ഉത്കണ്ഠയും പേടിയും സർവസാധാരണയായി മനുഷ്യരിൽ ഉണ്ടാകുന്നതാണ്. അത് പോലെ തന്നെയാണ് ചിന്തയും, പ്രവൃത്തിയും മനുഷ്യരിൽ കടന്നുവരുന്നതും. എന്നാൽ ഈ ചിന്തയും പ്രവൃത്തിയും അമിതമായാലോ? അത് നമ്മുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. ഇതാണ് ഒസിഡി എന്ന അവസ്ഥയിലേക്ക് എത്തുന്നത്. അമിതമായ ചിന്തയോ, അമിതമായി ചെയ്യുന്ന പ്രവൃത്തിയെയോ ആണ് ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ അല്ലെങ്കിൽ ഒസിഡി എന്നു പറയുന്നത്.
ഒസിഡി എന്നതിനെ പറ്റി കൃത്യമായ ധാരണ ഇല്ലാത്തവർ പോലും അവർക്ക് ഒസിഡി ആണെന്നാണ് കരുതപ്പെടുന്നത്. തുടരെ തുടരെ ഏതെങ്കിലും ഒരു കാര്യം ചെയ്യാനോ, ചിന്തിക്കാനോ പ്രേരിപ്പിക്കുന്നത് എന്താണോ അതാണ് ഒസിഡി. ഒരു പ്രയോജനവും ഇല്ലെന്ന് അറിഞ്ഞിട്ടും അനവശ്യമായ കാര്യങ്ങൾ ചിന്തിച്ച് കൂട്ടി ഉത്കണ്ഠപ്പെടുന്നു. അമിതമായ ചിന്തകളും പ്രവൃത്തികളും മാത്രമല്ല, ആ അവസ്ഥയിൽ നിന്നും പുറത്തുകടക്കാൻ പറ്റാതെ, നിയന്ത്രണം വിട്ടുപോകുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതും ഒസിഡിയുടെ ഭാഗമാണ്.
മുറിയിലോ, നിത്യവും ഇടപഴകുന്ന എവിടെ ആണെങ്കിലും, പൊടി ഉണ്ടോ, വൃത്തിഹീനമായി കിടക്കുന്നുണ്ടോ എന്ന ചിന്തയും അത് പെട്ടെന്ന് വൃത്തിയാക്കി, നല്ല രീതിയിൽ സൂക്ഷിക്കാനുള്ള ആവേശവും ജീവിതത്തിൻ്റെ ഭാഗമായി ഉണ്ടാകുന്നതാണ്. ഇതൊന്നും ഒസിഡിയുടെ രോഗലക്ഷണങ്ങളല്ല. അടുക്കും ചിട്ടയുമായ ജീവിതരീതി ഒരു നല്ല ശീലമാണ്. വൃത്തിഹീനമായി കിടക്കുന്ന സ്ഥലം വൃത്തിയാക്കുന്നത് നല്ലൊരു ശീലമാണ്.
എന്നാൽ വൃത്തിയായി കിടക്കുന്ന സ്ഥലം വീണ്ടും വൃത്തിയാക്കിയാലോ, വൃത്തിയായി ഇരിക്കുന്ന കൈകൾ വീണ്ടും വീണ്ടും വൃത്തിയാക്കിയാലോ, ഗ്യാസ് സ്റ്റൗ ഓഫ് ആക്കിയാലും, ഇനി ഓഫാക്കാൻ മറന്നിട്ടുണ്ടാകുമോ, വാതിൽ അടക്കാതെ ആണോ പുറത്തേക്ക് ഇറങ്ങിയത് തൊക്കെ ഒരു വട്ടം ആലോചിക്കുന്നത് സാധാരണയാണ്. എന്നാൽ ഇത് മാത്രം ആവർത്തിച്ച് ചിന്തിച്ച് ആവലാതിപ്പെടുന്നതിൽ ഒരു അസ്വാഭാവിക തോന്നുന്നില്ലേ. അത് തന്നെയാണ് ഒസിഡി എന്നതിലേക്ക് വിരൽ ചൂണ്ടുന്നത്.
ഒസിഡിയുടെ മറ്റൊരു സവിശേഷത എന്ന് പറഞ്ഞാൽ അവനവൻ തന്നെയായിരിക്കും തനിക്ക് ആ രോഗം ഉണ്ടെന്ന് കണ്ടെത്തുന്നതും മറ്റുള്ളവരോട് പറഞ്ഞ് അത് സ്ഥാപിച്ചെടുക്കുന്നതും. എന്നാൽ വൃത്തി കൂടുതലാണ് എന്നു പറയുന്നവർക്ക് ഒസിഡി ഉണ്ടാകണമെന്നില്ല. സാധാരണയായി പിന്തുടരുന്ന വൃത്തിയെ പോലും പലരും ഒസിഡി ആണെന്നാണ് നിർവചിച്ചിരിക്കുന്നത്.
ഒസിഡി ഉള്ളവർ ആണെങ്കിൽ വൃത്തിയുടെ കാര്യത്തിൽ അവർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. ശാരീരികമായോ മാനസികമായോ മോശം അവസ്ഥയിൽ ആണെങ്കിൽ പോലും, അവർ എല്ലാം വൃത്തിയായി സൂക്ഷിക്കും. എന്നാൽ ഒസിഡിയാണ് എന്ന് അവകാശപ്പെടുന്നവർക്ക് ഒരു ദിവസം വൃത്തിയായി കിടന്നില്ലെങ്കിലും കുഴപ്പമില്ലെന്ന മനോഭാവമുള്ളവരാണ്. അണുക്കൾ പകരും എന്ന് കരുതി ടിഷ്യു പേപ്പർ ഉപയോഗിക്കുക, അടുത്ത് ഇരിക്കുന്ന ഏതെങ്കിലും ഒരാൾക്ക് അസുഖം ഉണ്ടെന്നോ, അത് പകരുമെന്നോ കരുതി അവരിൽ നിന്ന് മാറി നിൽക്കുക, കൈ ഇടയ്ക്കിടെ കഴുകുക. ഇതൊക്കെ ഒസിഡിയുടെ ഭാഗമായി ഉണ്ടാകുന്നവയാണ്.
ചികിത്സ
ഒസിഡിക്ക് കൃത്യമായ ചികിത്സ ഉണ്ട്. കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പിയാണ് പ്രധാനമായും ഒസിഡി ഉള്ളവർക്ക് നൽകുന്നത്. സൈകാട്രിക്-സൈക്കോളജിക്കൽ ചികിത്സകൾ ലഭ്യമാണ്. ഒസിഡി ആണെന്ന് പറഞ്ഞെത്തുന്നവർക്ക് കൃത്യമായ കൗൺസിലിങ് നൽകിക്കൊണ്ട് അവരെ അലട്ടുന്ന ചിന്തകളിൽ നിന്നും, പ്രവൃത്തികളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ഈ ചികിത്സാ രീതിയെ കൊണ്ട് അർഥമാക്കുന്നത്. കൃത്യമായ മനഃശാസ്ത്ര ചികിത്സ കൊണ്ട് ഒസിഡിയെ മാറ്റിയെടുക്കാൻ സാധിക്കും.
ഡോ. അഞ്ജു മിനേഷ്
(കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, ഋതു സെന്റർ ഫോർ സൈക്കോളജിക്കൽ വെൽനെസ്, എറണാകുളം)