ഫിഫ ലോകകപ്പ് 2026ന് തുടക്കമായി! ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ഷെഡ്യൂൾ ഇവിടെ കാണാം

48 ടീമുകൾ ... 104 വീറുറ്റ മത്സരങ്ങൾ.... ഇനിയങ്ങോട്ടേക്ക് ലോകകപ്പ് ആരവം ഉച്ചസ്ഥായിയിൽ മുഴങ്ങിക്കേൾക്കാം.
FIFA World Cup 2026
Published on
Updated on

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026ന് തുടക്കമായി! ജൂൺ 11ന് അർധരാത്രി ഇന്ത്യൻ സമയം 11 മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ഷാക്കിറയുടേയും ബേർണ ബോയിയുടേയും ഡായ് ഡായ് ഗാനങ്ങൾക്കും നൃത്തച്ചുവടുകൾക്കുമൊപ്പം മെക്സിക്കോയിലെ ആദ്യ മത്സരം നടക്കുന്ന മെക്സിക്കോ സിറ്റി സ്റ്റേഡിയം തിളച്ചുമറിഞ്ഞതോടെ... ഇനി 39 ദിവസം നീളുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തിരി തെളിഞ്ഞു. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് മൂന്ന് രാജ്യങ്ങളിൽ ഒരേ സമയം ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.

അതേസമയം, ഫുട്ബോൾ എന്ന് കേട്ടാലേ ആവേശം കൊണ്ട് തുള്ളിച്ചാടുന്നവരാണ് നമ്മൾ മലയാളികൾ!! അപ്പോൾ മുന്നിലുള്ളത് ഫുട്ബോൾ ലോകകപ്പ് തന്നെയായാലോ!! കാൽപന്തു കളിയെ ജീവവായു പോലെ ശ്വസിക്കുന്ന നാടാണിത്. മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ, സാദിയോ മാനെ, എംബാപ്പെ, യമാൽ, ഹാലണ്ട്, സല, വിനീഷ്യസ്... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഹീറോസെല്ലാം നമുക്ക് അയൽവീട്ടിലെ പയ്യന്‍മാരെ പോലെ സുപരിചിതരാണ്... നാലു വർഷത്തിലൊരിക്കൽ മലയാളികൾ ഉത്സവമാക്കുന്ന... ഫുട്ബോൾ ലോകകപ്പ് മാമാങ്കത്തിനാണ് വടക്കേ അമേരിക്കയിൽ തുടക്കമായിരിക്കുന്നത്.

രണ്ട് മാസം മുമ്പ് കേരളത്തിൻ്റെ തെരുവുകളിൽ.. പിണറായി വിജയനും വി.ഡി. സതീശനും വേണ്ടിയെല്ലാം ഫ്ലക്സുകൾ ഉയർന്നിരുന്നെങ്കിൽ ഇപ്പോൾ കഥ മാറി.. !! "മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോയും ഹാരി കെയ്നും സാദി മാനേയുമെല്ലാം ഇപ്പോൾ അവിടെ സമഗ്രാധിപത്യം നേടിക്കഴിഞ്ഞു... ഇക്കുറി ലോകകപ്പ് നേടുമെന്ന വീരവാദങ്ങൾ മുഴക്കുന്ന".... ഭീമാകാരൻ കട്ടൗട്ടുകളും ഫ്ലക്സ് കേരളത്തിലെ പുഴകളും കായലുകളും കവലകളും കീഴടക്കിക്കഴിഞ്ഞു...

ചായക്കടകളിലും ബസ് സ്റ്റോപ്പുകളിലും ക്ലബ്ബുകളിലും.. എന്തിന് നാലാള് കൂടുന്നിടത്തെല്ലാം "ഫുട്ബോൾ ജ്വരം" കത്തിക്കയറുന്ന കാലമാണിത്! സോഷ്യൽ മീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലുമെല്ലാം ഇതിനോടകം ഫാൻസ് പോരുകളും ഫ്ലക്സ് പോരുകളും ആരംഭിച്ചിട്ടുണ്ട്.

48 ടീമുകൾ ... 104 വീറുറ്റ മത്സരങ്ങൾ

48 ടീമുകൾ ... 104 വീറുറ്റ മത്സരങ്ങൾ.... ഇനിയങ്ങോട്ടേക്ക് ലോകകപ്പ് ആരവം ഉച്ചസ്ഥായിയിൽ മുഴങ്ങിക്കേൾക്കാം... ഈ ലോകകപ്പ് കാലത്ത് നിങ്ങളോടൊപ്പം എന്നും കൂടെയുണ്ടാകും ന്യൂസ് മലയാളത്തിൻ്റെ ഗോളാവേശം... കട്ടയ്ക്ക് കൂടെ നിൽക്കണേ... ജൂൺ 11ന് അർധരാത്രി തുടങ്ങുന്ന ആദ്യ റൗണ്ട് പോരാട്ടങ്ങൾ ജൂൺ 28നാണ് അവസാനിക്കുക.

FIFA WORLD CUP 2026 Schedule
FIFA World Cup 2026
ജോട്ടയ്ക്കായി കിരീടമുയർത്താൻ പോർച്ചുഗൽ; 2026 ലോകകപ്പിനുള്ള പറങ്കിപ്പടയുടെ ടീം അവലോകനവും, സമ്പൂർണ്ണ ലോകകപ്പ് ചരിത്രവും!

പിന്നീട് ജൂൺ 29 മുതൽ ജൂലൈ നാല് വരെയുള്ള ഒരാഴ്ചക്കാലം... ലോകത്തെ ഏറ്റവും മികച്ച 32 ടീമുകൾ പരസ്പരം കൊമ്പുകോർക്കുന്ന ആദ്യ നോക്കൗട്ട് സ്റ്റേജ് മത്സരവും പിന്നീട് അരങ്ങേറും. 12 ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും.. ഒപ്പം ആദ്യ റൗണ്ടിൽ മികവ് പുലർത്തിയ മറ്റു എട്ട് മൂന്നാം സ്ഥാനക്കാർ കൂടി ചേരുമ്പോഴാണ് രണ്ടാം റൗണ്ടിലേക്കുള്ള 32 ടീമുകളെ നമുക്ക് ലഭിക്കുക.

Fifa world cup schedule JPG

ജൂലൈ 4ന് ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് 16 ടീമുകൾ പോരടിക്കുന്ന പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക. ക്വാർട്ടർ പോരാട്ടങ്ങൾ ജൂലൈ 10ന് പുലർച്ചെ 1.30ന് ആരംഭിക്കും. ജൂലൈ 15, 16 തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ... രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ജൂലൈ 19നാണ് ലോകം കാത്തിരിക്കുന്ന കിരീട പോരാട്ടം നടക്കുക. ഈസ്റ്റ് റുഥർ ഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടം പുലർച്ചെ 2.30നാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വീക്ഷിക്കാനാകുക.

News Malayalam 24x7
newsmalayalam.com