

നിങ്ങളുടെ ഏറ്റവും മികച്ച ഫുട്ബോൾ ലോകകപ്പ് ഓർമയെന്താണ്? ഒരു കൂട്ടർക്ക് ഹൃദയം നുറുങ്ങുന്ന വേദനയും... മറ്റൊരു കൂട്ടരെ ഹീറോസുമാക്കുന്ന സവിശേഷ വേദിയാണ് ഫുട്ബോൾ വേൾഡ് കപ്പ്. ഇന്നലെ നടന്ന ഡി.ആർ. കോംഗോ vs ഇംഗ്ലണ്ട് മത്സരം അത്തരത്തിലൊരു മികച്ച ഫുട്ബോൾ എക്സ്‌പീരിയൻസായിരുന്നു. അതിൽ നല്ല ഒന്നാന്തരം ഫൈറ്റുണ്ട്.... ഇമോഷനുണ്ട്... അണ്ടർ ഡോഗുകൾ സമ്മാനിച്ച നിരവധി ത്രില്ലിങ് മൊമെൻ്റുകളുണ്ട്. ഒടുക്കം... നായകൻ്റെ അനിവാര്യമായ ഉയിർത്തേഴുന്നേൽപ്പുണ്ട്, നമ്മൾ ഇഷ്ടപ്പെടുന്ന നിരവധി മുഖങ്ങളുടെ സംതൃപ്തി നിറഞ്ഞ ചിരിയോടെയാണ് ആ മാച്ച് അവസാനിച്ചത്! അതെ, അബ്സല്യൂട്ട് സിനിമ പോലൊരു മത്സരം!!
ഒരു നോക്കൗട്ട് മത്സരം അതിൻ്റെ ആരംഭദശയിൽ തന്നെ ഇത്രയും ത്രില്ലടിപ്പിക്കുമോ...? സംശയമാണ്... !! അര നൂറ്റാണ്ടിന് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തിയ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്ന ഡി.ആർ. കോംഗോയുടെ പോരാട്ടവീര്യമായിരുന്നു ഈ മത്സരത്തെ ഏറെ ത്രില്ലിങ് ആക്കി മാറ്റിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ആദ്യത്തെ നോക്കൗട്ട് മത്സരമാണ് അത്ലാൻ്റയിൽ അവരെ കാത്തിരുന്നത്... എന്നാൽ കരുത്തരായ ഇംഗ്ലീഷ് പടയെ ഭൂരിഭാഗം സമയവും വിറപ്പിച്ച് നിർത്തിയ ശേഷം... അവസാന നിമിഷങ്ങളിൽ അടിപതറിയെങ്കിലും തലയുയർത്തി തന്നെയാണ് ആ രാജ്യം അറ്റ്‌ലാൻ്റ സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്.
1974 ലോകകപ്പിൽ സയർ എന്ന പേരിൽ. ബെൽജിയത്തിന്റെ കോളനിയായിരുന്ന ഈ രാജ്യം ബെൽജിയൻ കോംഗോ, കോംഗോ കിൻഷാസാ തുടങ്ങിയ പേരുകളിലും ഫുട്‌ബോൾ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പൂർണമായും സ്വതന്ത്രമായ ശേഷം ഇതാദ്യമായാണ് ലോകകപ്പിനെത്തുന്നത്. ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ പോർച്ചുഗലിനെ വിറപ്പിച്ച് അവർ കയ്യടി നേടിയിരുന്നു. ഇംഗ്ലണ്ടിനെ പോലെ അതിവേഗ ഫുട്ബോൾ കളിക്കുന്ന രാജ്യത്തിനെതിരെ കോംഗോ പുറത്തെടുത്ത ഡിഫൻസീവ് ക്വാളിറ്റിയും,,ഹൈ പ്രസ്സിങ് എബിലിറ്റിയും,, കൗണ്ടർ അറ്റാക്കിങ് പാടവവും.. ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇംഗ്ലീഷുകാരുടെ ഫാസ്റ്റ് ഫുട്ബോളിനെ മെയ്ക്കരുത്തും അതിനെ വെല്ലുന്ന സംഘബലവും കൊണ്ട് കീഴ്പ്പെടുത്താൻ ആദ്യ പകുതിയിൽ കോംഗോയുടെ പോരാളികൾ വിജയിക്കുന്നതാണ് കണ്ടത്.
മത്സരത്തിൻ്റെ ഗതിക്കെതിരായി ആദ്യം വലകുലുക്കിയതും ഡി.ആർ കോംഗോ തന്നെയായിരുന്നു. ബ്രയാൻ സിപെംഗയിലൂടെ ഇംഗ്ലീഷ് ഗോളവല കുലുക്കുമ്പോൾ ലോകം വെട്ടിപ്പിടിച്ച പ്രതീതിയായിരുന്നു താരങ്ങളുടെ മുഖത്ത്. സിപെംഗയുടെ അക്രോബാറ്റിക് സെലിബ്രേഷനിൽ പോലും ആ ത്രിൽ നമുക്ക് ദൃശ്യമായിരുന്നു... ലോക ഫുട്ബോളിൻ്റെ മുറ്റത്തേക്ക് കസേര വലിച്ചിട്ടിരിക്കാൻ ഒരു ടീം കൂടി വന്നിരിക്കുന്നുവെന്ന വിളംബരം പോലെ തോന്നിച്ചു ടീമിൻ്റെയാകെ സെലിബ്രേഷൻ. ഹാരി കെയ്നിൻ്റെ ആ രണ്ട് ഗോളുകൾ ഇല്ലായിരുന്നെങ്കിൽ അവർ മറ്റൊരു ചരിത്രം രചിച്ചേനെ....
ആഫ്രിക്കൻ വമ്പന്മാർ ഏഴാം മിനിറ്റിൽ ഏൽപ്പിച്ച ആ വലിയ ഷോക്കിൽ നിന്ന് ഇംഗ്ലീഷ് പട മോചിതരാകാൻ രണ്ടാം പകുതി തുടങ്ങി പിന്നേയും 25 മിനിറ്റ് കൂടി കാത്തിരിക്കേണ്ടി വന്നു. ഇതിനിടയിലും ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഹാമും റാഷ്ഫോർഡുമൊക്കെ ഗോൾ നേടുന്നതിന് അടുത്ത് വരെയെത്തിയതാണ്. എന്നാൽ ഭാഗ്യവും അതിനേക്കാളുപരി കോംഗോ ഗോളി ലയണൽ എംപാസിയുടെ മിന്നൽ സേവുകളുമാണ് ടീമിനെ രക്ഷിച്ചത്. എന്നാൽ അമിത പ്രതിരോധത്തിലേക്ക് വലിയാതെ കൗണ്ടർ അറ്റാക്കിങ്ങിൽ കോംഗോ ശ്രദ്ധ കേന്ദ്രീകരിച്ചു. അതോടെ ഇംഗ്ലണ്ട് പ്രതിരോധം ആടിയുലഞ്ഞു. മത്സരം അൽപ്പം പരുക്കനുമായി. ബെല്ലിങ്ങാമും കോംഗോയുടെ നോവ സാദിക്കിയും മഞ്ഞക്കാർഡ് വാങ്ങി.
28-ാം മിനിറ്റിൽ എസ്രി കോൻസയും 30-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമും ഗോളിനടുത്തെത്തി. കോംഗോ ഗോളി ലയണൽ എംപാസിയുടെ തകർപ്പൻ സേവുകളാണ് ടീമിനെ രക്ഷിച്ചത്. പിന്നെയും തുടരെത്തുടരെ ഇംഗ്ലീഷ് മുന്നേറ്റങ്ങളുണ്ടായി. ഹാരി കെയ്നും റാഷ്ഫോർഡും സമനില ഗോൾ അടിക്കുമെന്ന് ഉറപ്പിച്ച നിമിഷങ്ങൾ. പക്ഷേ കോംഗോ വിട്ടുകൊടുക്കാൻ തയ്യാറായില്ല. കോംഗോ ഗോളി എംപാസിയുടെ സേവുകളാണ് ടീമിനെ രക്ഷിച്ചത്.
42-ാം മിനിറ്റിൽ കോംഗോ രണ്ടാം ഗോൾ നേടുമെന്ന് തോന്നിച്ചു. പക്ഷേ യോനെ വിസ്സയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. 45-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമിൻ്റെ തകർപ്പൻ ഹെഡർ കോംഗോ ഗോളി ഒറ്റ കൈ കൊണ്ടാണ് തടുത്തിട്ടത്. ആദ്യ പകുതി 1-0 ന് കോംഗോ മുന്നിട്ടുനിന്നു. പ്രതിരോധത്തിലേക്ക് വലിഞ്ഞാൽ തിരിച്ചടിനേരിടേണ്ടിവന്നേക്കാമെന്ന് കരുതി ആക്രമിച്ച് തന്നെയാണ് രണ്ടാം പകുതി കോംഗോ കളിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലീഷ് ബോക്‌സിലേക്ക് കോംഗോ വിങ്ങർമാർ കയറിയിറങ്ങി. ഇടതു വിങ്ങിലൂടെയായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ. അത് പ്രതിരോധിക്കാൻ ടുഷേലും സംഘവും നന്നായി ബുദ്ധിമുട്ടി.
ആന്തണി ഗോർഡനെയും ബുക്കായോ സാക്കയെയും ടുഷേൽ കളത്തിലിറക്കി. നിരന്തരം ആക്രമിച്ചുകളിച്ചു. ഒടുക്കം ഇംഗ്ലണ്ടിന്റെ തിരിച്ചടിയെത്തി. 75ാം മിനിറ്റിൽ ഹാരി കെയ്ൻ കിടിലൻ ഹെഡ്ഡറിലൂടെ ഗോൾ മടക്കി. സ്കോർ 1-1. അവിടെയും തീർന്നില്ല. ആക്രമണം തുടർന്ന ഇംഗ്ലണ്ട് പിന്നേയും കോംഗോ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടേയിരുന്നു. പിന്നാലെ രണ്ടാം ഗോളുമെത്തി. 86ാം മിനിറ്റിൽ ഉഗ്രൻ ഷോട്ടിലൂടെ കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ബോക്‌സിനുള്ളിൽ നിന്ന് പോസ്റ്റോ ഗോളിയേയോ നോക്കാതെ നിമിഷനേരം കൊണ്ട് ഷോട്ടുതിർത്തു. ഒരു ക്ലിനിക്കൽ ഫിനിഷറുടെ മാസ്റ്റർപീസ് ഗോൾ. അതോടെ ഇംഗ്ലീഷ് പട 2-1ന് മുന്നിൽ. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോഴും കോംഗോ താരങ്ങൾ തലയുയർത്തി തന്നെയാണ് കളം വിട്ടത്...
1966ലെ ലോകകപ്പ് ഫൈനലിനു ശേഷം ആദ്യമായി ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഒരു ഗോളിന് പിന്നിലായിരുന്ന ഇംഗ്ലണ്ട് ടീമിൻ്റെ ഈ തിരിച്ചുവരവ് തൻ്റെ ടീമിനുള്ളിൽ വളർന്നുവരുന്ന മികച്ച ക്യാരക്റ്ററിനെ ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇംഗ്ലീഷ് കോച്ച് തോമസ് ടുഷൽ പറയുന്നു. ഹാരി കെയ്നും സംഘവും ഇംഗ്ലണ്ട് ഇനി മെക്സിക്കോ സിറ്റിയിലേക്ക് പറക്കുക... അവിടെ ആസ്ടെക്ക സ്റ്റേഡിയത്തിൽ ആതിഥേയരായ മെക്സിക്കോയെ ആണ് അവർക്ക് നേരിടേണ്ടത്. അതും ഒരു വമ്പൻ പോരാട്ടം തന്നെയായിരിക്കും എന്നുറപ്പാണ്.