'നൂറ്റാണ്ടിലെ ചതി' മുതല്‍ ഫോക്ക്ലാൻഡ് യുദ്ധം വരെ; ഇംഗ്ലീഷ് അര്‍ജന്‍റീന വൈരത്തിന്‍റെ കണക്കുപുസ്തകം

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരം വെറും 90 മിനിറ്റിലെ ഫുട്ബോൾ കളിയല്ല. അതിന് പിന്നിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയവും ചരിത്രവുമുണ്ട്.
'നൂറ്റാണ്ടിലെ ചതി' മുതല്‍ ഫോക്ക്ലാൻഡ് യുദ്ധം വരെ; ഇംഗ്ലീഷ് അര്‍ജന്‍റീന വൈരത്തിന്‍റെ കണക്കുപുസ്തകം
Published on
Updated on

2026 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും വീണ്ടും ഏറ്റുമുട്ടുമ്പോൾ പലരും അതിനെ ഫോക്ക്ലാൻഡ് യുദ്ധത്തിനോട് ചേര്‍ത്ത് വയ്ക്കുന്നുണ്ട്. 1982 ല്‍ ദക്ഷിണ അറ്റ്ലാന്‍റിക്കിലെ ഫോക്ക്ലാൻഡ് എന്ന ദ്വീപിന് വേണ്ടി നടത്തിയ വെറും യുദ്ധമല്ല ഇത്. ഇരുരാജ്യങ്ങളുടെയും ദേശീയ അഭിമാനത്തിന്റെയും കോളനിവാഴ്ച ചരിത്രത്തിന്റെയും സൈനിക ശക്തിയുടെയും രാഷ്ട്രീയ നിലനിൽപ്പിന്റെയും പോരാട്ടമായിരുന്നു. ഇന്നും ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള ബന്ധത്തെയും, പ്രത്യേകിച്ച് ഫുട്ബോൾ മത്സരങ്ങളെയും ഈ യുദ്ധത്തിന്റെ ഓർമ്മകൾ സ്വാധീനിക്കുന്നു. 1982-ലെ യുദ്ധം പിന്നീട് ഉണ്ടായ ഫുട്ബോൾ പോരാട്ടങ്ങളില്‍ എന്നും പരാമര്‍ശിക്കപ്പെടുന്നു. കാരണം, ഈ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരം വെറും 90 മിനിറ്റിലെ ഫുട്ബോൾ കളിയല്ല. അതിന് പിന്നിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയവും ചരിത്രവുമുണ്ട്.

ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ അർജന്റീനയുടെ തീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് ഫോക്ക്ലാൻഡ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 3500-ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ബ്രിട്ടീഷ് വംശജരാണ്. അർജന്റീന ഈ ദ്വീപുകളെ "ഇസ്‌ലാസ് മാൽവിനാസ്" (Islas Malvinas) എന്നാണ് വിളിക്കുന്നത്. ബ്രിട്ടൻ ഫോക്ക്ലാൻഡ് ദ്വീപുകള്‍ എന്നാണ് ഉപയോഗിക്കുന്നത്. ഫ്രഞ്ച് നാവികരാണ് ആദ്യമായി ദ്വീപില്‍ എത്തിയത്. അവരില്‍ പലരും ഫ്രാൻസിലെ സെന്‍റ് മലോ എന്ന തുറമുഖ നഗരത്തിൽ നിന്നുള്ള നാവികരായതിനാല്‍ അവര്‍ ദ്വീപിന് ഇൽ മാലൂയിൻ എന്ന് പേരിട്ടു. എന്നാല്‍ പിന്നീട് സ്പാനിഷുകാര്‍ ഇത് മാൽവിനാസ് എന്നാക്കി മാറ്റി.

1690-ൽ ഇംഗ്ലീഷ് നാവികനായ ജോണ്‍ സ്ട്രേങ്ങ് ഈ ദ്വീപുകൾക്കിടയിലെ കടലിടുക്കിന് ഫോക്ക്ലാൻഡ് സൌണ്ട് എന്ന് പേരിട്ടു. അത് അന്നത്തെ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവായ വിസ്കോണ്ട് ഫോക്ക്ലാൻഡിന്‍റെ പേരിന് ആദരവായിട്ടായിരുന്നു ഇത്. പിന്നീട് ആ പേര് മുഴുവൻ ദ്വീപുസമൂഹത്തിനും ഉപയോഗിക്കപ്പെട്ടു. 18-ാം നൂറ്റാണ്ടുമുതൽ ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ എന്നിവ ഈ ദ്വീപുകളിൽ അവകാശവാദം ഉന്നയിച്ചിരുന്നു. ഒടുക്കം 1833-ൽ ബ്രിട്ടൻ ദ്വീപുകളുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ അർജന്റീന തുടർച്ചയായി അവകാശവാദം ഉന്നയിച്ചുകൊണ്ടിരുന്നു. 1970-80 കാലഘട്ടത്തില്‍ ഈ തർക്കം കൂടുതൽ രൂക്ഷമായി.

എന്നാല്‍ ഈ തര്‍ക്കം യുദ്ധത്തിലേക്ക് മാറിയത് 1982-ൽ അർജന്റീനയിൽ സൈനിക ഭരണകൂടം ഈ ദ്വീപുകള്‍ പിടിച്ചെടുത്ത് നടത്തിയ ആക്രമണത്തിലൂടെയാണ്. അർജന്റീനയിൽ അന്ന് സൈനിക ഭരണത്തിലായിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായിരുന്നു. സർക്കാരിനെതിരായ പ്രതിഷേധങ്ങളും വർധിച്ചു വരുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇത്തരം ഒരു അവസ്ഥയില്‍ നിന്നും രക്ഷനേടാന്‍ ദേശീയ വികാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക ഭരണാധികാരി ലിയോപോൾഡോ ഗാൽട്ടിയേരി ഫോക്ക്ലാൻഡ് ദ്വീപുകൾ പിടിച്ചെടുക്കാൻ തീരുമാനിച്ചതെന്നാണ് പല ചരിത്രകാരന്മാരുടെയും വിലയിരുത്തൽ. 1982 ഏപ്രിൽ 2-ന് അർജന്റീനൻ സൈന്യം ഫോക്ക്ലാൻഡ് ദ്വീപുകൾ പിടിച്ചെടുത്തു.

 England and Argentina soccer fans
England and Argentina soccer fans
'നൂറ്റാണ്ടിലെ ചതി' മുതല്‍ ഫോക്ക്ലാൻഡ് യുദ്ധം വരെ; ഇംഗ്ലീഷ് അര്‍ജന്‍റീന വൈരത്തിന്‍റെ കണക്കുപുസ്തകം
ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് റഫറിയെ പഴിച്ച് ഫ്രാൻസ്

ബ്രിട്ടീഷ് ഉരുക്കുവനിത എന്ന് അറിയിപ്പെടുന്ന മാർഗരറ്റ് താച്ചർ ആയിരുന്നു അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി. അര്‍ജന്‍റീനയുടെ ഈ അധിനിവേശം ദേശീയ അഭിമാനത്തിനുള്ള വെല്ലുവിളിയായി മാര്‍ഗറ്റ് തച്ചര്‍ എടുത്തു. തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ നിന്നും 13,000 കിലോമീറ്റർ അകലെയുള്ള ദ്വീപുകളിലേക്ക് മൂന്ന് സേനയെയും വിന്യസിക്കുന്ന വന്‍ നീക്കമാണ് പിന്നീട് കണ്ടത്. ആധുനിക നാവികയുദ്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസങ്ങളിലൊന്നായിരുന്നു ഇത്.

74 ദിവസം നീണ്ടു നിന്ന യുദ്ധമായിരുന്നു പിന്നീട് നടന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ കടലിലും ആകാശത്തും കരയിലും ശക്തമായ ഏറ്റുമുട്ടലുകൾ നടന്നു. ബ്രിട്ടീഷ് കപ്പലായ എച്ച്എംഎസ് ഷെഫ്ഫീല്‍ഡ് അർജന്റീനയുടെ എക്സോസെറ്റ് മിസൈൽ ആക്രമണത്തിൽ മുങ്ങി. ബ്രിട്ടീഷ് ആണവ അന്തർവാഹിനി എആര്‍എ ജനറല്‍ ബെല്‍ഗാര്‍ണോ അർജന്റീനൻ യുദ്ധക്കപ്പൽ തകർത്തു. ശക്തമായ ഏറ്റുമുട്ടലാണ് പിന്നീട് നടന്നത്. ഒടുവിൽ ബ്രിട്ടീഷ് സൈന്യം ഫോക്ക്ലാൻഡ് ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് സ്റ്റാൻലി പിടിച്ചു.1982 ജൂൺ 14-ന് അർജന്റീനൻ സൈന്യം കീഴടങ്ങി. 649 അർജന്റീനൻ സൈനികർ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. 255 ബ്രിട്ടീഷ് സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. ദ്വീപ് നിവാസികളായ സാധാരണക്കാരും മരണപ്പെട്ടിരുന്നു.

സൈനികമായും രാഷ്ട്രീയമായും ബ്രിട്ടനാണ് വിജയിച്ചത്. ഫോക്ക്ലാൻഡ് ദ്വീപുകൾ ഇന്നും ബ്രിട്ടന്റെ നിയന്ത്രണത്തിലാണ്. എന്നാൽ അർജന്റീന ഇന്നും ഈ ദ്വീപുകൾ തങ്ങളുടെ ഭാഗമാണെന്ന് ഔദ്യോഗികമായി അവകാശപ്പെടുന്നു. 2013-ൽ ഫോക്ക്ലാൻഡ് ദ്വീപുകളിൽ നടന്ന ജനഹിതപരിശോധനയിൽ 99 ശതമാനത്തിലധികം ആളുകളും ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ തുടരാൻ അനുകൂലമായി വോട്ടുചെയ്തു. എന്നാൽ അർജന്റീന ആ വോട്ടെടുപ്പ് ഇതുവരെ അംഗീകരിച്ചിട്ടില്ല. രാഷ്ട്രീയമായി യുദ്ധവിജയം മാർഗരറ്റ് താച്ചറുടെ ബ്രിട്ടനിലെ ജനപ്രീതി കുത്തനെ ഉയർത്തി. 1983-ലെ പൊതുതെരഞ്ഞെടുപ്പിൽ അവർ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി. അതേ സമയം യുദ്ധത്തിലെ പരാജയം അര്‍ജന്‍റീനയുടെ സൈനിക ഭരണത്തിന് അന്ത്യം കുറിച്ചു. 1983 ല്‍ ജനാധിപത്യം അര്‍ജന്‍റീനയില്‍ പുനസ്ഥാപിക്കപ്പെട്ടു.

ഈ യുദ്ധം ഫുട്ബോളിലേക്ക് വരുന്നത് നാല് വർഷത്തിനുശേഷമാണ് ലോക ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ മത്സരങ്ങളിലൊന്ന് നടക്കുന്നതോടെയാണ്. മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും ഏറ്റുമുട്ടി. ഈ മത്സരം സാധാരണ ഒരു ഫുട്ബോൾ മത്സരം മാത്രമായിരുന്നില്ല. അർജന്റീനക്കാർക്ക് അത് ഫോക്ക്ലാൻഡ് യുദ്ധത്തിന്റെ ഒരു മാനസിക പ്രതികാരമായിരുന്നു എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. 'ദൈവത്തിന്‍റെ കൈ', 'നൂറ്റാണ്ടിലെ ഗോള്‍' എന്നിവ സംഭവിച്ചത് ഈ കളിയിലാണ്. യുദ്ധത്തിന് മുന്‍പ് 1966 ലോകകപ്പില്‍ ഇംഗ്ലണ്ട് അര്‍ജന്‍റീനയെ 1-0ത്തിന് പരാജയപ്പെടുത്തിയിരുന്നു. അന്ന് ആ കളിയില്‍ മോശം റഫറിയിംഗാണ് തങ്ങളെ തോല്‍പ്പിച്ചത് എന്ന് പറഞ്ഞ് 'നൂറ്റാണ്ടിലെ മോഷണം' എന്ന് ആ മത്സരത്തെ വിശേഷിപ്പിച്ചവരാണ് അര്‍ജന്‍റീനക്കാര്‍. 'നൂറ്റാണ്ടിന്‍റെ ചതിക്ക്' ദൈവത്തിന്‍റെ കൈയ്യാല്‍ പ്രതികാരം എന്നാണ് ഈ മത്സരത്തെ പിന്നീട് മറഡോണ വിശേഷിപ്പിച്ചത്.

അതേ മത്സരത്തിൽ മറഡോണ സ്വന്തം പകുതിയിൽ നിന്ന് പന്ത് എടുത്ത് അഞ്ച് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് നേടിയ മറ്റൊരു ഗോൾ ഇന്നും ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിനെയാണ് 'നൂറ്റാണ്ടിലെ ഗോള്‍' എന്ന് വിശേഷിപ്പിക്കുന്നത്. അർജന്റീനയിലെ പലർക്കും ഈ വിജയം യുദ്ധത്തിൽ തോറ്റ രാജ്യത്തിന്റെ അഭിമാനം വീണ്ടെടുത്ത നിമിഷമായിരുന്നു ആ മത്സരം.

1998 ഫ്രാന്‍സ് ലോകകപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്നത്തെ ഇംഗ്ലീഷ് സൂപ്പര്‍താരം ഡേവിഡ് ബെക്കത്തിന് ചുവപ്പ് കാർഡ് ലഭിച്ചു. അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു. അടുത്ത ജപ്പാന്‍ കൊറിയ ലോകകപ്പില്‍ ഇരുടീമുകളും മരണഗ്രൂപ്പില്‍ ആയിരുന്നു. അന്ന് ഗ്രൂപ്പ് സ്റ്റേജില്‍ നടന്ന മത്സരം ഇംഗ്ലണ്ട് 1-0 ന് ജയിച്ചു. ഡേവിഡ് ബെക്കം പെനാൽറ്റിയിലൂടെ വിജയഗോൾ നേടി. 1998-ലെ പരാജയത്തിനുള്ള മറുപടിയായാണ് ഇംഗ്ലീഷ് ആരാധകർ ആഘോഷിച്ചത്. അന്ന് അര്‍ജന്‍റീന ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായി.

'നൂറ്റാണ്ടിലെ ചതി' മുതല്‍ ഫോക്ക്ലാൻഡ് യുദ്ധം വരെ; ഇംഗ്ലീഷ് അര്‍ജന്‍റീന വൈരത്തിന്‍റെ കണക്കുപുസ്തകം
വംശീയാധിക്ഷേപ വിവാദം: ഫ്രാന്‍സിനോട് മാപ്പു പറഞ്ഞ് അര്‍ജന്‍റീന

ഇന്നത്തെ ഇംഗ്ലീഷ്, അർജന്റീനൻ താരങ്ങളിൽ ആരും ഫോക്ക്ലാൻഡ് യുദ്ധത്തിൽ പങ്കെടുത്തവരല്ല. എന്നാൽ ആരാധകരുടെ ഓർമ്മയിൽ യുദ്ധവും മറഡോണയുടെ "Hand of God" ഗോളും ഇന്നും ജീവിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട്–അർജന്റീന മത്സരം വരുമ്പോൾ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ഫോക്ക്ലാൻഡ് യുദ്ധം വീണ്ടും ചർച്ചയാകും. ഇംഗ്ലണ്ടും അർജന്റീനയും ഇന്ന് നയതന്ത്രബന്ധം നിലനിർത്തുന്ന രാജ്യങ്ങളാണ്. വ്യാപാരവും സഹകരണവും ഉണ്ട്. എന്നാൽ ഫോക്ക്ലാൻഡ് ദ്വീപുകളുടെ പരമാധികാരത്തെച്ചൊല്ലിയുള്ള തർക്കം ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. പക്ഷെ പല അര്‍ജന്‍റീനന്‍ താരങ്ങളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടക്കം കളിക്കുന്നുണ്ട്. അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലെയണല്‍ മെസി ഇപ്പോള്‍ കളിക്കുന്നത് ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസമായ ബെക്കാമിന്‍റെ ക്ലബിലാണ്. മെസി എത്തുന്നു എന്ന് പറഞ്ഞപ്പോള്‍ താന്‍ കരഞ്ഞുപോയെന്ന് ബെക്കാം പറയുന്ന വീഡിയോ പിന്നീട് വൈറലായതാണ്. എന്നാലും ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള ഓരോ വലിയ ഫുട്ബോൾ മത്സരവും വെറും കായികമത്സരമല്ല. ചരിത്രവും ദേശീയ വികാരവും ചേർന്നൊരു ഏറ്റുമുട്ടലായി ലോകം കാണുന്നു.

News Malayalam 24x7
newsmalayalam.com