

ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിർണായക നോക്കൗട്ട് പോരാട്ടത്തിനാണ് 2026 ഫിഫ ലോകകപ്പ് വേദിയാകുന്നത്. ജൂലൈ ആറിന് ഇന്ത്യൻ സമയം പുലർച്ചെ 1.30ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ, അഞ്ച് തവണ ചാംപ്യന്മാരായ ബ്രസീൽ യൂറോപ്യൻ കരുത്തരായ നോർവെയെ നേരിടും. ലോക ഫുട്ബോളിൽ എന്നും തിളക്കമാർന്ന ചരിത്രമുള്ള ലാറ്റിനമേരിക്കൻ സംഘത്തിന് പക്ഷേ, ഈ എതിരാളികൾക്കെതിരായ കണക്കുകൾ അത്ര സുഖകരമല്ല. അന്താരാഷ്ട്ര കരിയറിൽ തങ്ങൾക്കുള്ള ഏക കറുത്തപാട് മായ്ച്ചുകളയാൻ കൂടിയാണ് ഇന്ന് കാനറിപ്പട കളത്തിലിറങ്ങുന്നത്.
ചരിത്രം പരിശോധിച്ചാൽ കാനറികൾക്ക് ഒരിക്കൽ പോലും പരാജയപ്പെടുത്താൻ കഴിയാത്ത ഒരു ടീമാണ് നോർവേ. 1988ലെ ആദ്യ സൗഹൃദ മത്സരം 1-1 എന്ന സ്കോറിന് അവസാനിച്ചപ്പോൾ, 1997ൽ നോർവേ 4-2ന് ബ്രസീലിനെ അട്ടിമറിച്ചു. 1998ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഈ ലാറ്റിനമേരിക്കൻ വമ്പന്മാരെ 2-1ന് അട്ടിമറിച്ചത് നോർവേയുടെ എക്കാലത്തെയും വലിയ നേട്ടങ്ങളിലൊന്നാണ്. ഏറ്റവും ഒടുവിൽ 2006ൽ ഏറ്റുമുട്ടിയപ്പോഴും ഫലം സമനില (1-1) തന്നെയായിരുന്നു. ഈ അപരാജിത കുതിപ്പ് കാത്തുസൂക്ഷിക്കാൻ നോർവേ ശ്രമിക്കുമ്പോൾ, പതിറ്റാണ്ടുകളായുള്ള ഈ ശാപം മറികടക്കാനാണ് കാർലോ ആൻസലോട്ടിയുടെ മഞ്ഞപ്പട ലക്ഷ്യമിടുന്നത്.
മുൻ മത്സരങ്ങൾ: 4
ബ്രസീൽ വിജയിച്ചത്: 0
സമനില: 2
നോർവെ വിജയിച്ചത്: 2
ഈ ടൂർണമെൻ്റിൽ മികച്ച പ്രകടനത്തോടെയാണ് ഇരു രാജ്യങ്ങളും അവസാന പതിനാറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് സിയിൽ ഏഴ് ഗോളുകൾ നേടി ഒരെണ്ണം മാത്രം വഴങ്ങി 7 പോയിൻ്റുമായി അപരാജിതരായാണ് ബ്രസീലിയൻ മുന്നേറ്റം. തുടർന്ന് നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയാണ് അവരുടെ വരവ്. മറുവശത്ത് ഗ്രൂപ്പ് ഐയിൽ നിന്ന് 6 പോയിൻ്റ് സ്വന്തമാക്കി എത്തിയ നോർവേ, ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ 2-1ന് കീഴടക്കിയാണ് ബ്രസീലിന് മുന്നിലെത്തുന്നത്. അറ്റാക്കിംഗ് ശൈലിയെ കൂടുതലായി ആശ്രയിക്കുന്ന ഈ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ആരാധകർക്ക് മികച്ചൊരു കാഴ്ചവിരുന്ന് തന്നെ മൈതാനത്ത് പ്രതീക്ഷിക്കാം.
നോർവീജിയൻ ആക്രമണങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നത് അവരുടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ടാണ്. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി അഞ്ച് തവണ വലകുലുക്കിയ ഈ താരം ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ സജീവമാണ്. ഐവറി കോസ്റ്റിനെതിരെ 86ാം മിനിറ്റിൽ വിജയഗോൾ നേടിയതും അദ്ദേഹമായിരുന്നു. ഈ മുന്നേറ്റനിരക്കാരന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് ടീമിൻ്റെ എഞ്ചിനായി പ്രവർത്തിക്കുന്നു. പുറമെ അധികം ആഘോഷിക്കപ്പെടുന്നില്ലെങ്കിലും നിർണായക നീക്കങ്ങളിലൂടെ കളിമെനയുന്നതിൽ ഈ താരത്തിൻ്റെ പങ്ക് വളരെ വലുതാണ്.
മറുവശത്ത് പരിശീലകനായ കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിലാണ് ബ്രസീലിൻ്റെ സർവ്വ പ്രതീക്ഷയും. അദ്ദേഹം ടീമിൽ കൊണ്ടുവന്ന തന്ത്രപരമായ അച്ചടക്കവും, അതിവേഗത്തിലുള്ള ട്രാൻസിഷൻ ഗെയിമും നോർവെയുടെ പ്രതിരോധത്തെ കടുത്ത സമ്മർദ്ദത്തിലാക്കുമെന്ന് ഉറപ്പാണ്. വിനീഷ്യസ് ജൂനിയറിനെ പോലെയുള്ള ലോകോത്തര താരങ്ങൾ അവരുടെ നിരയിൽ ഏത് നിമിഷവും അപകടം വിതയ്ക്കാൻ കെൽപ്പുള്ളവരാണ്.
ഈ ടൂർണമെൻ്റിൽ ഇതിനോടകം ഇരട്ട ഗോളുകൾ ഉൾപ്പെടെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ വിനീഷ്യസ് ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്, വിനീഷ്യസിന് പുറമെ മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ബ്രൂണോ ഗ്യുമാറസിൻ്റേയും പ്രകടനം ബ്രസീലിന് നിർണായകമാകും. പ്രതിരോധത്തിൽ എഡർ മിലിറ്റാവോയുടെയും മാർക്കീഞ്ഞോസിൻ്റേയും പരിചയസമ്പത്തും അവർക്ക് കരുത്തേകും. ആൻസലോട്ടിയുടെ കൃത്യമായ പദ്ധതികളോടെ, എതിരാളികളുടെ ശക്തമായ പ്രതിരോധം തകർക്കാൻ കാനറികൾ ഇറങ്ങുമ്പോൾ ചരിത്രം വഴിമാറുമോ അതോ നോർവീജിയൻ ആധിപത്യം തുടരുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.