ഹരിഹരവർമയെന്ന രത്നവ്യാപാരി | ദുരൂഹ സാഹചര്യത്തിൽ

കൊലയാളികൾ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടും കൊല്ലപ്പെട്ട നിഗൂഢനായ ആ രത്നവ്യാപാരി ആരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കേരള പൊലീസിൻ്റെ ചരിത്രത്തിൽ അത്രമേൽ പ്രഹേളികയായി തുടരുന്നതാണ് ഹരിഹരവർമ്മ കൊലക്കേസ്...
ഹരിഹരവർമയെന്ന  രത്നവ്യാപാരി | ദുരൂഹ സാഹചര്യത്തിൽ
Source: News Malayalam 24X7
Published on
Updated on

മുന്നൂറ് കോടി രൂപയോളം വിലയുള്ള മൂവായിരത്തിലധികം രത്നങ്ങൾക്ക് കാവലിരുന്ന ഒരാൾ. രത്നങ്ങളെ സംബന്ധിച്ചും തൻ്റെ വ്യക്തിത്വത്തെ സംബന്ധിച്ചും കെട്ടുകഥകൾ ഉണ്ടാക്കിയും പലരെയും പറ്റിച്ചും ജീവിച്ചൊരു വ്യക്തി. ഒടുവിൽ അയാൾ മെനഞ്ഞ കഥ വിശ്വസിച്ച് രത്നം വാങ്ങാനെത്തിയവരാൽ കൊല ചെയ്യപ്പെടുന്നു. കൊലയാളികൾ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടും കൊല്ലപ്പെട്ട നിഗൂഢനായ ആ രത്നവ്യാപാരി ആരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കേരള പൊലീസിൻ്റെ ചരിത്രത്തിൽ അത്രമേൽ പ്രഹേളികയായി തുടരുന്നതാണ് ഹരിഹരവർമ്മ കൊലക്കേസ്.

2012 ഡിസംബർ 24ന് ഉച്ചയോടെ വട്ടിയൂർക്കാവ് നെട്ടയംപുതൂർക്കോണം ഓംകാരം എന്ന വീട്ടിൽ നിന്ന് പൊലീസിലേക്ക് ഒരു ഫോൺ വരുന്നു. വിളിച്ചത് അഡ്വ. ഹരിദാസ്. തൻ്റെ സുഹൃത്തും മാവേലിക്കര രാജകുടുംബാംഗവുമായ ഡോ. ഹരിഹരവർമയെ ഒരു സംഘം കൊലപ്പെടുത്തി. തന്നെയും ഹരിഹരവർമയെയും ബന്ധനസ്ഥരാക്കി അദ്ദേഹത്തിൻ്റെ പക്കലുണ്ടായിരുന്ന രത്നങ്ങൾ സംഘം കവർന്നെന്നും അഡ്വ. വെളിപ്പെടുത്തി. ഇതോടെ പൊലീസ് സംഘം നേരെ ഓംകാരം എന്ന വീട്ടിലേക്ക്.

അഡ്വ. ഹരിദാസിൻ്റെ മകളുടെ പേരിലുള്ള വീട്ടിലാണ് ഹരിഹരവർമ രത്ന ഇടപാട് നടത്തിയത്. വാങ്ങാനെത്തിയവർ കർണാടകയിലെ മന്ത്രി പുത്രനും സംഘവും. ഇടനിലക്കാരനായി സുഹൃത്തും അഭിഭാഷകനുമായ ഹരിദാസും. പണം സംബന്ധിച്ച തർക്കത്തിനിടെ സംഘം ഹരിഹരവർമ്മയെ ആക്രമിച്ചു. ക്ലോറോഫോം നൽകി ബോധം കെടുത്തിയും കഴുത്തു ഞെരിച്ചും കൊലപാതകം. തടയാനെത്തിയ തന്നെയും ആക്രമിച്ചെന്നും ഹരിദാസ് പൊലീസിനോട് വിവരിച്ചു. വാണിജ്യ വകുപ്പ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന കടയ്ക്കൽ സ്വദേശി വിമലാദേവിയാണ് ഹരിഹരവർമയുടെ ഭാര്യ. ഇതോടെ കേസിൻ്റെ പ്രധാന്യം മനസിലാക്കി ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തേക്ക്.

ഒരു തുമ്പുമില്ലാതിരുന്ന കേസിൽ നിർണായകമായത് ആറു മാസം മുമ്പുള്ള ഒരു ഫോൺ വിളി. ചെറിയൊരു തുമ്പിൽ നിന്ന് അന്വേഷണം തുടങ്ങിയ പൊലീസ് ഏഴു ദിവസത്തിനുള്ളിൽ പ്രതികളെ മുഴുവൻ ബാംഗ്ലൂരിൽ നിന്ന് പിടികൂടി. ഒന്നാം പ്രതി അജീഷ് മാസങ്ങൾക്ക് മുമ്പ് തന്നെ ഹരിഹരവർമയുമായി രത്ന ഇടപാടിന് ബന്ധപ്പെട്ടിരുന്നു. എന്നാൽ അത്ര വിശ്വാസം വരാത്തതിനാൽ വർമ ഇയാളെ ഒഴിവാക്കി. രത്നങ്ങൾ കാണിക്കുന്നതിനും വർമ ഇടപാടുകാരിൽ നിന്ന് പണം വാങ്ങിയിരുന്നു. ഷോ മണി എന്ന പേരിലാണ് 50,000 മുതൽ ഒരു ലക്ഷം രൂപവരെ ഈ തരത്തിൽ പണം കൈപ്പറ്റിയിരുന്നത്. ഏത് വിധേയനെയും രത്നങ്ങൾ കൈക്കലാക്കാൻ തീരുമാനിച്ച സംഘം ഗൂഢാലോചന നടത്തുന്നതിന് മാത്രമായി ഏലൂരിൽ വീട് വാടകയ്ക്ക് എടുത്തു. ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാർഥികളും സ്വകാര്യ കോളേജ് സീറ്റ് കച്ചവട ഇടപാടുകൾ നടത്തുകയുമായിരുന്ന രാഗേഷ്, രഖിൽ, ജോസഫ് എന്നിവരെയും കുറ്റ്യാടി സ്വദേശി അജീഷിനെയും ഒപ്പംകൂട്ടി. ആശയവിനിമയത്തിന് മാത്രമായി വ്യാജ രേഖകളിലൂടെ സിമ്മുകൾ സംഘടിപ്പിച്ചു. കേന്ദ്രമന്ത്രിയായിരുന്ന അഴഗിരിയുടെ ബന്ധു രംഗരാജൻ എന്നു പരിചയപ്പെടുത്തിയാണ് ജിതേഷ് വീണ്ടും വർമയെ ബന്ധപ്പെടുന്നത്. കന്നഡ അറിയാവുന്ന ജോസഫിനെ കർണാടക മന്ത്രിയുടെ മകനായും അവതരിപ്പിച്ചു. കൊലപാതകം നടത്തണമെന്ന് പ്രതികൾക്ക് ഉദ്ദേശ്യമില്ലായിരുന്നു. രത്നങ്ങൾ കവരുകയായിരുന്നു ലക്ഷ്യം. ഇതിനൊക്കെ ഒത്താശ ചെയ്തതാകട്ടെ സുഹൃത്ത് അഡ്വ. ഹരിദാസും.

ഹരിഹരവർമയെന്ന  രത്നവ്യാപാരി | ദുരൂഹ സാഹചര്യത്തിൽ
ഉപയോഗിച്ചാലും ഇല്ലെങ്കിലും പണം പോകുന്ന ഹെലികോപ്‍റ്റര്‍... കരാര്‍ പുതുക്കുമോ സതീശന്‍ സര്‍ക്കാര്‍?

അസിസ്റ്റൻ്റ് കമ്മിഷണർ കെ.ഇ. ബൈജു, സർക്കിൾ ഇൻസ്പെക്ർ ആർ. പ്രതാപൻ നായർ എന്നിവരുടെ നേതൃത്വത്തിൽ മികച്ച അന്വേഷണമാണ് കേരള പൊലീസ് നടത്തിയത്. കോടതി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു. അഡ്വ. ഹരിദാസിനെ ആറാം പ്രതിയാക്കി. കൊലയാളികളെ മുഴുവൻ പിടിച്ചു. മോഷ്ടിച്ചത് ഉൾപ്പെടെ മൂവായിരത്തിലധികം രത്നങ്ങളും കണ്ടെടുത്തു. അപ്പോഴേക്കും അന്വേഷണസംഘത്തിന് മുമ്പിൽ മറ്റൊരു ഉത്തരം കിട്ടാത്ത ചോദ്യം രത്നങ്ങൾക്കിടയിൽ നിന്ന് ഫണമുയർത്തി നിന്നു. ആരാണ് ഹരിഹരവർമ? എവിടെ നിന്നാണ് അയാൾക്കീ നിധി ശേഖരം? കേരള പൊലീസിനെ ഇന്നും കുഴയ്ക്കുന്ന ആ സമസ്യ തുടങ്ങുന്നത് അങ്ങനെയാണ്.

മരതകം, പുഷ്യരാഗം, മാണിക്യം, ഇന്ദ്രനീലം, പവിഴം, വൈഡൂര്യം ഉൾപ്പെടെ 3647 രത്നങ്ങൾ. കൂടാതെ മരതക ഗണപതികളും മരതക മാലകളും. ഇതിൽ 341 മുത്തുകളിൽ വിളക്കിച്ചേർക്കലുകൾ ഉണ്ടെന്നത് ഒഴിച്ചാൽ എല്ലാം പ്രകൃതിദത്തമായവ. ഇത്രയും രത്നങ്ങൾ ഹരിഹരവർമയ്ക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് ഭാര്യ വിമലാ ദേവിക്ക് അറിയില്ല. ഭർത്താവിൻ്റെ രത്നവ്യാപാരത്തെ കുറിച്ചും ഒന്നും അറിയില്ലെന്ന് വ്യക്തമാക്കിയ വിമലാദേവി മറ്റ് ചിലത് പൊലീസിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അറിഞ്ഞു. ഹരിഹരവർമ എന്ന പേരും മാവേലിക്കര രാജകുടുംബാംഗം എന്നതും ഉൾപ്പെടെ തന്നോട് പറഞ്ഞതൊക്കെ കള്ളം. മാവേലിക്കര രാജകുടുംബ തായ്വഴികളിലൊന്നും ഹരിഹരവർമയെന്ന ഒരാളില്ല. അപ്പോഴേക്കും പാലക്കാട് നിന്ന് ഗിരിജ മേനോൻ എന്ന സ്ത്രീയും ഹരിഹരവർമ ഭർത്താവാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തി. അതും കല്യാണ ഫോട്ടോകൾ ഉൾപ്പടെയുള്ള തെളിവുകളുമായി. പൂഞ്ഞാർ രാജകുടുംബാംഗം എന്നായിരുന്നു ഗിരിജയോട് പറഞ്ഞിരുന്നത്. ഇതോടെ ഹരിഹരവർമ്മ ആരെന്ന ചോദ്യത്തിന് പിന്നിലായി പൊലീസ്.

ഹരിഹരവർമയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന രണ്ട് തെളിവുകളാണ് അന്വേഷണസംഘത്തിന് ആദ്യം ലഭിച്ചത്. ഒന്ന്, മട്ടാഞ്ചേരി ഗുജറാത്തി സ്കൂളിലെ രേഖ പ്രകാരമുള്ള തിരിച്ചറിയൽ കാർഡ്, മറ്റൊന്ന് കോയമ്പത്തൂർ റേസ്കോഴ്സ് ക്ലബിന് സമീപം രാമനാഥപുരം കരുണാനിധി നഗറിലെ വാടക വീട് വിലാസത്തിലെടുത്ത പാസ്പോർട്ട്. ഗുജറാത്തി സ്കൂളിലെ രേഖ വ്യാജമെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ അന്വേഷണം കോയമ്പത്തൂരിലേക്ക്. കോയമ്പത്തൂരിൽ താമസിച്ചിരുന്നതായി ഭാര്യമാരോട് ഇയാൾ നേരത്തെ പറഞ്ഞിരുന്നു. വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥൻ്റെ വീട്ടിലായിരുന്നു വാടകയ്ക്ക് താമസം. മറ്റൊരു നിർണായക വിവരം കൂടി പൊലീസിന് ലഭിച്ചു. ഇയാൾക്കൊപ്പം പതിനേഴും പതിനെട്ടും വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. വളർത്തുമക്കൾ എന്നാണ് പറഞ്ഞിരുന്നത്. പെൺകുട്ടികൾ അഡിഗ സമുദായത്തിൽപ്പെട്ടവരാണെന്ന് അറിഞ്ഞ പൊലീസ് ആ വഴിക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ വർമയെ പോലെ പെൺകുട്ടികളെ കുറിച്ചും ഇന്നും ഒരു വിവരവുമില്ല. ഹരിഹരവർമ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്ന വിവരങ്ങൾ ലഭിച്ചെങ്കിലും ആ അന്വേഷണത്തിലും വർമ്മയുടെ ഭൂതകാലം കണ്ടെത്താനായില്ല. രാജ്യത്തെ വിവിധ രാജകുടുംബങ്ങളുമായും പൊലീസ് ബന്ധപ്പെട്ടു. എന്നാൽ വർമയും വർമയുടെ പക്കലെ നിധിശേഖരവും നിഗൂഢമായി തുടർന്നു.

ഇതിനിടെ കൊലക്കേസ് വിചാരണ കോടതിയിലെത്തി. 244 രേഖകളും 142 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 72 സാക്ഷികളെ വിസ്തരിച്ചു. കൊല്ലപ്പെട്ടത് ആരാണെന്ന് പോലും അറിയാത്ത കേസിൻ്റെ വിചാരണ പ്രോസിക്യൂഷന് വെല്ലുവിളിയായിരുന്നു. കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാത്ത കേസിൻ്റെ സാധുത പ്രതിഭാഗം ചോദ്യം ചെയ്തെങ്കിലും കൊലപാതകം നടന്നതായി തെളിഞ്ഞാൽ കേസ് നിലനിൽക്കുമെന്ന സുപ്രീംകോടതി ഉത്തരവ് മുൻനിർത്തിയുള്ള പ്രോസിക്യൂഷൻ വാദത്തെ കോടതി മുഖവിലയ്ക്കെടുത്തു. അഞ്ചു പ്രതികൾക്ക് ജീവപര്യന്തം. ആറാംപ്രതി അഡ്വ. ഹരിദാസിനെ വെറുതേ വിട്ടു.

പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നാലു പ്രതികളുടെ ഇരട്ട ജീവപര്യന്തം ജസ്റ്റിസുമാരായ എ. ഹരിപ്രസാദും എൻ. അനിൽകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശരിവച്ചു. എന്നാൽ അഞ്ചാംപ്രതി ജോസഫിനെ സംശയത്തിൻ്റെ ആനുകൂല്യത്തിൽ കോടതി വെറുതേവിട്ടു. അഡ്വ. ഹരിദാസിനെ വെറുതേവിട്ട കീഴ്ക്കോടതി ഉത്തരവിനെതിരെ വർമ്മുടെ ഭാര്യമാർ സമർപ്പിച്ച ഹർജിയും 2020 ആഗസ്റ്റിൽ ഹൈക്കോടതി തള്ളി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ജിതേഷ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയും 2023 ഫെബ്രുവരിയിൽ തള്ളിയിരുന്നു.

അപ്പോഴും ഹൈക്കോടതി ഉൾപ്പെടെ ചോദിച്ച ഒരു ചോദ്യമുണ്ട്. കൊല്ലപ്പെട്ട ഹരിഹരവർമ്മ എന്നയാൾ യഥാർഥത്തിൽ ആരാണ്? മൂന്ന് തവണ കോടതി നിർദേശ പ്രകാരം അന്വേഷണം നടത്തിയെങ്കിലും ആ മനുഷ്യനെ കണ്ടെത്താൻ പൊലീസിനായില്ല. ഭൂതകാലത്തെക്കുറിച്ച് ഒരു തുമ്പും തരാതെ ലക്ഷക്കണക്കിന് രൂപയുടെ നിധികുംഭവുമായി നടന്ന, പിന്നീട് കൊല്ലപ്പെട്ട അതിരൂഢനായ ആ രത്നവ്യാപാരി ഇപ്പോഴും അജ്ഞാതനായി തുടരുന്നു.

News Malayalam 24x7
newsmalayalam.com