കെജ്രിവാൾ കഴിഞ്ഞത് 56 കോടിയുടെ കൊട്ടാരത്തിൽ! ഞെട്ടിക്കുന്ന ശീഷ് മഹൽ കാഴ്ചകൾ

ഡൽഹി മന്ത്രി പർവേഷ് വർമ പുറത്തുവിട്ട ബംഗ്ലാവിനുള്ളിലെ ആഡംബര കാഴ്ചകളും ഓരോ വസ്തുവിന്റെയും പ്രൈസ് ടാഗുകളും കണ്ട് രാജ്യം അമ്പരന്നിരിക്കുകയാണ്.
Stunning Sights of the Sheesh Mahal
ഞെട്ടിക്കുന്ന ശീഷ് മഹൽ കാഴ്ചകൾ
Published on: 
Updated on: 

അധികാരം മനുഷ്യനെ മത്തുപിടിപ്പിക്കുമെന്ന് നമ്മൾ കേട്ടിട്ടേയുള്ളൂ! ഭരണം കയ്യിലെത്തുമ്പോൾ ലാളിത്യവും സുതാര്യതയും വെറും പഴങ്കഥയാകുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്! ഒരുകാലത്ത് സാധാരണക്കാരൻ്റെ പ്രതീകമായി, നീല വാഗൺആർ കാറിൽ വന്നിറങ്ങി, അഴിമതിക്കെതിരെ ചൂലെടുത്ത് പോരാടിയ ആ പഴയ 'മിസ്റ്റർ സിമ്പിൾ'—അരവിന്ദ് കെജ്‌രിവാൾ! അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ താമസിച്ചിരുന്ന ഡൽഹിയിലെ ഔദ്യോഗിക വസതിയായ 'ശീഷ് മഹലിൻ്റെ ' വാതിലുകൾ ഇതാ, മാധ്യമങ്ങൾക്ക് മുന്നിൽ മലർക്കെ തുറന്നുകിടക്കുന്നു! ഉള്ളിലെ ആഡംബര കാഴ്ചകളും ഓരോ വസ്തുവിലും പതിപ്പിച്ച ലക്ഷങ്ങളുടെ പ്രൈസ് ടാഗുകളും കണ്ട് അമ്പരന്നിരിക്കുകയാണ് രാജ്യം!

ലാളിത്യമെന്നത് കെജ്‌രിവാളിൻ്റെ വെറുമൊരു രാഷ്ട്രീയ മുഖംമൂടി മാത്രമായിരുന്നോ? ഫേസ്ബുക്ക് ലൈവുകളിൽ കാണിച്ചിരുന്ന ആ പഴയ തടിക്കസേരയ്ക്ക് പിന്നിലെ രഹസ്യമെന്താണ്? ഒരുകയ്യിൽ ചൂലും മറുകയ്യിൽ ആദർശവും മുറുകെപ്പിടിച്ച് ജനങ്ങളുടെ മനം കവർന്ന നേതാവിന് എവിടെയാണ് പിഴച്ചത്? ഡൽഹിയിലെ 6, ഫ്ലാഗ്സ്റ്റാഫ് റോഡിലുള്ള മുൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമ മാധ്യമപ്രവർത്തകർക്കായി തുറന്നുകൊടുത്തത്. 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ കെജ്‌രിവാളിനെ അട്ടിമറിച്ച അതേ പർവേഷ് വർമ തന്നെയാണ്, ബംഗ്ലാവിലെ ഓരോ വസ്തുവിന്റെയും വിലവിവരപ്പട്ടിക സഹിതം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്.

Stunning Sights of the Sheesh Mahal
വി.ഡി. - കെ.സി. പക്ഷത്തിന്റെ അധികാരവടംവലിയുടെ വേദിയാകുന്ന മന്ത്രിസഭായോഗങ്ങൾ; ജനാധിപത്യ സൗന്ദര്യമായാണോ കേരളം കാണുന്നത് ?

21,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ബംഗ്ലാവിനുള്ളിലെ സൗകര്യങ്ങൾ ഏതൊരു പഞ്ചനക്ഷത്ര റിസോർട്ടിനെയും വെല്ലുന്നതാണ്.11.56 ലക്ഷം രൂപയുടെ കൂറ്റൻ തൂക്കുവിളക്ക്. 30 ലക്ഷം രൂപയുടെ ടിവി യൂണിറ്റ്. 28.9 ലക്ഷം രൂപ വിലവരുന്ന 88 ഇഞ്ച് OLED ടിവി. 6.71 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പൂജാമുറി. 5.47 ലക്ഷം രൂപയുടെ ആഡംബര സോഫയും, 2.42 ലക്ഷം രൂപയുടെ റിക്ലൈനറും. 5.69 ലക്ഷം രൂപയുടെ കർട്ടനുകൾ,19.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ജാക്കൂസി, സോന, സ്പാ സൗകര്യങ്ങൾ.

ഇത് കൂടാതെ എട്ട് കിടപ്പുമുറികൾ, 12 ശുചിമുറികൾ, വിയറ്റ്നാമീസ് മാർബിളുകൾ, 75 ബോസ് സീലിംഗ് സ്പീക്കറുകൾ, ജിമ്മിലും അടുക്കളയിലും എന്തിന് ശുചിമുറികളിൽ വരെ ഘടിപ്പിച്ച 50 എയർ കണ്ടീഷണറുകൾ. സാധാരണക്കാരുടെ മുഖ്യമന്ത്രിയെന്ന് വാഴ്ത്തപ്പെട്ട നേതാവ് നയിച്ചിരുന്ന രാജകീയ ജീവിതത്തിൻ്റെ നേർക്കാഴ്ചയായിരുന്നു അത്. ഈ ആഡംബരങ്ങൾക്കിടയിൽ മാധ്യമങ്ങളെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ബംഗ്ലാവിനുള്ളിലെ ഒരു പ്രത്യേക മുറിയാണ്—‘ഫേസ്ബുക്ക് ലൈവ് റൂം’! കൊട്ടാരസമാനമായ ആ ബംഗ്ലാവിനുള്ളിൽ, ഈ ഒരൊറ്റ മുറിയിൽ മാത്രമാണ് വളരെ ലളിതമായ സൗകര്യങ്ങളുള്ളത്. കീറിയ ഒരു പഴയ തടിക്കസേരയാണ് ഇവിടെയുള്ളത്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതുജനങ്ങളുമായി സംവദിക്കാൻ കെജ്‌രിവാൾ ഫേസ്ബുക്ക് ലൈവുകൾ നടത്തിയിരുന്നത് ഈ മുറിയിലിരുന്നായിരുന്നു. താൻ ഇപ്പോഴും വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കെജ്‌രിവാൾ ഈ മുറി ഉപയോഗിച്ചിരുന്നതെന്ന് മന്ത്രി പർവേഷ് വർമ്മ പരിഹസിച്ചു. പൊതുജനങ്ങളുടെ നികുതിപ്പണം എങ്ങനെയാണ് ഇവിടെ ധൂർത്തടിച്ചതെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോർട്ട്.

പ്രാഥമികമായി 7.9 കോടി രൂപയായിരുന്നു ബംഗ്ലാവിൻ്റെ നവീകരണത്തിനായി കണക്കാക്കിയിരുന്ന എസ്റ്റിമേറ്റ്. എന്നാൽ എസ്റ്റിമേറ്റ് തുകയേക്കാൾ 342 ശതമാനം അധികം ചെലവഴിച്ച് 33.66 കോടി രൂപയ്ക്കാണ് നവീകരണം പൂർത്തിയാക്കിയതെന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ 18.88 കോടി രൂപ ആഡംബര-പുരാവസ്തുക്കൾക്കായി മാത്രം ചെലവഴിച്ചു. എന്നാൽ 2023-24 വർഷങ്ങളിലെ ചെലവുകൾ കൂടി കൂട്ടിയാൽ യഥാർത്ഥ തുക 56 കോടി രൂപ വരുമെന്നാണ് പർവേഷ് വർമ ആരോപിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് ഡൽഹിയിലെ ജനങ്ങൾ ഓക്സിജനും ചികിത്സയ്ക്കും വേണ്ടി നെട്ടോട്ടമോടുമ്പോഴാണ് ഈ കൊട്ടാരത്തിൻ്റെ പണി നടന്നതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. "വാഗൺആർ കാറിൽ രാഷ്ട്രീയത്തിലെത്തിയ കെജ്‌രിവാൾ നേരെ ശീഷ് മഹലിൻ്റെ പാർക്കിങ്ങിലേക്കാണ് വണ്ടിയോടിച്ചത്" എന്ന് മുൻപ് രാഹുൽ ഗാന്ധിയും പരിഹസിച്ചിരുന്നു.

2015 മുതൽ 2024 ഒക്ടോബറിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതുവരെ കെജ്‌രിവാൾ ഇവിടെയാണ് താമസിച്ചിരുന്നത്. ക്യാമറ ദൃശ്യങ്ങൾ വിശ്വാസമില്ലാത്തവർക്ക് നേരിട്ട് വന്ന് കാണാമെന്നാണ് ഡൽഹി സർക്കാരിന്റെ വാഗ്ദാനം. ഇതിനായി ശീഷ് മഹൽ ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് വഴി ഏകദേശം 20 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ബംഗ്ലാവ് സന്ദർശിക്കാനാകുമെന്നാണ് സൂചന. മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമായിരിക്കും.

അതേസമയം, യമുന നദിയിലെ അതിരൂക്ഷമായ മലിനീകരണത്തിൽ നിന്നും ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങിയ വിഷയത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ബിജെപി ശീഷ് മഹൽ വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് ഡൽഹി എ.എ.പി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് തിരിച്ചടിച്ചു. സർക്കാർ ബംഗ്ലാവോ ഔദ്യോഗിക വാഹനമോ സുരക്ഷയോ സ്വീകരിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ഒരാളുടെ രാഷ്ട്രീയ യാത്രയാണ് 56 കോടിയുടെ ഈ ആഡംബര കൊട്ടാരത്തിൽ എത്തിനിൽക്കുന്നത്. രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം, പൊതുപ്രവർത്തനത്തിലെ ലാളിത്യവും വിശ്വാസ്യതയും എത്രത്തോളം പ്രധാനമാണെന്ന് ഓർമിപ്പിക്കുന്നതാണ് ഈ 'ശീഷ് മഹൽ' വിവാദം.

Stunning Sights of the Sheesh Mahal
പുതുകോവിഡിനെ എത്രമാത്രം ഭയക്കണം?

Related Stories

Delhi government exposes Arvind Kejriwal's 'Sheesh Mahal
A painting of a simple soup tin was auctioned for 83.89 crore rupees!
ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഉയരുന്ന പരാതികളിലും മാധ്യമവാർത്തകളിലും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിക്കുന്നു
Jio IPO