

ആകാശയാത്ര ആർഭാട യാത്രയാണ് എന്ന മലയാളിയുടെ വിലയിരുത്തൽ അത്ര പെട്ടന്നൊന്നും മാറില്ല; അത് വ്യക്തിയുടെതാണെങ്കിലും സർക്കാരാരിന്റെതാണെങ്കിലും. 2020ൽ കോവിഡ് കാലത്ത് പിണറായി വിജയൻ സർക്കാർ ഹെലികോപ്റ്റർ കരാറിനെടുത്തപ്പോൾ ഉയർന്ന അതേ വിവാദങ്ങൾ 2023 സെപ്റ്റംബറിലും നാം കണ്ടു. മുഖ്യമന്ത്രിയായപ്പോൾ മുമ്പ് കടുത്ത വിമർശനമുയർത്തിയ വി.ഡി. സതീശൻ, ഹെലികോപ്റ്ററിൽ നടത്തിയ സ്വകാര്യ സന്ദർശനം വിവാദമാകുകയും ചെയ്തിരുന്നു. ഒരുകാലത്ത് “ഖജനാവ് കാലിയാക്കി, ആകാശയാത്രയുടെ ധൂർത്ത്” എന്ന് വിലപിച്ച വി.ഡി. സതീശനും സംഘവും ഇന്ന് അതേ ഭരണ നിയന്ത്രണത്തിന്റെ കാബിനിൽ തന്നെ കയറിയിരിക്കുമ്പോഴാണ് പ്രതിമാസം 80 ലക്ഷം രൂപ മുടക്കി പൊലീസിനായി വാടകക്കെടുത്തിരിക്കുന്ന ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ കരാർ പുതുക്കണമോ എന്ന ഫയൽ സർക്കാരിന് മുന്നിൽ തീരുമാനത്തിന് കാത്തിരിക്കുന്നത്. ഇതിൽ എന്ത് തീരുമാനമെടുക്കും എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. കേരള രാഷ്ട്രീയത്തിൽ ഏറെ പരിചിതമായ ആവർത്തന വിരസമായ ഒരു നാടകത്തിന് കൂടി അരങ്ങൊരുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
വീണ്ടും പറക്കുമോ, ‘സർക്കാർ ഹെലികോപ്റ്റർ’ ?
പ്രതിമാസം 80 ലക്ഷം രൂപ. 25 മണിക്കൂർ പറക്കാം. അതിനുമുകളിൽ ഓരോ മണിക്കൂറിനും 90,000 രൂപ. പറന്നാലും പറക്കാതിരുന്നാലും ഈ തുക നൽകണം. അതാണ് ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്ററിന്റെ വാടകക്കരാർ. സംസ്ഥാന പൊലീസിന്റെ മൂന്നുവർഷ വാടകക്കരാർ പൂർത്തിയാകുകയാണെങ്കിലും വേണമെങ്കിൽ കരാറിൽ രണ്ട് വർഷത്തേക്കുകൂടി ഇതേ നിരക്കിൽ തുടരാനുള്ള വ്യവസ്ഥയുണ്ട്. അങ്ങനെയാണെങ്കിൽ കരാർ പുതുക്കി ഇതേ നിരക്കിൽ 2028 വരെ ഹെലികോപ്‌റ്റർ ഉപയോഗിക്കാം.
പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം, അടിയന്തര സാഹചര്യങ്ങള്‍, മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ മേഖലയിലെ അടിയന്തര യാത്രകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹെലികോപ്റ്റര്‍ തുടരേണ്ടതുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ മൂന്നുമാസം മുമ്പുതന്നെ സർക്കാരിനോട് ശുപാർശ ചെയ്തുകഴിഞ്ഞു. ആഭ്യന്തര വകുപ്പിന്റെ പരിശോധനയ്ക്കുശേഷം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് അയച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി ഡൽഹിയിൽനിന്ന് തിരിച്ചെത്തിയാൽ അന്തിമതീരുമാനമുണ്ടാകുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറയുന്നത് വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും തീരുമാനം ഉടനുണ്ടാകുമെന്നുമാണ്. അതേസമയം പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹെലികോപ്റ്റര്‍ കരാര്‍ തുടരണമോ എന്ന കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് തീരുമാനം മുഖ്യമന്ത്രിയുടെ കോർട്ടിലേക്കിടുന്നുമുണ്ട് അദ്ദേഹം .
കാത്തിരിക്കുന്നത് മറ്റൊരു വിവാദമോ ?
ഹെലികോപ്റ്റര്‍ പ്രണയം യുഡിഎഫ് സര്‍ക്കാർ തുടർന്നാൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കാത്തിരിക്കുന്നത് മറ്റൊരു രാഷ്ട്രീയ വിവാദം തന്നെയാണ് എന്നതിൽ സംശയമില്ല. 2020ലെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൽ കോവിഡ് കാലത്താണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവൻ ഹാൻസിൽ നിന്ന് ആദ്യമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെയും തീരദേശ സുരക്ഷയുടെയും പേര് പറഞ്ഞ് 20 മണിക്കൂർ പറക്കാൻ പ്രതിമാസം 1.7 കോടി ചെലവ് വരുന്ന കരാറിൽ ഏർപ്പെട്ട സർക്കാരിനെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷം അതിഗുരുതര ആരോപണങ്ങളുമായാണ് രംഗത്തെത്തിയത്. കോവിഡ് മഹാമാരിയിലെ സാമ്പത്തിക ദുരന്തത്തിൽ സർക്കാരും ജനങ്ങളും വലഞ്ഞിരുന്ന കാലത്ത് മുൻകൂറായി കമ്പനിക്ക് 1.5 കോടി രൂപ കൈമാറുക കൂടി ചെയ്തതോടെ കടുത്ത സാമ്പത്തിക ധൂർത്താണെന്ന ആക്ഷേപത്തിലേക്കും വലിയ രാഷ്ട്രീയ വിവാദത്തിലേക്കും അത് വഴിവച്ചു. 2021 ഏപ്രിലിൽ കരാർ കാലാവധി തീർന്നതോടെ വാടകയും മറ്റ് ചെലവുകളുമായി സർക്കാരിന് വന്ന ചെലവ് 22.21കോടി രൂപ. അന്ന് രൂക്ഷ വിമർശനമുയർത്തിയ രമേശ് ചെന്നിത്തലയാണ് ഇന്ന് ആഭ്യന്തര മന്ത്രി.
സ്വന്തം വാക്കുകൾ ബൂമറാങ്ങായി
മാവോയിസ്റ്റ് വേട്ട, അതീവ സുരക്ഷാ നിരീക്ഷണം എന്ന പേരിൽ തന്നെയാണ് പ്രതിമാസം 80 ലക്ഷം രൂപയെന്ന ഭീമമായ വാടകയ്‌ക്ക് 2023 സെപ്റ്റംബറിൽ പിണറായി മന്ത്രിസഭക്കാലത്ത്, സംസ്ഥാന പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് ധൂര്‍ത്താണെന്ന കടുത്ത വിമർശനമുയർത്തിയത്; അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചെലവ് ചുരുക്കണമെന്ന് അടിക്കടി ഉപദേശിക്കുന്ന പിണറായി വിജയൻ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആ തീരുമാനം തിരുത്തണമെന്നാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം നിരന്തരം ആവർത്തിച്ചപോന്നിരുന്നത്. കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതില്ല എന്ന മനോരോഗമാണ് സതീശൻ ഉയർത്തുന്നതെന്ന് പറഞ്ഞ് ഭരണ പക്ഷവും ആ വിവാദങ്ങളെ പ്രതിരോധിച്ചു.
ഒരു കാലത്ത് സംസ്ഥാന ഖജനാവ് പൂട്ടാനിരിക്കുമ്പോൾ ആകാശയാത്ര നടത്തുന്നത് ധൂർത്താണെന്ന് പറഞ്ഞ വി.ഡി. സതീശൻ അതേ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രിയായിരിക്കെ സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി പറന്നപ്പോഴാണ് കൈയിൽ നിന്നുപോയ ആരോപണശരങ്ങൾ ബൂമറാങ് പോലെ തിരിച്ചെത്തിയത്. ഓഗസ്റ്റിലെ കൊച്ചി യാത്രക്കിടയിൽ ഔദ്യോഗിക പരിപാടികൾക്കൊപ്പം ആശുപത്രിയിലുള്ള ഭാര്യാപിതാവിനെ സന്ദർശിച്ച സംഭവം ഉയർത്തിയ വിവാദം ചെറുതായിരുന്നില്ല. ഔദ്യോഗിക പരിപാടികൾക്കായാണ് യാത്രയെന്നും അതിനിടയിൽ ആശുപത്രിയിലുള്ള ഭാര്യാപിതാവിനെ സന്ദർശിച്ചുവെന്നുമായിരുന്നു സതീശന്റെ വിശദീകരണം. ഔദ്യോഗിക ആവശ്യമെന്ന് പറഞ്ഞാലും, പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ “ധൂർത്ത്” എന്ന വാക്കിന്റെ പഴി അദ്ദേഹത്തെ പിൻതുടരുന്നുണ്ട്. കരാർ അവസാനിക്കുമ്പോൾ സതീശൻ സർക്കാർ എടുക്കുന്ന തീരുമാനം കേവലം ഒരു ഗവൺമെന്റ് ഫയൽ തീർപ്പാക്കൽ മാത്രമാകാതിരിക്കുന്നതും സ്വന്തം രാഷ്ട്രീയ വിശ്വാസ്യതയുടെ ഉരകല്ല് കൂടിയാകുന്നതും ഈ പശ്ചാത്തലത്തിലാണ്.
ഹെലികോപ്റ്റര് വെറുതെ കിടന്ന് നഷ്ടമായ കോടികള്‍
ഹെലികോപ്റ്റർ കരാർ സാമ്പത്തിക ബാധ്യതയായി മാറുമെന്ന് പറയുന്നതിനു പിന്നിൽ മറ്റൊരുപ്രധാന കാരണം കൂടിയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാവോയിസ്റ്റ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ഫണ്ടില്‍ നിന്നാണ് ഹെലികോപ്റ്ററിന്റെ വാടക തുക കണ്ടെത്തിയിരുന്നത്. എന്നാല്‍, കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി കുറഞ്ഞ പശ്ചാത്തലത്തില്‍ കേന്ദ്രം ഈ ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചു. ഇതോടെ പ്രതിമാസം നല്‍കേണ്ട 80 ലക്ഷം രൂപ എവിടെനിന്ന് കണ്ടെത്തുമെന്നറിയാതെ ആഭ്യന്തര വകുപ്പ് ഏറെ കുഴങ്ങിയിരുന്നു. പ്രതിവര്‍ഷം 20 കോടിയാണ് കേന്ദ്രം നല്‍കിയിരുന്നത്. ഇപ്പോള്‍ അഞ്ചുകോടിയില്‍ താഴെ മാത്രമേ ലഭിക്കുന്നുള്ളൂ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മാത്രം വാടക ഇനത്തില്‍ ചിപ്‌സണ്‍ ഏവിയേഷന്‍ കമ്പനിക്ക് സംസ്ഥാനം നല്‍കിയത് 28.8 കോടി രൂപയാണ്. 11സീറ്റുള്ള ഫ്രഞ്ച് നിര്‍മിത ഇരട്ട എന്‍ജിന്‍ കോപ്റ്ററിന്റെ ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെ ശമ്പളം, പാര്‍ക്കിങ് ഫീസ് സഹിതമാണ് ഇത്രയും വാടക. പല മാസങ്ങളിലും ഹെലികോപ്റ്റര്‍ വെറുതെ കിടന്നിട്ടും കോടികള്‍ കമ്പനിയുടെ അക്കൗണ്ടിലേക്ക് ഒഴുക്കേണ്ടി വന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എവിടെയൊക്കെയാണ് ഹെലികോപ്റ്റർ പറന്നതെന്ന് ഇതുവരെയും സർക്കാർ വെളിപ്പെടുത്തിയിട്ടുമില്ല.
ഈ കരാർ തുടരണോ?
സംസ്ഥാനത്ത് അവയവദാനവത്തിനായി പത്തോളം തവണ ഇക്കഴിഞ്ഞ കരാർ കാലയളവിൽ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. വയനാട് ദുരന്തകാലത്തും അവയവദാന വേളകളിലും ഹെലികോപ്റ്റർ ജീവൻ രക്ഷാ ഉപാധിയാണെന്നതിൽ തർക്കമില്ല. പ്രതിമാസ സ്ഥിര വാടകക്കരാർ ഉണ്ടായിരുന്നില്ലെങ്കിലും, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2015-ൽ അവയവമാറ്റ ശസ്ത്രക്രിയ പോലുള്ള അടിയന്തര ജീവൻരക്ഷാ ദൗത്യങ്ങൾക്ക് നാവികസേനയുടെ ഡോർണിയർ വിമാനം ഉപയോഗിച്ചിട്ടുണ്ട്. സർക്കാരിന് ഏകദേശം ആറ് ലക്ഷം രൂപ ഈ ചെലവിനത്തിൽ വഹിക്കേണ്ടി വന്നു. 2011ൽ പുല്ലുമേട് ദുരന്തം സംഭവിച്ചപ്പോൾ നാവികസേനയുടെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നു. അത്യാഹിത ഘട്ടങ്ങളിൽ മിനിറ്റുകൾക്കകം ലക്ഷ്യസ്ഥാനത്ത് എത്താൻ ആകാശമാർഗം അനിവാര്യമാണ്. ആവശ്യമുള്ളപ്പോൾ മാത്രം ചാർട്ടേഡ് ചെയ്യുന്ന 'പേ-ആസ്-യൂ-ഗോ' രീതിയാണ് കൂടുതൽ ഉചിതമെന്ന ശുപാർശകളും ഉയരുന്നുണ്ട്. പക്ഷേ, ഉപയോഗിച്ചാലും ഇല്ലെങ്കിലും പണം പോകുന്ന ഇപ്പോഴത്തെ കരാർ മാതൃക സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് എത്രത്തോളം സഹിക്കാവുന്നതാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.