ഈജിപ്തിൻ്റെ ഹൃദയം തകർത്ത് എൻസോ ഫെർണാണ്ടസ് സൃഷ്‌ടിച്ച ചരിത്രമുഹൂർത്തം!

ലോകകപ്പ് ഗോളുകളുടെ ചരിത്രത്തിൽ 3000 എന്ന മാന്ത്രികസംഖ്യ തൊടുന്ന താരമെന്ന നേട്ടമാണ് ഫെർണാണ്ടസിൻ്റെ പേരിലായത്.
Enzo fernandez goal
Published on
Updated on

ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന നിമിഷം. അർജൻ്റീനയും ഈജിപ്റ്റും തമ്മിലുള്ള നോക്കൗട്ട് പോരാട്ടത്തിന്റെ ഇഞ്ചുറി ടൈം. കൃത്യമായി പറഞ്ഞാൽ 92-ാം മിനിറ്റ്. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് ഈജിപ്ഷ്യൻ പ്രതിരോധത്തെ മറികടന്ന് എൻസോ ഫെർണാണ്ടസിന്റെ തലയിൽ നിന്നും ആ പന്ത് ഈജിപ്റ്റിന്റെ വലകുലുക്കിയത്. അതൊരു രാജ്യത്തിന്റെ ലോകകപ്പ് മോഹങ്ങളുടെ അന്ത്യമായിരുന്നു, എന്നാൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നിന്റെ പിറവിയും. ലോകകപ്പ് ഗോളുകളുടെ ചരിത്രത്തിൽ 3000 എന്ന മാന്ത്രികസംഖ്യ തൊടുന്ന താരമെന്ന നേട്ടമാണ് ഫെർണാണ്ടസിൻ്റെ പേരിലായത്.

1930ൽ ഉറുഗ്വേയിൽ തുടങ്ങിയ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം നോക്കിയാൽ 1930 ജൂലൈ 13-ന് ഫ്രാൻസിന്റെ ലൂസിയൻ ലോറൻ്റ് മെക്സിക്കോയ്ക്കെതിരെ നേടിയ ഗോളിലൂടെയാണ് ലോകകപ്പ് ഗോൾവേട്ടയ്ക്ക് തുടക്കമാകുന്നത്. ലോകത്തെ വിസ്മയിപ്പിച്ച കായിക മാമാങ്കത്തിന്റെ ആദ്യത്തെ വെടിമുഴക്കമായിരുന്നു ആ ഗോൾ. അവിടുന്ന് ആദ്യത്തെ ആയിരം ഗോളുകൾ പൂർത്തിയാക്കാൻ ഫുട്ബോൾ ലോകത്തിന് 48 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 1978-ലെ ലോകകപ്പിൽ നെതർലൻഡ്‌സിന്റെ ഇതിഹാസ താരം റോബ് റെൻസെൻബ്രിങ്ക് സ്കോട്ട്‌ലൻഡിനെതിരെ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് ലോകകപ്പ് ചരിത്രം 1000 ഗോളുകൾ എന്ന മാന്ത്രിക സംഖ്യ തൊട്ടത്.

പിന്നീട് വെറും 28 വർഷങ്ങൾക്കുള്ളിൽ ലോകകപ്പ് ഗോളുകളുടെ എണ്ണം രണ്ടായിരത്തിലേക്ക് കുതിച്ചു. 2006 ജർമ്മൻ ലോകകപ്പിൽ സ്വീഡന്റെ മാർക്കസ് ആൽബാക്ക് ഇംഗ്ലണ്ടിനെതിരെ നേടിയ ഹെഡറിലൂടെയാണ് 2000 ഗോൾ എന്ന നാഴികക്കല്ല് പിന്നിട്ടത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ആ ചരിത്രനേട്ടമെങ്കിൽ, ഇന്ന് മൂവായിരമെന്ന ഈ സുപ്രധാന നാഴികക്കല്ലിനായി ഏറ്റവും നിർണായകമായ ഒരു നോക്കൗട്ട് സ്റ്റേജിലെ ഇഞ്ച്വറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു എന്നത് കളിയുടെ നാടകീയത ഇരട്ടിയാക്കുന്നു.

Enzo fernandez goal
ഈജിപ്ത് തുടക്കമിട്ടു, മെസിയും സംഘവും തീര്‍ത്തു; അര്‍ജന്റീന ക്വാര്‍ട്ടറില്‍

ആൽബാക്കിന്റെ ഗോളിൽ നിന്ന് 20 വർഷങ്ങൾക്ക് ശേഷം, മൂവായിരം ഗോൾ എന്ന ചരിത്ര നേട്ടത്തിലേക്ക് എൻസോ ഫെർണാണ്ടസ് നടന്നു കയറുമ്പോൾ, അത് കേവലമൊരു കണക്കുപുസ്തകത്തിലെ എൻട്രി മാത്രമല്ല. തോറ്റാൽ പുറത്താകുമെന്ന ജീവൻമരണ പോരാട്ടത്തിന്റെ ഏറ്റവും വലിയ സമ്മർദ്ദ നിമിഷത്തിൽ, 92-ാം മിനിറ്റിൽ പിറന്ന ആ ഒരൊറ്റ ഗോളിന് ഒരു ലോകകപ്പ് ഫൈനലിന്റെ ആവേശമുണ്ടായിരുന്നു. ഈജിപ്റ്റിന് ഇത് കണ്ണുനീരിന്റെ നിമിഷമാകാം, എന്നാൽ കാലം ഈ മത്സരത്തെ ഓർക്കാൻ പോകുന്നത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ അർജന്റീന നടത്തിയ ആവേശകരമായ ഒരു തിരിച്ചുവരവിന്റെയും അത് സൃഷ്ടിച്ച നാഴികക്കല്ലിന്റെയും കൂടി പേരിലാകും.

ലക്ഷക്കണക്കിന് കളിക്കാർ ബൂട്ടണിഞ്ഞ, നൂറുകണക്കിന് ഇതിഹാസങ്ങൾ മാറ്റുരച്ച ലോകകപ്പ് വേദികളിൽ ഒരു ഗോൾ നേടുക എന്നത് തന്നെ ഏതൊരു കളിക്കാരന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. അവിടെയാണ് എൻസോ ഫെർണാണ്ടസ് തന്റെ ഈ വിജയഗോളിലൂടെ ഫുട്ബോൾ ചരിത്രത്തിന്റെ സുവർണ്ണ ലിപികളിൽ തന്റെ പേര് കൊത്തിവെച്ചിരിക്കുന്നത്. ഇത് വെറുമൊരു വിജയഗോളിനപ്പുറം ലോക ഫുട്ബോളിന്റെ ഒരു നൂറ്റാണ്ടോളമുള്ള ചരിത്രവും പാരമ്പര്യവും പേറുന്ന ഒന്നാണ്.

News Malayalam 24x7
newsmalayalam.com