

ഏഷ്യയിലെ ഏറ്റവും ശക്തമായ ഫുട്ബോള്‍ രാജ്യങ്ങളിലൊന്ന്. മൂന്ന് തവണ തുടര്‍ച്ചയായി ഏഷ്യന്‍ കപ്പ് നേടിയ ടീം. ലോകകപ്പില്‍ അമേരിക്കയെ തോല്‍പ്പിച്ച് ചരിത്രം സൃഷ്ടിച്ച രാജ്യം. കാല്‍പന്തിന്റെ താളം ഇടനെഞ്ചിലിലേറ്റിയ ജനത. ഇത് ഇറാന്റെ ഫുട്‌ബോളിന്റെ കഥയാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം. അക്കാലത്ത് ടെഹ്‌റാനിലെ ബ്രിട്ടീഷ് എംബസിയിലെ ഉദ്യോഗസ്ഥര്‍ വൈകുന്നേരങ്ങളില്‍ വിചിത്രമായ ഒരു വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു തുകല്‍പന്തിനെ അവര്‍ മൈതാനത്തിന്റെ ഇരുവശങ്ങളിലേക്കും ആവേശത്തോടെ തട്ടിക്കളിച്ചു. ഇറാനികള്‍ അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കി നിന്ന, ആ പാച്ചിലാണ് ഫുട്ബോള്‍ എന്ന വികാരത്തിന്റെ വിത്തുകള്‍ ആദ്യമായി ആ മണ്ണില്‍ പാകിയത്.
ഈ കഥയില്‍ യഥാര്‍ത്ഥ വഴിത്തിരിവുണ്ടാകുന്നത് 1908-ലാണ്,, ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ഖുസെസ്താനിലെ മസ്ജിത് ഇ സുലൈമാന്‍ എന്ന വരണ്ടുണങ്ങിയ ഭൂമിയിലെ മണ്ണ് തുരന്ന് ബ്രിട്ടീഷ് എണ്ണക്കമ്പനികള്‍ പെട്രോളിയത്തിന്റെ ഉറവപൊട്ടിച്ചു. അതോടെ, മാറിയത് ഇറാന്റെ ചരിത്രം മാത്രമല്ല, കായിക ഭൂതകാലം കൂടിയായിരുന്നു. എണ്ണ ഖനനത്തിനായി കൂടുതല്‍ ബ്രിട്ടീഷുകാര്‍ അവിടേക്ക് ഒഴുകിയെത്തി. ജോലി കഴിഞ്ഞുള്ള വിരസത മാറ്റാന്‍ വൈകുന്നേരങ്ങളില്‍ അവര്‍ ആ മണ്ണില്‍ ഗോള്‍ വലകള്‍ കെട്ടി. പന്തിനു പിന്നാലെ ആര്‍പ്പുവിളികളോടെ പാഞ്ഞു.
ഒരു പന്തിനു പിന്നാലെ കുറേ പേര്‍ ഓടുന്നത് മാറി നിന്ന് നോക്കിയിരുന്ന ഇറാനിലെ കൗമാരക്കാരുടെ ഉള്ളിലേക്കും ഫുട്ബോള്‍ എന്ന കളിയുടെ ആവേശം മെല്ലെ മെല്ലെ പടര്‍ന്നു, അതാണല്ലോ കാല്‍പന്തു കളിയുടെ മാജിക്. തുണികള്‍ ചുരുട്ടിക്കൂട്ടി പന്തുണ്ടാക്കി, വിദേശികള്‍ കളിച്ചതുപോലെ തട്ടിക്കളിക്കാന്‍ തുടങ്ങി. ആ വിനോദം അവരെ പെട്ടെന്ന് തന്നെ കീഴടക്കി. പരുക്കന്‍ മണ്ണില്‍ വീണും മുറിവേറ്റും അവര്‍ ആ വിനോദത്തെ നെഞ്ചോട് ചേര്‍ത്തു. വര്‍ഷങ്ങള്‍ കടന്നുപോയി. തെരുവുകളില്‍ നിന്ന് തുടങ്ങിയ ആ പന്തുകളി 1920-കളില്‍ ഔദ്യോഗിക അസോസിയേഷനായി. 1941-ല്‍ അവര്‍ സ്വന്തം ജേഴ്സിയണിഞ്ഞ് 'ഇറാന്‍ ദേശീയ ടീം' എന്ന പേരില്‍ ആദ്യമായി അന്താരാഷ്ട്ര മൈതാനത്തേക്ക് ഇറങ്ങി. അങ്ങനെ, വിദേശികളായ എണ്ണ ഖനനക്കാര്‍ വിനോദത്തിനായി കൊണ്ടുവന്ന ആ തുകല്‍പ്പന്ത്, ഇന്ന് കോടിക്കണക്കിന് ഇറാനികളുടെ ഹൃദയമിടിപ്പായി മാറി.
1968 ഇറാന്‍ ആദ്യമായി ഏഷ്യന്‍ കപ്പ് നേടിയ വര്‍ഷം. അന്ന് ഇറാനോട് തോറ്റത് ഇസ്രയേല്‍. അതൊരു തുടക്കം മാത്രമായിരുന്നു. 1972-ലും 1976-ലും വീണ്ടും കിരീടം. തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ കപ്പുകൾ. ഇന്നും ആരും മറികടക്കാത്ത നേട്ടം. അക്കാലത്ത് ഏഷ്യയില്‍ ഇറാനെ തോല്‍പ്പിക്കുക എന്നത് അസാധ്യം തന്നെയായിരുന്നു. ഈ മൂന്ന് ടൂര്‍ണമെന്റുകളിലും, കളിച്ച ഒരു മത്സത്തില്‍ പോലും ഇറാന്‍ തോറ്റിട്ടില്ല. അതേ, ഏഷ്യന്‍ ഫുട്ബോളിലെ പേര്‍ഷ്യന്‍ സാമ്രാജ്യം. ഏഷ്യയിലെ അപ്രമാദിത്യം ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയായ ഫിഫ ലോകപ്പിലും തെളിയിക്കാന്‍ ഇറാന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്. കിരീടങ്ങളോ നോക്കൗട്ട് യോഗ്യതയോ അവകാശപ്പെടാനില്ലെങ്കിലും, രാഷ്ട്രീയവും കായികവുമായ അനവധി നാടകീയ നിമിഷങ്ങള്‍ നിറഞ്ഞതാണ് ഇറാന്റെ ലോകകപ്പ് ചരിത്രം.
1978 അര്‍ജന്റീനയില്‍ നടന്ന ലോകകപ്പ്. ഇറാന്‍ ആദ്യമായി ലോകവേദിയിലേക്ക് എത്തിയ വര്‍ഷം. ഏഷ്യന്‍ കപ്പിലെ ഹാട്രിക് കിരീട നേട്ടത്തിന്റെ ഗരിമയുമായാണ് വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ഹോളണ്ടിനോടും പെറുവിനോടും തോറ്റെങ്കിലും, മുന്‍ ലോകചാമ്പ്യന്മാരായ സ്‌കോട്ട്ലന്‍ഡിനെ 1-1 ന് സമനിലയില്‍ തളച്ച് ഇറാന്‍ ലോകത്തെ ഞെട്ടിച്ചു. ഇറാന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റായിരുന്നു അത്. ഇറാനിയന്‍ താരം ഇറാജ് ദാനായിഫര്‍ ആണ് രാജ്യത്തിന്റെ ആദ്യ ലോകകപ്പ് ഗോള്‍ നേടിയത്. ഇതുവരെ ഏഴ് തവണ ഇറാന്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അതില്‍ നൂറ്റാണ്ടിന്റെ മത്സരം എന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ് 1998 ലെ ഫ്രാന്‍സ് ലോകകപ്പ്. പല കാരണങ്ങള്‍ക്കൊണ്ട് ചരിത്രത്തില്‍ സ്വര്‍ണ ലിപികളില്‍ എഴുതപ്പെട്ട ലോക കായിക മാമാങ്കം. സ്വന്തം മണ്ണില്‍ നടന്ന മത്സരത്തില്‍ ഫ്രാന്‍സ് ആദ്യമായി ലോക കിരീടത്തില്‍ മുത്തമിട്ടു, സിനദീന്‍ സിദാന്‍ എന്ന ഇതിഹാസത്തിന്റെ ഉദയം.
ഇസ്ലാമിക വിപ്ലവത്തിനും ഇറാന്‍-ഇറാഖ് യുദ്ധത്തിനും ശേഷം 20 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ലോകവേദിയിലേക്ക് തിരിച്ചെത്തിയ ആ വേള്‍ഡ് കപ്പ് ഇറാനും പ്രിയപ്പെട്ടതാണ്. കായികവും രാഷ്ട്രീയവും വൈകാരികവുമായ പല കാരണങ്ങള്‍ അതിനുണ്ടായിരുന്നു. ഈ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ പരീക്ഷണങ്ങളിലൂടെയാണ് ആ രാജ്യവും അവരുടെ ഫുട്ബോളും കടന്നു പോയത്. ഇറാന്‍ ഫുട്ബോളില്‍ അലി ദാഇ, ഖോദാദാദ് അസീസി തുടങ്ങിയ സുവര്‍ണ്ണ തലമുറയുടെ കാലമായിരുന്നു അത്. ഈ ലോകകപ്പിലാണ് ഫുട്ബോള്‍ ചരിത്രത്തിലെ വിഖ്യാതമായ ആ മത്സരം നടക്കുന്നത്. ഇറാന്‍ vs യുഎസ്എ ! ഗ്രൂപ്പ് എഫില്‍ ജര്‍മനി, യൂഗോസ്ലോവിയ എന്നിവര്‍ക്കൊപ്പം യുഎസ്എയും ഇറാന്റെ ഗ്രൂപ്പിലായിരുന്നു. ഇന്നത്തേതിന് സമാനമായി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും തകര്‍ന്ന നിലയില്‍.
അതുകൊണ്ട് തന്നെ ജൂണ്‍ 21 ന് ലിയോണില്‍ നടന്ന ഇറാന്‍-യുഎസ്എ മത്സരത്തിന് യുദ്ധത്തിന്റെ പ്രതീതിയുണ്ടായിരുന്നു. ശത്രുരാജ്യങ്ങള്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്നു. താരങ്ങള്‍ ഹസ്തദാനം ചെയ്യുമോ എന്നതില്‍ വരെ സസ്പെന്‍സും ആശങ്കയും. പക്ഷെ, യുഎസ് താരങ്ങള്‍ക്ക് വെളുത്ത റോസാപ്പൂക്കള്‍ സമ്മാനിച്ച്,, കളിക്കളത്തിലെ പരസ്പര ബഹുമാനത്തിന് പുതിയൊരു മാതൃക ഇറാന്‍ കാണിച്ചു. ഒന്നിച്ച് ഒരു ഗ്രൂപ്പ് ഫോട്ടോയും. കായിക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗ്രൂപ്പ് ഫോട്ടോകളില്‍ ഒന്ന് തീര്‍ച്ചയായും അതായിരിക്കും.
പക്ഷെ, മത്സരം തുടങ്ങിയതോടെ, ഈ സമാധാന അന്തരീക്ഷമെല്ലാം മാറി. തങ്ങളേക്കാള്‍ കരുത്തരായ രാജ്യത്തെ,, മൈതാനത്ത് തോല്‍പ്പിക്കുക എന്നത് ഇറാന്‍ താരങ്ങളുടെ ജീവന്‍മരണ പോരാട്ടമായിരുന്നു. മത്സരത്തിന്റെ 40ാം മിനുട്ട്. ഹമീദ് എസ്തിലിയുടെ മനോഹരമായ ഹെഡ്ഡര്‍ ഗോളിലൂടെ ഇറാന്‍ മുന്നിലെത്തി. ഗോള്‍ നേടിയ ശേഷം കരഞ്ഞു കൊണ്ട് മൈതാനത്തിലൂടെ ഓടുന്ന എസ്തിലി ഫുട്ബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടുണ്ടാകും. 83-ാം മിനിറ്റില്‍ അലി ദാഇയുടെ പാസിൽ മെഹ്ദി മഹ്ദവികിയ ഇറാന്റെ രണ്ടാം ഗോളും നേടി. കളിയുടെ അവസാന നിമിഷങ്ങളില്‍ ബ്രയാന്‍ മക്ബ്രൈഡ് ഒരു ഗോള്‍ മടക്കി നല്‍കിയെങ്കിലും മത്സരം 2-1 ന് ഇറാന്‍ സ്വന്തമാക്കി.
ലോകകപ്പില്‍ ഇറാന്റെ ആദ്യ ജയം, അതും അമേരിക്കയ്ക്കെതിരെ. 90 മിനിട്ട് നീണ്ടു നിന്ന വെറുമൊരു ഫുട്ബോള്‍ മത്സരം മാത്രമായിരുന്നില്ല അവര്‍ക്കത്. ചെറുത്തു നില്‍പ്പിന്റെ പ്രതീകമായ പോരാട്ടമായിരുന്നു. അന്ന് ഇറാന്റെ തെരുവുകളില്‍ ജനങ്ങള്‍ പുലരുവോളം നൃത്തം ചെയ്ത് ആഘോഷിച്ചു. ആ ലോകകപ്പില്‍ ഇറാന്റെ കുതിപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ അവസാനിച്ചെങ്കിലും, കളിച്ച മൂന്ന് മത്സരങ്ങളിലും മികച്ച പോരാട്ടവീര്യം പുറത്തെടുക്കാന്‍ അവര്‍ക്കായി. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി മടങ്ങിയെങ്കിലും,, യുഎസിനെതിരായ ആ ഒരൊറ്റ വിജയം മതിയായിരുന്നു, 98 ലെ ലോകകപ്പ് ഇറാന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഏടാകാന്‍.
അലി ദാഇ ഈ പേരില്ലാതെ ഇറാന്റെ ഫുട്ബോള്‍ ചരിത്രം പൂര്‍ത്തിയാകില്ല. ഇറാന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ രാജാവ് എന്ന പദവിക്ക് അര്‍ഹനായ ഒരേയൊരു കളിക്കാരനേ ഉള്ളൂ, അത് അലി ദാഇയാണ്. റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതാന്‍ റൊണാള്‍ഡോയും മെസിയും അവതരിക്കുന്നതിന് മുമ്പ് അതെല്ലാം സ്വന്തം പേരിലെഴുതിയ ഇതിഹാസം. ടീം മെല്ലിയുടെ സ്ട്രൈക്കറും നായകനുമായ അലി ദാഇ, ലോക ഫുട്ബോളിന് മുന്നില്‍ ഇറാന്റെ അടയാളം. പ്രതിരോധ കോട്ടകളെ തകര്‍ത്ത് മുന്നേറുന്ന നായകനെ പേര്‍ഷ്യന്‍ ഭാഷയില്‍ രാജാവ് എന്നര്‍ഥം വരുന്ന ഷെഹരിയാര്‍ എന്നാണ് ആരാധകര്‍ വിളിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ ഇറാന്റെ ഗോള്‍ മെഷീന്‍. ഇറാന്‍ ദേശീയ ടീമിനു വേണ്ടി കളിച്ച 148 മത്സരങ്ങളില്‍ നിന്ന് നേടിയത് 109 ഗോളുകള്‍. അന്താരാഷ്ട്ര ഫുട്ബോളില്‍ നൂറ് ഗോളുകള്‍ തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ താരം. നീണ്ട പതിനഞ്ച് വര്‍ഷം ഈ റെക്കോര്‍ഡ് അയാളുടെ പേരില്‍ മാത്രമായിരുന്നു. 2021 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍ക്കുന്നതു വരെ.
ഏഷ്യയിലെ പ്രഗത്ഭരായിട്ടും ഇറാനിയന്‍ താരങ്ങള്‍ക്ക് യൂറോപ്യന്‍ ക്ലബ്ബുകളില്‍ വലിയ മാര്‍ക്കറ്റുണ്ടായിരുന്നില്ല. ആ കാലത്താണ് അലി ദാഇ ജര്‍മന്‍ ലീഗായ ബുന്ദസ് ലിഗയില്‍ എത്തുന്നത്. പിന്നീട് ബയേണ്‍ മ്യൂണിക് വരെ അദ്ദേഹം വളര്‍ന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യത്തെ ഏഷ്യന്‍ താരം ആരാണെന്നതിന് ഉത്തരം അലി ദാഇ എന്നാണ്. ചാമ്പ്യന്‍ലീഗില്‍ ചെല്‍സിയുടേയും എസി മിലാന്റെയും ഗോള്‍ വലകള്‍ കുലുക്കി അയാള്‍ പേര്‍ഷ്യന്‍ ഫുട്ബോളിന്റെ പോരാട്ടവീര്യം ലോകത്തിന് കാണിച്ചു കൊടുത്തു. ഏഷ്യന്‍ ഫുട്ബോളില്‍ ഇറാന്‍ സാമ്രാജ്യമായിരുന്നെങ്കില്‍ ആ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി അലിയാണ്. ആ ടൂര്‍ണമെന്റില്‍ മാത്രം നേടിയത് 14 ഗോളുകള്‍. 96 ലെ ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. ഇറാന്റെ എതിരാളി ശക്തരായ ദക്ഷിണ കൊറിയ,, ആ മത്സരത്തില്‍ 6-2 നാണ് ഇറാന്‍ ജയിച്ചത്. ഇറാന്റെ ആറ് ഗോളുകളില്‍ നാലെണ്ണം പായിച്ചത് അലി ദാഇയുടെ ബൂട്ടില്‍ നിന്ന്. ഇന്നും ഏഷ്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നാണിത്. 1999-ല്‍ ഏഷ്യയിലെ മികച്ച ഫുട്ബോളറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
പുതിയൊരു ലോകകപ്പിന് ഇറാൻ ഇറങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്, മറ്റൊരു യുഎസ്എ-ഇറാന്‍ മത്സരത്തിനുള്ള സാധ്യതകള്‍ വിരളമാണെങ്കിലും അമേരിക്ക കൂടി കോ ഹോസ്റ്റായ ലോകകപ്പില്‍ ഇറാന്‍ എത്തിയത് മിനാബില്‍ കൊല്ലപ്പെട്ട പിഞ്ചുമക്കളുടെ ഓര്‍മകളുമായാണ്.168 എന്ന് രേഖപ്പെടുത്തിയ ജാക്കറ്റ് ധരിച്ച് ഇറാന്‍ താരങ്ങള്‍ എത്തിയത് യുഎസിനും ലോകത്തിനുമുള്ള അവരുടെ നിശബ്ദ മറുപടിയാണ്. ഇന്ന് ഇറാന്‍ ലോക ഫുട്‌ബോളിന്റെ രാജാക്കന്മാരല്ല. ലോകകപ്പ് കിരീടവും അവരുടെ അലമാരയിലില്ല. പക്ഷേ ഏഷ്യന്‍ ഫുട്‌ബോളിന്റെ ചരിത്ര പുസ്തകം തുറന്നാല്‍, മൂന്ന് ഏഷ്യന്‍ കപ്പുകളും, അലി ദാഇയുടെ റെക്കോര്‍ഡുകളും, യുഎസ്എക്കെതിരായ ആ വിജയവും അവിടെ എഴുതപ്പെട്ടു കിടക്കുന്നു. അതേ, ചില ടീമുകള്‍ ട്രോഫികള്‍ കൊണ്ടാണ് ഓര്‍മിക്കപ്പെടുന്നത്. ചില ടീമുകള്‍ കഥകള്‍ കൊണ്ടും.