന ഓരോ തീരുമാനവും ബാധിക്കുന്നത്നമ്മുടെ ജീവിതത്തെ മാത്രമല്ല. നിരത്തുകളിൽ അപകടങ്ങൾ കുറയ്ക്കുക എന്നത് അസാധ്യമായ സ്വപ്നവുമല്ല. നിയമങ്ങൾ പാലിക്കുന്ന ഓരോ ഡ്രൈവറും സുരക്ഷിതമായ ഓരോ റോഡും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഓരോ സംവിധാനവും മനുഷ്യരും അതിലേക്കുള്ള ചുവടുവെപ്പുകളാണ്.